റിസര്‍വ് ബാങ്ക് പണനയം; ലോണ്‍ എടുത്തവരും നിക്ഷേപകരും ഇപ്പോള്‍ എന്ത് ചെയ്യണം?

2022 ഫെബ്രുവരി 10-ന് നടന്ന പണനയ യോഗത്തില്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനിച്ചു. വായ്പയെടുക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസമാകുമെങ്കിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് മാറ്റാത്തത് നിക്ഷേപകര്‍ക്ക് നിരാശ നല്‍കി.

സ്ഥിരനിക്ഷേപങ്ങളുടെ ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ നില്‍ക്കുന്ന ബാങ്കുകള്‍ പോലും ഇതോടെ നിരക്ക് ഉയര്‍ത്താതെ തുടരും.
നിലവില്‍ റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്കും യഥാക്രമം 4%, 3.35% എന്നിങ്ങനെ തുടരും.
റിപ്പോ നിരക്കില്‍ അവസാനമായി മാറ്റം വന്നത് ഒന്നര വര്‍ഷത്തിനു മുന്‍പാണ്. അതായത് കൃത്യമായി പറഞ്ഞാല്‍ 20 മാസത്തിലേറെയായി ഒരേ നിരക്കുകളാണ് തുടരുന്നത്. റിപ്പോ നിരക്കിലെ അവസാന മാറ്റം 2020 മെയ് 22 നായിരുന്നു. അന്ന് 4% ആയാണ് കുറച്ചത്. 2001 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
വരും നാളുകളില്‍ കാര്യങ്ങള്‍ മാറിയേക്കാം. സാമ്പത്തിക വളര്‍ച്ചയും പണപ്പെരുപ്പവും തമ്മിലുള്ള സന്തുലിതാവസ്ഥയിലാണ് സെന്‍ട്രല്‍ ബാങ്ക് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചതിനാല്‍ വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിലാണ് ആര്‍ബിഐയുടെ ശ്രദ്ധ എന്നു വ്യക്തമാണ്. എന്നിരുന്നാലും, പണപ്പെരുപ്പം ഉടന്‍ തന്നെ ആശങ്കയുണ്ടാക്കുമെന്ന് സൂചിപ്പിക്കുന്ന നിരവധി സൂചകങ്ങളുണ്ട്.
പോളിസി നിരക്കുകളില്‍ മാറ്റമൊന്നും വരാത്തതിനാല്‍ നിങ്ങളുടെ ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത ലോണ്‍ എന്നിവയിലെ EMI കളിലൊന്നും ഉടനടി മാറ്റം ഉണ്ടാകില്ല. സ്വന്തം സാമ്പത്തിക സ്ഥിതിയും പലിശനിരക്കിലെ ചലനത്തെക്കുറിച്ചുള്ള പ്രതീക്ഷയും അടിസ്ഥാനമാക്കി വായ്പകള്‍ അടച്ചു തീര്‍ക്കാം.
നിക്ഷേപകര്‍ക്ക് നിലവിലെ നിരക്കുകള്‍ പരിശോധിച്ച് താരതമ്യപ്പെടുത്തി മികച്ച നിരക്കുള്ളിടത്തേക്ക് നിക്ഷേപങ്ങള്‍ പല ഭാഗങ്ങളാക്കി നിക്ഷേപിക്കാം. നിരക്കുകള്‍ പുതുക്കുന്നസമയം വന്നാലും ചെറു നിക്ഷേപങ്ങളിലേതാകും ആദ്യം മാറ്റം വരുത്തുകയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സ്ഥിര നിക്ഷേപങ്ങള്‍ (FD) എന്ത് ചെയ്യണം?
കുറഞ്ഞ നിരക്കില്‍ ദീര്‍ഘകാലത്തേക്ക് സ്ഥിരനിക്ഷേപങ്ങള്‍ ലോക്ക് ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങള്‍ ഇപ്പോള്‍ ഒരു എഫ്ഡി ബുക്ക് ചെയ്യാന്‍ പദ്ധതിയിടുകയാണെങ്കിലോ നിങ്ങളുടെ നിലവിലുള്ള എഫ്ഡി പുതുക്കാന്‍ നോക്കുകയാണെങ്കിലോ, ഒരു വര്‍ഷമോ അതില്‍ താഴെയോ ഉള്ള ഹ്രസ്വകാല നിക്ഷേപത്തിനായി പോകുന്നതാണ് നല്ലത്. അതുവഴി നിങ്ങളുടെ ഡെപ്പോസിറ്റ് കുറഞ്ഞ നിരക്കില്‍ ദീര്‍ഘകാലത്തേക്ക് ലോക്ക് ചെയ്യപ്പെടില്ല. ഹ്രസ്വകാല-മധ്യകാല നിരക്കുകള്‍ ഉയരുമ്പോഴെല്ലാം, അതനുസരിച്ച് നിങ്ങള്‍ക്ക് FDകളുടെ കാലാവധി വര്‍ധിപ്പിക്കാന്‍ കഴിയും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it