കാലാവധിക്ക് മുമ്പേ പിന്‍വലിക്കാന്‍ കഴിയാത്ത എഫ്.ഡികളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്
ബാങ്കുകളുടെ നോണ്‍-കോളബിള്‍ എഫ്.ഡികളുടെ ഏറ്റവും കുറഞ്ഞ പരിധി 15 ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപയായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ). കാലാവധി തീരുന്നതിന് മുമ്പേ പിന്‍വലിക്കാന്‍ കഴിയാത്ത സ്ഥിര നിക്ഷേപങ്ങളണ് നോണ്‍-കോളബിള്‍ എഫ്.ഡി (non-callable FD).
അതേസമയം ഉപയോക്താക്കള്‍ക്ക് ഏത് സമയത്തും പിന്‍വലിക്കാനാകുന്നതാണ് കോളബിള്‍ എഫ്.ഡി (callable FD). ഇതിന് ഒരു നിശ്ചിത തുക പിഴയടക്കണമെന്ന് മാത്രം. നോണ്‍-കോളബിള്‍ സ്ഥിര നിക്ഷേപങ്ങളുടെ പരിധി ഉയര്‍ത്തിയതിനാല്‍ ഇനി ബാങ്കുകള്‍ക്ക് ഒരു കോടി രൂപയില്‍ താഴെയുള്ള ഇത്തരം നിക്ഷേപം വാഗ്ദാനം ചെയ്യാനാവില്ല.
പലിശ നിരക്കുയര്‍ന്നാല്‍ പ്രയോജനം
എഫ്.ഡി പലിശ നിരക്ക് ഉയരുന്ന സാഹചര്യം കണക്കിലെടുത്താല്‍ ഉപഭോക്താക്കള്‍ക്ക് 15 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ പോലും കാലാവധി തീരുന്നതിന് മുമ്പ് എഫ്.ഡി പിന്‍വലിക്കാന്‍ കഴിയുന്നത് ഏറെ പ്രയോജനകരമാണ്. അതായത് ഇനി മുതല്‍ ഒരു കോടി രൂപ വരെയുള്ള എല്ലാ സ്ഥിര നിക്ഷേപങ്ങളും ആവശ്യമുള്ളപ്പോള്‍ പിന്‍വലിക്കാന്‍ കഴിയുന്നതിനാല്‍ നിക്ഷേപം പിന്‍വലിച്ച ശേഷം ഉയര്‍ന്ന നിരക്കില്‍ അവ വീണ്ടും നിക്ഷേപിക്കാനാകുന്നു. എന്നാല്‍ പലിശ നിരക്ക് വര്‍ധിച്ചാല്‍ ഇത്തരം പിന്‍വലിക്കലുകള്‍ നിരുത്സാഹപ്പെടുത്താന്‍ ബാങ്കുകള്‍ നോണ്‍-കോളബിള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ വാഗ്ദാനം ചെയ്യാറുണ്ട്.