കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡ് ഇടപാടുകളുടെ പരിധി 5,000 രൂപയായി ഉയര്‍ത്തി

ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡ് ഇടപാടുകളുടെ പരിധി 2,000 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തി. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. കാര്‍ഡുകളിലൂടെയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിലൂടെയും (യുപിഐ) ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്കുള്ള ഇമാന്‍ഡേറ്റുകള്‍ക്കും ഇത് ബാധകമാണ് .

റിസര്‍വ് ബാങ്ക് പറയുന്നതനുസരിച്ച്‌സു രക്ഷിതമായ രീതിയില്‍ പേയ്‌മെന്റുകള്‍ നടത്തുന്നതിന് ഇവ വളരെ അനുയോജ്യമാണ്, പ്രത്യേകിച്ചും കോവിടിന്റെ സമയത്ത്. കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡ് പേയ്‌മെന്റുകള്‍ പിന്‍ നമ്പര്‍ പഞ്ച് ചെയ്യാതെ നടത്തുവാന്‍ കഴിയും. കാര്‍ഡിനുള്ളിലുള്ള ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ചിപ്പും ആന്റിനയും വഴിയാണ് ഇത് സാധിക്കുന്നത്.

കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റുകള്‍ നടത്തുന്നതിന്, നിങ്ങള്‍ ചെയ്യേണ്ടത് പേയ്‌മെന്റ് ടെര്‍മിനലിലെ കോണ്‍ടാക്റ്റ്‌ലെസ് പോയിന്റിന് സമീപം കാര്‍ഡ് കൊണ്ടുവരിക എന്നതാണ്. ഇത്തരം പേയ്‌മെന്റുകള്‍ക്കു കാര്‍ഡ് സ്വയ്പ്പ് ചെയ്യേണ്ടതില്ല. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സാങ്കേതികവിദ്യ വഴിയാണ് ഓതെന്റിക്കേഷന്‍ നടത്തുന്നത്.

എന്നാല്‍ ഇത്തരം കാര്‍ഡുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്. കാരണം, പിന്‍ വേണ്ടാത്തതിനാല്‍ ഉടമസ്ഥര്‍ അല്ലാത്തവര്‍ക്കും ഈ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് പേയ്‌മെന്റ് പ്രോസസ്സിംഗ് നെറ്റ്‌വര്‍ക്കുകളായ വിസയും മാസ്റ്റര്‍കാര്‍ഡും കോവിഡ് സമയത്ത് സമ്പര്‍ക്കം ഒഴിവാക്കാനുള്ള ഒരു മാര്‍ഗമായി കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് റിസേര്‍വ് ബാങ്കിന്റെ തീരുമാനം വന്നിരിക്കുന്നത്.

വിസ ഇന്ത്യയിലെ ദക്ഷിണേഷ്യയിലെ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു: 'ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ഈ തീരുമാനം പ്രോത്സാഹനമാണ്. ഇമാന്‍ഡേറ്റുകള്‍ക്കും കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകള്‍ക്കുമുള്ള പുതിയ പരിധി ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടും.'

റിസര്‍വ് ബാങ്കിന്റെ തീരുമാനം ശരിയായ ദിശയിലേക്കാണെന്നു മറ്റു വിദഗ്ദ്ധരും പറഞ്ഞു. ഇതോടുകൂടി ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നു അവര്‍ പറഞ്ഞു.

PwCയിലെ മിഹിര്‍ ഗാന്ധി പറഞ്ഞു: 'ഇപ്പോള്‍ പലരും അവരുടെ പിന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, പിന്‍ ഉപയോഗിക്കെണ്ടാത്ത കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡ് ഇടപാടുകളുടെ പരിധി വര്‍ദ്ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ പ്ലാറ്റഫോമിലേക്ക് വരും'.

'കാര്‍ഡ് കമ്പനികള്‍ അവരുടെ എല്ലാ കാര്‍ഡുകളും കോണ്‍ടാക്റ്റ്‌ലെസ് എന്‍എഫ്‌സി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂട്ടിലിറ്റി ബില്ലുകള്‍, നിക്ഷേപങ്ങള്‍, ഇരുചക്രവാഹന ഇഎംഐകള്‍ എന്നിവ പോലുള്ള ആവര്‍ത്തന ഇടപാടുകള്‍ ഡിജിറ്റല്‍ പേയ്‌മെന്റിലേക്കു മാറ്റാന്‍ കഴിയുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുടെ എംഡിയും സിഇഒയുമായ ദിലീപ് അസ്‌ബെ പറഞ്ഞു.

മറ്റൊരു സുപ്രധാന സംഭവവികാസത്തില്‍, ഡിസംബര്‍ 14 മുതല്‍ റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) സംവിധാനം 24X7 പ്രവര്‍ത്തിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ആര്‍ടിജിഎസ് സാധാരണയായി ഉയര്‍ന്ന മൂല്യമുള്ള പേയ്‌മെന്റുകള്‍ നടത്തുന്നതിനാണ്. ഏറ്റവും കുറഞ്ഞ പരിധി രണ്ടു ലക്ഷം, പരമാവധി പരിധി ഇല്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it