ബാങ്കുകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെ കുറിച്ചുള്ള പുതുക്കിയ നയരേഖ പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. നേരത്തെയുണ്ടായിരുന്ന നിബന്ധനകളില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പുതുക്കിയ നയരേഖയില്‍ ഇല്ല. ബാങ്കുകളെന്ന പോലെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരുന്ന ധനകാര്യസ്ഥാപനങ്ങള്‍ എല്ലാം തന്നെ ഇക്കാര്യത്തില്‍ സമാനമായ ഒരു രീതി സ്വീകരിക്കണം എന്നതാണ് പുതിയ നയരേഖ വഴി റിസര്‍വ് ബാങ്ക് പ്രധാനമായും ഉദ്ദേശിക്കുന്നത്.
വ്യക്തമായ നയരേഖ വേണം
ഓരോ ബാങ്കിനും ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച വിശദവും നിയതവുമായ ഒരു നയരേഖ ഇക്കാര്യത്തില്‍ വേണം. തിരിച്ചടവ് മുടങ്ങി കുറഞ്ഞത് എത്ര നാള്‍ കഴിഞ്ഞ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആനുകൂല്യം പരിഗണിക്കാം, ലോണിന് നല്‍കിയിട്ടുള്ള ഈട് വസ്തുക്കളുടെ വിലയില്‍ വന്നിട്ടുള്ള ഇടിവ് എന്നിങ്ങനെ പ്രസക്തമായ കാര്യങ്ങളെല്ലാം ഉള്‍കൊണ്ടുവേണം നയരേഖക്ക് രൂപം കൊടുക്കുവാന്‍. ഈട് വസ്തുക്കളുടെ ഇപ്പോഴത്തെ വില നിശ്ചയിക്കുന്നത് എങ്ങനെയായിരിക്കണം എന്നും നയരേഖയില്‍ വിശദമാക്കണം. പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുവാന്‍ തക്കവണ്ണം ആര്‍ക്കൊക്കെ ഏതൊക്കെ ലോണുകള്‍ക്കു എന്തെല്ലാം സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ എത്രമാത്രം തുക വിട്ടു നല്‍കാം എന്ന കാര്യവും നയരേഖയില്‍ ഉണ്ടാകണം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കിട്ടാനുള്ള തുകയില്‍ പരമാവധി ലഭ്യമാകണം എന്നതാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
ലോണ്‍ നല്‍കിയ കാര്യത്തിലും അതിന്റെ നടത്തിപ്പിലും തുടര്‍ നിരീക്ഷണത്തിലും മറ്റും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന അന്വേഷണവും അതിന്റെ തീരുമാനങ്ങളും ആവശ്യമായ ശിക്ഷാനടപടികള്‍ സമയ ബന്ധിതമായി കൈകൊള്ളലുമെല്ലാം ഒറ്റത്തവണ തീര്‍പ്പാക്കല്‍ നയരേഖയുടെ ഭാഗമായി ഉണ്ടാകണം.
വായ്പ പാസ്സാക്കിയ ഉദ്യോഗസ്ഥര്‍ മാറി നില്‍ക്കണം
വിട്ടുനല്‍കുന്ന തുകയുടെ പരിധി അനുസരിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അപേക്ഷകള്‍ ഓരോ തലത്തിലുമുള്ള ഉദ്യോഗസ്ഥര്‍ക്കോ, ഉദ്യോഗസ്ഥരുടെ കമ്മിറ്റികള്‍ക്കോ പരിഗണിക്കാം. ലോണ്‍ പാസ്സാക്കിയ ഉദ്യോഗസ്ഥന്റെയോ കമ്മിറ്റിയുടെയോ ഒരു പടിയെങ്കിലും ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥനോ കമ്മിറ്റിയോ വേണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ അപേക്ഷകളില്‍ തീരുമാനം എടുക്കേണ്ടത്. മാത്രമല്ല ലോണ്‍ പാസ്സാക്കിയ ഉദ്യോഗസ്ഥനോ കമ്മിറ്റിയിലെ അംഗമോ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അപേക്ഷ പരിഗണിക്കുന്ന കാര്യത്തില്‍ ഒരു തരത്തിലും ഭാഗ
ഭാക്കാകാന്‍ പാടില്ല.
ക്രിമിനല്‍ നടപടികള്‍ തുടരും
കരുതിക്കൂട്ടി തിരിച്ചടക്കാതിരിക്കല്‍ (wilful default), തട്ടിപ്പ് (fraud) എന്നീ വിഭാഗത്തില്‍ പെട്ടതാണെങ്കിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ അപേക്ഷ പരിഗണിക്കാവുന്നതാണ്. അത്തരത്തിലുള്ള എല്ലാ ലോണുകളുടെയും ഒറ്റത്തവണ തീര്‍പ്പാക്കല്‍ അപേക്ഷയിന്‍മേലുള്ള തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് നേരിട്ട് എടുക്കേണ്ടതുണ്ട്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ അപേക്ഷയില്‍ തീരുമാനം എടുത്താലും ഇത്തരം ഇടപാടുകാര്‍ക്ക് എതിരെയുള്ള ക്രിമിനല്‍ നിയമ നടപടികള്‍ തുടരും.
പുതിയ വായ്പ ലഭിക്കുമോ?
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം നല്‍കിയ ഇടപാടുകാര്‍ക്ക് പുതിയ വായ്പ ഉടനെ നല്‍കാന്‍ പാടില്ല. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കഴിയണം. എന്നാല്‍ കാര്‍ഷിക വായ്പകളുടെ കാര്യത്തില്‍ ഈ കാലാവധി ഓരോ ബാങ്കുകള്‍ക്കും നിശ്ചയിക്കാം.
വായ്പ തിരിച്ചു പിടിക്കാനുള്ള നിയമ നടപടികള്‍ ഏതെങ്കിലും കോടതികളില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത്തരം ലോണുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ തീരുമാനം എടുക്കുമ്പോള്‍ കോടതിയില്‍ നിന്ന് എല്ലാ കക്ഷികളും ചേര്‍ന്നുള്ള സമ്മത ഉത്തരവ് (consent decree) വാങ്ങേണ്ടതാണ്.
വൈവിധ്യം കാണേണ്ടതുണ്ട്
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇടപാടുകാര്‍ക്ക് ലഭിക്കുന്ന സുഗമവും ലളിതവുമായ വഴിയാണ്. നീണ്ടു പോകുന്ന നിയമ നടപടികളുടെ സമ്മര്‍ദ്ദവും പണച്ചെലവും ഒഴിവാക്കാന്‍ ഇത് വഴി കഴിയും. എന്നാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ അടിസ്ഥാനത്തിലായാലും ഈട് വസ്തുവിന്റെ വിലയുടെയും മറ്റും അടിസ്ഥാനത്തില്‍ അടക്കാനുള്ള തുകയുടെ പരമാവധി തുക അടച്ചു വേണം ഇടപാട് തീര്‍ക്കുവാന്‍. ഇക്കാര്യത്തില്‍ പഴുതുകളും പരാതികളും ഒഴിവാക്കാൻ നിയതമായ നയരേഖയും രീതിയും വേണം. അത് കൊണ്ടുതന്നെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ നടത്തിപ്പില്‍ ഏകരൂപം കൊണ്ടുവരാനുള്ള കേന്ദ്ര ബാങ്കിന്റെ തീരുമാനം ശ്ലാഘനീയമാണ്.
ഇടപാടുകാര്‍ക്ക് കരുതല്‍
അപ്പോഴും പ്രായോഗിക തലത്തില്‍ ഓരോ ഇടപാടുകാരനും ഓരോ വായ്പയും ഓരോരോ രീതിയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ്. വലിയ ഇടപാടുകാരുടെ സാഹചര്യമായിരിക്കില്ല ചെറിയ, സാധാരണ ഇടപാടുകാരുടേത്. കമ്പനികളുടെ സാഹചര്യമല്ല വ്യക്തികളുടെ. ചിലര്‍ക്ക് ധനകാര്യസ്ഥാപനത്തിലെ കടം മാത്രമേ കാണൂ. എന്നാല്‍ ചിലര്‍ക്ക് അതിനേക്കാള്‍ കൂടിയ കടങ്ങള്‍ പുറത്ത് കാണും. ഈട് വസ്തുക്കളില്‍ പുറം കടക്കാര്‍ നിയമപരമായി അവകാശം (court attachments) കൊണ്ടുവരാം. വേറെ ആസ്തികളൊന്നും ഇല്ലാത്ത ഇടപാടുകാര്‍ ബാങ്കിലെ കടം തീര്‍ത്ത് ബാക്കിയുള്ളതില്‍ നിന്ന് പുറം കടങ്ങളും കുറച്ചെങ്കിലും തീര്‍ക്കാന്‍ സമ്മര്‍ദ്ദത്തിലാകാം. വലിയ അസുഖം ബാധിച്ച് നിരന്തരം ചികിത്സയിലിരുന്ന മാതാപിതാക്കളുണ്ടാകാം. ബാങ്കിലെ കടം തീര്‍ത്തു തുടര്‍ന്ന് ജീവിക്കേണ്ടതുണ്ട്.
ഈ യാഥാര്‍ഥ്യങ്ങളെല്ലാം കൂടി പരിഗണിക്കുമ്പോഴാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കൂടുതല്‍ ഭംഗിയും മാനുഷിക മുഖവും കൈവരിക്കുക.