വായ്പാ പലിശനിരക്ക് ഉയര്‍ത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക്

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്.ഐ.ബി) വായ്പകളുടെ പലിശനിരക്ക് ഏപ്രില്‍ 20ന് പ്രാബല്യത്തില്‍ വരുംവിധം വര്‍ദ്ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) അധിഷ്ഠിത വായ്പകളുടെ പലിശ നിരക്കാണ് ഉയരുക.

0.05 ശതമാനം മുതല്‍ 0.10 ശതമാനം വരെ വര്‍ദ്ധനയാണ് എം.സി.എല്‍.ആറില്‍ വരുത്തിയിട്ടുള്ളതെന്ന് ബാങ്ക് വ്യക്തമാക്കി. ഇതുപ്രകാരം ഓവര്‍നൈറ്റ് കാലാവധിയുള്ള വായ്പകളുടെ പലിശ 8.70ല്‍ നിന്ന് 8.80 ശതമാനമാകും. ഒരുമാസ കാലാവധിയുള്ളതിന്റേത് 8.75ല്‍ നിന്ന് 8.85 ശതമാനമായും മൂന്നുമാസത്തേത് 8.85ല്‍ നിന്ന് 8.95 ശതമാനമായുമാണ് പുതുക്കിയത്. 9.05 ശതമാനമായിരുന്ന ആറുമാസ കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ പലിശ 9.10 ശതമാനം. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്ക് 9.40ല്‍ നിന്ന് 9.45 ശതമാനവുമാക്കി.
സ്വര്‍ണപ്പണയം, ബിസിനസ് വായ്പകള്‍, വ്യാപാരികളുടെ ഓവര്‍ ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ തുടങ്ങിയവയുടെ പലിശനിരക്കാണ് ഇതുപ്രകാരം ഉയരുക. പലിശ നിരക്ക് ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ ബാങ്കിന്റെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്. ഇന്ന് ഉച്ചയ്ക്ക് 12.30 വരെയുള്ള വ്യാപാരപ്രകാരം ഓഹരിവില 1.94 ശതമാനം ഉയര്‍ന്ന് 15.76 രൂപയായിട്ടുണ്ട്.
എന്താണ് എം.സി.എല്‍.ആര്‍?
ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ചതാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍). റിസര്‍വ് ബാങ്കിന്റെ റിപ്പോ റേറ്റില്‍ അധിഷ്ഠിതമാണ് എം.സി.എല്.ആര്‍. റിപ്പോനിരക്ക് മാറുന്നതിന് അനുസരിച്ച് എം.സി.എല്‍.ആറും മാറും. എന്നാല്‍, ഇതിന് പുറമേ വായ്പാത്തുക, തിരിച്ചടവ് കാലാവധി, വായ്പയിന്മേല്‍ ബാങ്കിനുണ്ടാകുന്ന പ്രവര്‍ത്തനച്ചെലവ് തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്കുകള്‍ എം.സി.എല്‍.ആര്‍ നിശ്ചയിക്കുന്നത്.
എന്നാല്‍, റിപ്പോയിലുണ്ടാകുന്ന മാറ്റം അതിവേഗം എം.സി.എല്‍.ആറില്‍ പ്രതിഫലിക്കുന്നില്ലെന്ന വിമര്‍ശനങ്ങളുണ്ടായിരുന്നു. തുടര്‍ന്ന്, 2019ല്‍ റിസര്‍വ് ബാങ്ക് എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഇ.ബി.എല്‍.ആര്‍) അവതരിപ്പിച്ചു. റിപ്പോയിലുണ്ടാകുന്ന മാറ്റവും നേരിട്ടും അതിവേഗവും വായ്പകളുടെ പലിശനിരക്കിനെ ബാധിക്കുന്നതാണ് ഇ.ബി.എല്‍.ആര്‍. നിലവില്‍, ബാങ്കുകള്‍ കൂടുതല്‍ വായ്പകളും അനുവദിക്കുന്നത് ഇ.ബി.എല്‍.ആര്‍ അധിഷ്ഠിതമായാണ്.
Related Articles
Next Story
Videos
Share it