ഇന്ത്യയില്‍ വിദേശികള്‍ക്ക് ഇനി യുപിഐ ഇടപാട് നടത്താം

ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് ഇനി യുപിഐ (Unified Payments Interface) സേവനം ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന ജി-20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ സേവനം ആദ്യം ലഭ്യമാകുക. ഇത് പിന്നീട് മറ്റെല്ലാ രാജ്യങ്ങളിലും നിന്നുള്ള യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.

വിദേശികള്‍ക്ക് സൗകര്യപ്രദം

ഇന്ത്യയില്‍ വരുന്ന വിദേശികള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ മൊബൈല്‍ നമ്പറുകളോ ബാങ്ക് അക്കൗണ്ടുകളോ ഇല്ലാത്തതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതില്‍ പലപ്പോഴും പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. വ്യാപാരികളുമായി യുപിഐ വഴി പണമിടപാട് നടത്തുന്നത് വിദേശികള്‍ക്ക് വളരെ സൗകര്യപ്രദമാകും.

പ്രവാസികള്‍ക്ക്

എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടുകളുമായി അന്തര്‍ദേശീയ മൊബൈല്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ ആയിരിക്കുമ്പോള്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ ആര്‍ബിഐ അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശികള്‍ക്ക് യുപിഐ ഇടപാടിന് അനുമതി നല്‍കിയത്.

സ്വീകാര്യത വര്‍ധിപ്പിക്കും

ജി-20 യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളിലും തെരഞ്ഞെടുത്ത എന്‍ട്രി പോയിന്റുകളിലും റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. കൂടാതെ യുപിഐയുടെ ആഗോള സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കും. യുപിഐ ആഗോളതലത്തില്‍ എത്തിക്കുന്നതിന് എന്‍പിസിഐ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ടാണ് ഈ പ്രഖ്യാപനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it