ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം പിടിച്ചാല്‍ ഫാസ്റ്റ് ടാഗില്‍ നിന്ന് സ്‌പോട്ട് ഇന്‍ഷുറന്‍സ്
ഹൈവേകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങള്‍ക്ക് സ്‌പോട്ട് ഇന്‍ഷുറന്‍സ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. വാഹനത്തിന്റെ ഫാസ്റ്റ് ടാഗുമായി ബന്ധപെടുത്തിയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളെ ഫാസ്റ്റ് ടാഗ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. രാജ്യത്ത് റോഡില്‍ ഇറങ്ങുന്ന 50 ശതമാനത്തില്‍ അധികം വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്ന് കാരണം കൊണ്ടാണ് സര്‍ക്കാര്‍ പുതിയ നടപടികള്‍ ആലോചിക്കുന്നത്.
ഫാസ്റ്റ് ടാഗില്‍ നിന്ന് ഇന്‍ഷുറന്‍സ്
ട്രാഫിക്ക് അധികാരികള്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത ഒരു വണ്ടി തടഞ്ഞാല്‍ വാഹനത്തിന്റെ ഉടമ ഉടന്‍ തന്നെ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. അതിനുള്ള പണം ഫാസ്റ്റ് ടാഗ് അക്കൗണ്ടില്‍ നിന്ന് ഈടാക്കും.അടുത്തിടെ നടന്ന ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നു. തുടര്‍ന്ന് മാര്‍ച്ച് 17 ന് നടക്കുന്ന യോഗത്തില്‍ ഈ ആശയം നടപ്പാക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടക്കും.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുക
1000 സി സി വാഹനങ്ങള്‍ക്ക് : 2072 രൂപ
1000 മുതല്‍ 1500 സി സി വാഹനങ്ങള്‍ക്ക് : 3221 രൂപ
1500 സി സി ക്ക് മുകളില്‍ ഉള്ള വാഹനങ്ങള്‍ക്ക് : 7890 രൂപ.
നിയമത്തില്‍ ഭേദഗതി വരുത്തും
കേന്ദ്ര-സംസ്ഥാന ഗതാഗത വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വാഹനങ്ങള്‍ക്ക് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ സാധിക്കും. നിലവില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡില്‍ ഇറക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഹൃസ്വ കാല തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നല്‍കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമത്തില്‍ വേണ്ട ഭേദഗതി വരുത്തും.