സൗത്ത് ഇന്ത്യന്‍ ബാങ്ക് വീണ്ടും അടിസ്ഥാന പലിശനിരക്ക് കൂട്ടുന്നു

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് നാളെ (ജൂണ്‍ 20) പ്രാബല്യത്തില്‍ വരുന്നവിധം വര്‍ദ്ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) ആണ് ഉയര്‍ത്തിയതെന്ന് ബാങ്ക് വ്യക്തമാക്കി. ഏപ്രിലിലും മേയിലും ബാങ്ക് എം.സി.എല്‍.ആര്‍ കൂട്ടിയിരുന്നു.

പുതിയ നിരക്കുകള്‍
പുതുക്കിയ നിരക്കുപ്രകാരം ഓവര്‍നൈറ്റ് കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.9 ശതമാനത്തില്‍ നിന്ന് 8.95 ശതമാനമാകും. ഒരുമാസക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.95ല്‍ നിന്ന് 9.00 ശതമാനത്തിലേക്കും മൂന്നുമാസ കാലാവധിയുള്ളവയുടേത് 9.05ല്‍ നിന്ന് 9.10 ശതമാനത്തിലേക്കും ഉയര്‍ത്തി.
ആറുമാസം, ഒരുവര്‍ഷം എന്നീ കാലാവധികളുള്ള വായ്പകളുടെ എം.സി.എല്‍.ആറില്‍ മാറ്റമില്ല. 9.20 ശതമാനമാണ് ആറുമാസ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.50 ശതമാനം.
സ്വര്‍ണപ്പണയം, ബിസിനസ് വായ്പകള്‍, വ്യാപാരികളുടെ ഓവര്‍ ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ തുടങ്ങിയവയുടെ പലിശനിരക്കാണ് ഉയരുക. വായ്പകളുടെ അടിസ്ഥാന പലിശനിരക്കാണ് എം.സി.എല്‍.ആര്‍. ഈ നിരക്കിനേക്കാള്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല.
എന്താണ് എം.സി.എല്‍.ആര്‍?
ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ചതാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍). റിസര്‍വ് ബാങ്കിന്റെ റിപ്പോ റേറ്റില്‍ അധിഷ്ഠിതമാണ് എം.സി.എല്‍.ആര്‍. റിപ്പോനിരക്ക് മാറുന്നതിന് അനുസരിച്ച് എം.സി.എല്‍.ആറും മാറും. എന്നാല്‍, ഇതിന് പുറമേ വായ്പാത്തുക, തിരിച്ചടവ് കാലാവധി, വായ്പയിന്മേല്‍ ബാങ്കിനുണ്ടാകുന്ന പ്രവര്‍ത്തനച്ചെലവ് തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്കുകള്‍ എം.സി.എല്‍.ആര്‍ നിശ്ചയിക്കുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it