മാസ്റ്റര്‍കാര്‍ഡ്, റുപേ, വീസ ഇതില്‍ ഏത് വേണം? ഇനി ബാങ്കല്ല നിങ്ങള്‍ തീരുമാനിക്കും

റുപേ, മാസ്റ്റര്‍കാര്‍ഡ് അല്ലെങ്കില്‍ വീസ പോലുള്ള പേയ്മെന്റ് നെറ്റ്‌വർക്കുകളില്‍ ഏത് വേണമെന്ന് തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കണമെന്ന് കാര്‍ഡ് വിതരണക്കാരോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. നിലവില്‍ മിക്ക ബാങ്കുകളും ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവ തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. എന്നാല്‍ പേയ്മെന്റ് നെറ്റ്‌വർക്ക് കാര്‍ഡ് വിതരണക്കാര്‍ സ്വയം തീരുമാനിക്കുകയാണ്.

പ്രധാനം ഉപയോക്താക്കളുടെ തീരുമാനം

ഒന്നിലധികം കാര്‍ഡ് നെറ്റ്‌വർക്കുകളില്‍ ബാങ്കുകള്‍ പങ്കാളികളാകാനും യോഗ്യരായ ഉപയോക്താക്കള്‍ക്ക് ഒന്നിലധികം കാര്‍ഡ് നെറ്റ്‌വർക്കുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കാനും ഈ നിബന്ധനകളില്‍ ആവശ്യപ്പെടുന്നുണ്ട്. കാര്‍ഡ് ഇഷ്യു ചെയ്യുന്ന സമയത്തോ തുടര്‍ന്നുള്ള ഏത് സമയത്തും ഈ ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു.

വാഗ്ദാനം ചെയ്യണം മികച്ച ഡീല്‍

മുമ്പ് റുപേ, മാസ്റ്റര്‍കാര്‍ഡ്, വീസ പോലുള്ള പേയ്മെന്റ് നെറ്റ്‌വർക്കുകള്‍ വിപണി വിഹിതം നേടുന്നതിന് അവരുടെ നെറ്റ്‌വർക്കുകളില്‍ കാര്‍ഡുകള്‍ നല്‍കുന്നതിന് ബാങ്കുകളെ സമീപിക്കുമായിരുന്നു. പുതിയ നിബന്ധന അനുസരിച്ച് ഉപയോക്താവ് തീരുമാനിക്കുന്നതിനാല്‍ മികച്ച ഡീല്‍ ഇവരില്‍ ആര് വാഗ്ദാനം ചെയ്യുന്നുവോ അവര്‍ മികച്ച വിപണി വിഹിതം നേടും. ബാങ്ക് ഇടപാടുകാരില്‍ നിന്നും അഭിപ്രായങ്ങള്‍ എടുത്ത ശേഷം ഇത് നടപ്പാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

Related Articles
Next Story
Videos
Share it