Begin typing your search above and press return to search.
എസ്.ബി.ഐയുടെ ജൂണ്‍പാദ ലാഭത്തില്‍ 178% വര്‍ദ്ധന; ഓഹരിയില്‍ ഇടിവ്
2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ എസ്.ബി.ഐയുടെ (SBI) ലാഭം 178.25% വര്‍ധിച്ച് 16,884 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 6,068 കോടി രൂപയായിരുന്നു. വിപണി പ്രതീക്ഷകളെ മറികടക്കുന്ന ലാഭ വളര്‍ച്ചയാണ് ബാങ്ക് ആദ്യ പാദത്തില്‍ നേടിയത്. 15,000 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
അറ്റപലിശ വരുമാനവും മാര്‍ജിനും
ബാങ്കിന്റെ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 24.7% വര്‍ധിച്ച് 38,905 കോടി രൂപയായത് മികച്ച ലാഭവളര്‍ച്ച നേടാന്‍ ബാങ്കിന് സഹായകമായി. മുന്‍ വര്‍ഷം സമാന കാലയളവിലിത് 31,195.9 കോടി രൂപയായിരുന്നു. അറ്റ പലിശ മാര്‍ജിന്‍ (NIM) 3.47 ശതമാനമായതും നേട്ടമാണ്.
ആസ്തി നിലവാരം
ബാങ്കിന്റെ കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത (Provisions and contingencies) മുന്‍ സാമ്പത്തിക വര്‍ഷത്ത സാമാനപാദത്തേക്കാള്‍ 43% ഇടിഞ്ഞ് 2,501 കോടി രൂപയായി. ജനുവരി-മാര്‍ച്ച് പാദത്തിലിത് 3,316 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) ഇക്കാലയളവില്‍ 2.76 ശതമാനമായി കുറഞ്ഞു. തൊട്ടു മുന്‍പാദത്തിലിത് 2.78 ശതമാനവും മുന്‍വർഷത്തെ സമാനപാദത്തില്‍ 3.9 ശതമാനവുമായിരുന്നു.
അതേസമയം, ജൂൺ പാദത്തില്‍ അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) അനുപാതം തൊട്ടു മുന്‍പാദത്തിലെ 0.67 ശതമാനത്തില്‍ നിന്ന് 0.71 ശതമാനമായി വര്‍ധിച്ചു.
വായ്പാവളര്‍ച്ചയും നിക്ഷേപവും
വായ്പകള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 13.90% വര്‍ധിച്ചു. വാഹന വായ്പ ആദ്യപാദത്തില്‍ ഒരു ലക്ഷം കോടി രൂപ കടന്നു. കാര്‍ഷിക, കോര്‍പറേറ്റ് വായ്പകള്‍ മുന്‍ വര്‍ഷത്തെ സമാനപാദത്തേക്കാള്‍ യഥാക്രമം 14.84%, 12.38% വര്‍ധിച്ചു. നിക്ഷേപങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 12% ഉയര്‍ന്ന് 45 ലക്ഷം കോടി രൂപയായി.
ഓഹരിയില്‍ തളര്‍ച്ച
മികച്ച ലാഭ വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും എസ്.ബി.ഐ ഓഹരികള്‍ ഇന്നലെ കിതപ്പിലായിരുന്നു. മുന്‍ ദിവസത്തെ ക്ലോസിംഗ് വിലയേക്കാള്‍ 3% താഴ്ന്ന് 573.25 ശതമാനത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിന്റെ ആസ്തി നിലവാര കണക്കുകളും പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ വായ്പാ വളര്‍ച്ചയുമാണ് നിക്ഷേപകരെ നിരാശയിലാഴ്ത്തിയത്.
Next Story
Videos