

എല്ലാ മാസവും നിക്ഷേപം നടത്താതെ എങ്ങനെ മാസം തോറും മികച്ച വരുമാനം ലഭിക്കും? നിക്ഷേപങ്ങളില്‍ ഇത്തരത്തിലൊന്നാണ് പലര്‍ക്കും വേണ്ടത്. ഒറ്റത്തവണ നിക്ഷേപിച്ച് മാസംതോറും വരുമാനം ലഭിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. എന്നാല്‍ ഇത്തരം നിക്ഷേപങ്ങള്‍ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. അതുകൊണ്ട് തന്നെ റിസ്‌ക് ഫാക്ടറുകള്‍ കുറവുള്ള നിക്ഷേപം നടത്തി മാസം വരുമാനം നേടാനുള്ള ഏറ്റവും നല്ല വഴി ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീം ( sbi annuity deposit scheme ) വഴി ഏതൊരു ഇന്ത്യന്‍ പൗരനും നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും.
എസ്ബിഐ അക്കൗണ്ട് ആണ് ആദ്യമായി ഈ പദ്ധതിക്കായി വേണ്ടത്. എസ്ബിഐയുടെ ഏത് ബ്രാഞ്ചിലും നിക്ഷേപം നടത്താം. രാജ്യത്തെ ഏത് ബ്രാഞ്ചിലേക്കും ആന്വിറ്റി ഡെപ്പോസിറ്റ് മാറ്റാനും സാധിക്കും. സ്ഥിരവരുമാനമില്ലാത്തവര്‍ക്ക് ഏറ്റവും ഉചിതമായ പ്ലാന്‍ ആണിത്.
മൂന്ന് വര്‍ഷം അഥവാ 36 മാസ കാലാവധിയുള്ള പദ്ധതികള്‍ മുതല്‍ ഇതില്‍ ലഭ്യമാണ്. 60, 84, 120 മാസങ്ങളുടെ കാലാവധിയിലും ചേരാം. മൂന്ന് വര്‍ഷ പദ്ധതിയില്‍ ചേരുന്ന നിക്ഷേപകന്‍ ചുരുങ്ങിയ തുകയായി 36,000 രൂപ ആന്വിറ്റി ഡെപ്പോസിറ്റ് പദ്ധതിയിലേക്ക് നിക്ഷേപിക്കണം. നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല. എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.
നിക്ഷേപിക്കുന്ന തുകയും പലിശയും (Interest)ചേര്‍ന്നുള്ള തുകയാണ് മാസത്തില്‍ ലഭിക്കുന്നത്. ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് തന്നെയാണ് എസ്ബിഐ ആന്വിറ്റി നിക്ഷേപങ്ങള്‍ക്കും നല്‍കുന്നത്. 5.45 ശതമാനമാണ് നിലവിലെ പലിശ. 60 വയസ് കഴിഞ്ഞ നിക്ഷേപകര്‍ക്ക് 5.95 ശതമാനം പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തിനും പത്ത് വര്‍ഷത്തിനും ഇടയിലുള്ള നിക്ഷേപത്തിന് 5.50 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.30 ശതമാനം പലിശയും ലഭിക്കും.
ആന്വിറ്റി ഡെപ്പോസിറ്റ് പ്രകാരം 15 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് കാലവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കും. ഇത്തരത്തില്‍ പിന്‍വലിക്കല്‍ നടത്തുമ്പോള്‍ ടേം ഡെപ്പോസിറ്റിന് ബാധകമായ പിഴ ഈടാക്കും. എന്നാല്‍ ആന്വിറ്റി ഡെപ്പോസിറ്റ് ഉടമ മരണപ്പെട്ടാല്‍ നിബന്ധനകളില്ലാതെ നോമിനിക്ക് തുക ലഭിക്കും. നിക്ഷേപത്തിന്റെ ഒരു ഭാഗവും പലിശയോടൊപ്പം പ്രതിമാസം അക്കൗണ്ടിലെത്തുന്നതിനാല്‍ നിക്ഷേപ കാലാവധി കഴിഞ്ഞ ശേഷം തിരികെ പണം ലഭിക്കില്ല.
( Visit your nearest SBI Branch before investing)
Read DhanamOnline in English
Subscribe to Dhanam Magazine