പലിശ നിരക്ക് വീണ്ടും ഉയരും, റീപോ റേറ്റ് ഉയര്‍ത്തി ആര്‍ബിഐ

റീപോ നിരക്ക് 50 ബേസിക് പോയിന്റ് (0.50 ശതമാനം) ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 5.40 ശതമാനം ആണ് പുതുക്കിയ റീപോ നിരക്ക്. കോവിഡിന് മുന്‍പ് റീപോ നിരക്ക് 5.15 ശതമാനമായിരുന്നു. കഴിഞ്ഞ ജൂണിലും മെയിലും റീപോ നിരക്ക് യഥാക്രമം 0.5 %, 0.4 % എന്നിങ്ങനെ ഉയര്‍ത്തിയിരുന്നു. പണ ലഭ്യത കൂടുതലാണെന്നും അത് നിയന്ത്രിക്കാനുള്ള നീക്കമാണ് (Withdrawal of Accommodation) നടത്തുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

അതിന്റെ ഭാഗമായി സ്റ്റാന്‍ഡിംഗ് ഡിപോസിറ്റ് ഫെസിലിറ്റി നിരക്ക് (SDFR) 5.15 ശതമാനം ആയും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് (MSFR) 5.65 ശതമാനം ആയും നിശ്ചയിച്ചു. സമ്പദ് വ്യവസ്ഥയിലെ പണ ലഭ്യത നിയന്ത്രിക്കാന്‍ ബാങ്കുകളില്‍ നിന്ന് ഈടില്ലാതെ വായ്പ എടുക്കാന്‍ ആര്‍ബിഐ കൊണ്ടുവന്ന സംവിധാനം ആണ് SDFR. പണ ലഭ്യത കുറയുമ്പോള്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുന്ന നിരക്കാണ് MSFR.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉയര്‍ന്ന പണപ്പെരുപ്പത്തിലൂടെ കടന്നു പോവുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 6.7 ശതമാനം ആയിരിക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. അതേ സമയം ജിഡിപി വളര്‍ച്ച പ്രവചനം 7.2 ശതമാനമായി തന്നെ നിലനിര്‍ത്തി. നെല്‍കൃഷി കുറയുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും ആര്‍ബിഐ അറിയിച്ചു.

ഐഎംഎഫ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആഗോള തലത്തില്‍ തന്നെ വളര്‍ച്ച നിരക്ക് കുറയ്ക്കുകയും മാന്ദ്യത്തിന്റെ സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 13.3 ബില്യണ്‍ ഡോളറിന്റെ വിദേശ മൂലധനമാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

Related Articles

Next Story

Videos

Share it