

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐ (RBI) വീണ്ടും പിലശ നിരക്ക് (റീപോ റേറ്റ്) ഉയര്‍ത്തിയേക്കും. ആര്‍ബിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജൂണില്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്ക് (Inflation Projection) ആര്‍ബിഐ പുതുക്കി നിശ്ചയിക്കും.
ഐഎംഎഫ് പ്രവചിച്ച 6.1 ശതമാനം പണപ്പെരുപ്പത്തിന് ഒപ്പമോ അതിന് മുകളിലോ ആവും ആര്‍ബിഐയുടെ പ്രവചനം എന്നാണ് വിവരം. കഴിഞ്ഞ ഏപ്രിലില്‍ ഈ സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐ 5.7 ശതമാനമായി പുതുക്കി നിശ്ചയിക്കുകയും സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.8 ല്‍ നിന്ന് 7.2 ശതമാനമായി കുറയ്ക്കുകയും ചെയ്തിരുന്നു.
ജൂണ്‍ 6-8 തിയതികളിലാണ് ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (MPC) മീറ്റിംഗ്. മെയ് 4ന് ആണ് രണ്ട് വര്‍ഷത്തിന് ശേഷം ആര്‍ബിഐ വീണ്ടും റീപോ നിരക്ക് വര്‍ധിപ്പിച്ചത്. 40 ബേസിസ് (bps) വര്‍ധിപ്പിച്ച് 4.40 ശതമാനമായി ആണ് റീപോ നിരക്ക് ഉയര്‍ത്തിയത്. സെന്‍ട്രല്‍ ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന പലിശ നിരക്കാണ് റീപോ റേറ്റ്.
രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. മുന്‍ ദിവസത്തെക്കാള്‍ 0.4 ശതമാനം ഇടിഞ്ഞ് 77.58 രൂപ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം. യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തുകയാണെങ്കില്‍ അത് രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine