ടിയര്‍ 2 ബോണ്ട് എഴുതിത്തള്ളല്‍:കിട്ടിയ വിലയ്ക്ക് ബോണ്ട് വിറ്റൊഴിയാന്‍ നിക്ഷേപകര്‍

വിദേശ ബാങ്കായ ഡിബിഎസുമായുള്ള ലയന നടപടികളെ തുടര്‍ന്ന് ലക്ഷ്മി വിലാസ് ബാങ്കിന്റെ ടിയര്‍ 2 ബോണ്ടുകള്‍ എഴുതിത്തള്ളിയ റിസര്‍വ് ബാങ്ക് നടപടി നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. ദുര്‍ബലമായ സ്വകാര്യ ബാങ്കുകളുടെ ടിയര്‍ 2, എടി 1 ബോണ്ടുകളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന നിക്ഷേപകര്‍, കിട്ടിയ വിലയ്ക്ക് ബോണ്ടുകള്‍ വിറ്റൊഴിയാന്‍ തിരക്ക് കൂട്ടുകയാണ്. എന്നാല്‍ ഈ ബോണ്ടുകള്‍ വാങ്ങാന്‍ വന്‍തോതില്‍ ആവശ്യക്കാര്‍ വിപണിയിലുമില്ല. 15 മുതല്‍ 20 വരെ ശതമാനം ഡിസ്‌കൗണ്ടില്‍ ബോണ്ടുകള്‍ വില്‍ക്കാന്‍ നിക്ഷേപകര്‍ ഇപ്പോള്‍ തയ്യാറായിട്ടുണ്ടെന്ന് രാജ്യത്തെ ബ്രോക്കിംഗ് കമ്പനിവൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത്തരത്തില്‍ വില്‍പ്പനയ്ക്കുള്ള ബോണ്ടുകള്‍ വാങ്ങാന്‍ മതിയായ ആവശ്യക്കാരും രംഗത്തില്ല.

റിസര്‍വ് ബാങ്ക് ചട്ടപ്രകാരം തന്നെ ബേസല്‍ III മാനദണ്ഡപ്രകാരമുള്ള നിക്ഷേപമാര്‍ഗങ്ങളാണ് ടിയര്‍ 2 ബോണ്ടും എടി 1 ബോണ്ടുകളും. ബാങ്കുകളുടെ മൂലധന ആവശ്യത്തിനുള്ള ഓഹരിയല്ലാതെയുള്ള നിക്ഷേപ മാര്‍ഗങ്ങളാണിത്. എന്നാല്‍ ബാങ്കുകളുടെ ആരോഗ്യം ക്ഷയിച്ചാല്‍ ഇത്തരം ബോണ്ടുകള്‍ എഴുതിത്തള്ളുമെന്ന റിസ്‌ക് ഇതിലുണ്ട്. ഇന്ത്യയില്‍ അത്തരമൊരു സാഹചര്യം ഇതിന് മുമ്പ് ഇല്ലാത്തതിനാല്‍ ഈ റിസ്‌ക് കാര്യമായി ഗൗനിക്കാതെ ഒട്ടനവധി പേര്‍ നിക്ഷേപം നടത്തിയിരുന്നു.

ഈ വര്‍ഷമാദ്യം യെസ് ബാങ്കിന്റെ എടി 1 ബോണ്ടുകള്‍ എഴുതിത്തള്ളിയ റിസര്‍വ് ബാങ്ക് ലക്ഷ്മി വിലാസ് ബാങ്കിന്റെ ലയന നടപടികളുടെ ഭാഗമായി ടിയര്‍ 2 ബോണ്ടുകളും എഴുതിത്തള്ളി. 320 കോടി രൂപ മൂല്യമുള്ള ടിയര്‍ 2 ബോണ്ടുകളാണ് എഴുതിത്തള്ളിയത്.

ഇതോടെ ഇത്തരം നിക്ഷേപ മാര്‍ഗങ്ങളിലെ റിസ്‌ക് നിക്ഷേപകര്‍ വ്യക്തമായി തിരിച്ചറിഞ്ഞതോടെയാണ് എങ്ങനെയെങ്കിലും വിറ്റൊഴിയാന്‍ തിരക്കുകൂട്ടുന്നത്. പൊതുമേഖലാ ബാങ്കുകളിലേക്കും വന്‍കിട സ്വകാര്യ ബാങ്കുകളിലേക്കും നിക്ഷേപം മാറ്റാനാണ് പലരും നീക്കം നടത്തുന്നതെന്ന് ബ്രോക്കിംഗ് കമ്പനി കേന്ദ്രങ്ങള്‍ പറയുന്നു.

ലക്ഷ്മി വിലാസ് ബാങ്കിന്റെ ടിയര്‍ 2 ബോണ്ടില്‍ നിക്ഷേപം നടത്തി പണം നഷ്ടമായവര്‍ ഡിബിഎസ് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം മുന്നോട്ടുവെയ്ക്കുന്നുണ്ട്. എല്‍വിബിയെ സ്വന്തമാക്കാന്‍ ഡിബിഎസ് 2500 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it