14,205 കോടിയുടെ അറ്റാദായം നേടി എസ്ബിഐ

നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2022-23) മൂന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ച് പൊതുമേഖല ബാങ്കായ എസ്ബിഐ. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ബാങ്ക് 14,205.34 കോടി രൂപയുടെ അറ്റാദായമാണ് (Net Profit) നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം ഉയര്‍ന്നത് 68 ശതമാനത്തോളം ആണ്.

2022-23ലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായത്തിലെ വര്‍ധനവ് 7 ശതമാനം ആണ്. അറ്റ പലിശ വരുമാനം 24 ശതമാനം വര്‍ധിച്ച് 38,068.62 കോടിയിലെത്തി. അതേ സമയം നിഷ്‌ക്രിയ ആസ്തികള്‍ക്കായുള്ള ബാങ്കിന്റെ നീക്കിയിരിപ്പ് 5761 കോടി രൂപയാണ്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നീക്കിയിരിപ്പ് 17 ശതമാനത്തോളം ആണ് കുറച്ചത്. അറ്റ നിഷ്‌ക്രിയ ആസ്തി 32 ശതമാനം താഴ്ന്ന് 23,484 കോടിയായി. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 13.27 ശതമാനം ആണ്. 17.60 ശതമാനം ആണ് എസ്ബിഐയുടെ വായ്പ വളര്‍ച്ച.

ഇന്ന് 3.33 ശതമാനം ഉയര്‍ന്ന് 545.70 രൂപയിലാണ് എസ്ബിഐ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

Related Articles
Next Story
Videos
Share it