ഓഹരി, സ്വര്‍ണം, ബാങ്ക്: നിക്ഷേപകര്‍ക്ക് എന്ത് പ്രതീക്ഷിക്കാം?

അപ്രതീക്ഷിതമായ സംഭവവികാസങ്ങളും അസ്ഥിരതയുമാണിപ്പോള്‍ സാധാരണമായ കാര്യം. ഇതൊന്നുമില്ലാതിരിക്കുന്നത് അസാധാരണ സാഹചര്യവും!

ലോകം ഇതുപോലെ മാറുമ്പോള്‍ നിക്ഷേപകരും ശ്രദ്ധിക്കേണ്ടതുണ്ട്. ഒറ്റ രാത്രി കൊണ്ട് അതിസമ്പന്നനാകാനുള്ള വിദ്യയൊന്നുമില്ല. നിക്ഷേപം കുറഞ്ഞ സമയത്തിനുള്ളില്‍ പലമടങ്ങായി വളരുമെന്ന് ദിവാസ്വപ്‌നം കാണാനും ഇപ്പോള്‍ സാധിക്കില്ല.

പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഓഹരി, ബാങ്ക് നിക്ഷേപം, സ്വര്‍ണം എന്നീ രംഗങ്ങളില്‍ നിക്ഷേപകര്‍ എന്ത് പ്രതീക്ഷിക്കാം?
ബാങ്ക് പലിശ നിരക്കുകള്‍ എങ്ങോട്ട്?
ബാബു കെ എ, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, ഫെഡറല്‍ ബാങ്ക്


2020 മെയ് മാസത്തിലാണ് ഭാരതീയ റിസര്‍വ് ബാങ്ക് പോളിസി നിരക്കുകള്‍ അവസാനമായി പുതുക്കി നിശ്ചയിച്ചത്. അതനുസരിച്ചു ബാങ്ക് പലിശ നിരക്കുകള്‍ എക്കാലത്തേയും കുറവിലേക്കു വന്നു. കോവിഡ് മഹാമാരി ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തില്‍ തുടരവേ, പിന്നീടുള്ള രണ്ടു വര്‍ഷക്കാലത്തെ പോളിസി അവലോകനങ്ങളിലെല്ലാം പലിശ നിരക്കുകള്‍ തൊട്ടില്ല. ഏറ്റവും അവസാനം, 2022 ഫെബ്രുവരിയിലെ പോളിസി അവലോകനത്തിലും റിപോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി സാമ്പത്തിക ഉണര്‍വിന് കൈത്താങ്ങാവുകയാണ് എന്നാണ് റിസര്‍വ് ബാങ്ക് പറഞ്ഞത്. അതിനാല്‍ ബാങ്ക് പലിശ നിരക്കുകള്‍ താഴ്ന്ന നിലയില്‍ തന്നെ തുടരുകയാണ്.
എന്നാല്‍ പലിശ നിരക്കുകള്‍ പണപ്പെരുപ്പവുമായി ബന്ധപ്പെടുത്തി നിലനിര്‍ത്തേണ്ടതുണ്ട്. പണപ്പെരുപ്പത്തേക്കാള്‍ കുറഞ്ഞ പലിശ നിരക്ക് യഥാര്‍ത്ഥത്തില്‍ നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കുകയാണ് ചെയ്യുക. 2021 - 22 സാമ്പത്തിക വര്‍ഷം അവസാനിക്കുക 5.3 ശതമാനം പണപ്പെരുപ്പ തോതിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാമാരിയുമായി ബന്ധപ്പെട്ടുകിടക്കുന്ന സാമ്പത്തിക കാരണങ്ങള്‍ കൂടാതെ, യുക്രെയ്ന്‍ - റഷ്യ യുദ്ധവും അതുമായി ഉരുത്തിരിഞ്ഞു വരുന്ന സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളും പണപ്പെരുക്കം ഉണ്ടാക്കും. മാത്രമല്ല, ഉല്‍പ്പാദന രംഗത്തും അന്തര്‍ദേശീയ വാണിജ്യ രംഗത്തും യുദ്ധം ഉണ്ടാക്കിയിരിക്കുന്ന പ്രതിധ്വനികള്‍ പണപ്പെരുക്കത്തിന് ഇടയാക്കുന്നു. കോവിഡ് നാലാം തരംഗത്തിന്റെ വളരെ അടുത്താണ് മാനവരാശി നില്‍ക്കുന്നതെങ്കിലും കോവിഡിന്റെ മാരകശേഷി വാക്‌സിനുകള്‍ വഴിയും സമൂഹ പ്രതിരോധ ശേഷി മൂലവും കുറഞ്ഞു തന്നെയിരിക്കുമെന്നാണ് കരുതുന്നത്. ഇതുവരെയുള്ള സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ യുദ്ധം കൂടുതല്‍ വ്യാപിക്കുകയോ വഷളാവുകയോ ഇല്ലെന്നാണ് പ്രതീക്ഷ. ഈ പശ്ചാത്തലത്തില്‍ 2022 - 23 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 4.5 ശതമാനത്തില്‍ ഒതുങ്ങുമെന്നും, മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 7.8 ശതമാനമായിരിക്കുമെന്നും കരുതുന്നു.

2022 - 23 സാമ്പത്തിക വര്‍ഷം കഴിയുമ്പോഴേക്കും വിവിധ ഘട്ടങ്ങളിയായി 75 അടിസ്ഥാന പോയിന്റുകള്‍ മുതല്‍ 100 അടിസ്ഥാന പോയിന്റുകള്‍ വരെ പലിശ നിരക്കുകള്‍ മുകളിലേക്ക് പോയേക്കാം. ഈ മാറ്റം ബാങ്ക് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് പണപ്പെരുക്കത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലെങ്കിലും ആദായം നല്‍കുമെന്നും അതുവഴി നിക്ഷേപത്തിന്റെ യഥാര്‍ത്ഥ മൂല്യം നിലനിര്‍ത്താന്‍ കഴിയുമെന്നും പ്രതീക്ഷിക്കാം. അതോടൊപ്പം, ബാങ്ക് വായ്പകള്‍ക്ക് പലിശയില്‍ വര്‍ധനവുണ്ടാകും. ഭവന വായ്പകള്‍ക്കും, വാഹന വായ്പകള്‍ക്കും അടവ് തുക വര്‍ധിക്കും. ചെറുകിട ഇടത്തര വായ്പകള്‍ക്കും വ്യവസായ വായ്പകള്‍ക്കും പലിശനിരക്കില്‍ നേരിയ വര്‍ധന ഉണ്ടാകാം.
സ്വര്‍ണവിലയില്‍ എന്ത് സംഭവിക്കും?



രാജ്യാന്തരതലത്തിലെ ഒട്ടനവധി സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടാണ് സ്വര്‍ണവിലയുടെ നിലനില്‍പ്പ് തന്നെ. ''സഹജമായ ഒരു മൂല്യമുള്ള ലോഹമാണ് സ്വര്‍ണം. ആഭരണനിര്‍മാണ രംഗത്ത് മാത്രമല്ല ഒട്ടനവധി മേഖലകളില്‍ അതിന് ഉപയോഗവുമുണ്ട്. ഓരോ വര്‍ഷാവസാനത്തിലും സ്വര്‍ണവില ചെറുതായെങ്കിലും വര്‍ധന രേഖപ്പെടുത്താറുമുണ്ട്. ചില വര്‍ഷങ്ങളില്‍ വലിയ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലയില്‍ വലിയ വര്‍ധനയോ വലിയ ഇടിവോ പ്രതീക്ഷിക്കുന്നില്ല,'' മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് നിരീക്ഷിക്കുന്നു.

സ്വര്‍ണത്തിന് വലിയൊരു ബൂം പ്രതീക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കമോഡിറ്റി വിഭാഗം മേധാവി വി ഹരീഷും പങ്കുവെയ്ക്കുന്നത്. ''ആഗോളതലത്തിലും ഇന്ത്യയിലും സ്വര്‍ണത്തിന്റെ വില ഉയര്‍ന്ന റേഞ്ചുകളിലാണ് നില്‍ക്കുന്നത്. ഇന്ത്യയില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 51,564 രൂപയിലും അന്താരാഷ്ട്ര വിലയില്‍ ട്രോയ് ഔണ്‍സിന് 1900 ഡോളര്‍ നിരക്കിലുമാണ് നില്‍ക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണവിലയില്‍ കയറ്റിറക്കങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോ താഴ്ചയും വാങ്ങാനുള്ള അവസരമാക്കുക. മാത്രമല്ല ഒന്നോ രണ്ടോ വര്‍ഷത്തെ നിക്ഷേപകാലാവധിക്ക് പകരം നാലോ അഞ്ചോ വര്‍ഷത്തെ കാലയളവ് മുന്നില്‍ കണ്ട് നിക്ഷേപം നടത്തിയാല്‍ ഉചിതമായിരിക്കും,'' ഹരീഷ് ചൂണ്ടിക്കാട്ടുന്നു.

യുക്രെയ്ന്‍ - റഷ്യ യുദ്ധമാണ് സ്വര്‍ണവിലയെ സമീപകാലത്ത് ഉയരങ്ങളിലേക്ക് നയിച്ച ഒരു ഘടകം. ജിയോ പൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍, ഡോളര്‍ ദുര്‍ബലമാകുന്നത്, ആഗോളതലത്തില്‍ പലിശ നിരക്ക് കുറയുന്നത് എന്നിവയെല്ലാം സ്വര്‍ണത്തിന് തിളക്കം കൂട്ടുന്ന ഘടകങ്ങളാണ്. എന്നാല്‍ ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുന്നതും ജിയോപൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയില്ലാത്തതും ഡോളറിന് കരുത്ത് കൂടുന്നതും സ്വര്‍ണമെന്ന സുരക്ഷിത നിക്ഷേപതാവളത്തില്‍ നിന്ന് തിരിച്ചുള്ള പണമൊഴുക്കിന് കാരണമാകും. ഇത് വിലയെ സ്വാധീനിക്കും.
ഓഹരി നിക്ഷേപം ശ്രദ്ധിച്ച് മതി
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കാനാവില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ''വിലക്കയറ്റം പിടിവിട്ട് മുന്നേറുകയാണ്. ഫെഡ് പലിശ നിരക്ക് കൂട്ടുന്നതിന് തുടക്കമിട്ടുകഴിഞ്ഞു. അടുത്ത ആറുമാസത്തിനുള്ളില്‍ ഒന്നിടവിട്ട മാസങ്ങളില്‍ പലിശ വര്‍ധന പ്രതീക്ഷിക്കാം. കമ്പനികളുടെ ലാഭത്തിലും കുറവ് വരും. റഷ്യ - യുക്രൈന്‍ യുദ്ധവും ബിസിനസുകളെ ബാധിക്കും. ഇതെല്ലാം പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തില്‍ ഓഹരി വിപണിയുടെ പ്രകടനത്തെ സ്വാധീനിച്ചേക്കും,'' ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ് നിരീക്ഷിക്കുന്നു.

ഓഹരി വിപണിയില്‍ നിന്ന് എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ പറ്റില്ല. പക്ഷേ ഇന്ത്യയ്ക്ക് വലിയ സാധ്യതയാണുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലും 15-20 ശതമാനം നേട്ടം ഓഹരി വിപണിയില്‍ നിന്നുണ്ടായേക്കും. പ്രിന്‍സ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.

''നിക്ഷേപകര്‍ നിക്ഷേപിക്കുന്നത് സ്വന്തം പണമാണ്. ആ പണത്തിന്റെ കാര്യം സ്വയം നോക്കണം. വല്ല ഗ്രൂപ്പുകളില്‍ നിന്നോ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിന്നോ കിട്ടുന്ന അര്‍ദ്ധവിവരങ്ങള്‍ വെച്ച് നിക്ഷേപം നടത്തിയാല്‍ പണം നഷ്ടമാകും. ഓഹരി മികച്ച രീതിയില്‍ നേട്ടം നല്‍കണമെങ്കില്‍ ആ കമ്പനിയുടെ പ്രവര്‍ത്തനം നല്ലതായിരിക്കണം. കമ്പനിയെ നോക്കാതെ ഓഹരിയെ നോക്കിയിട്ട് കാര്യമില്ല. പേടിഎം പോലുള്ള ഓഹരികളുടെ കാര്യം തന്നെ നോക്കിയാല്‍ മതി ഇക്കാര്യം വ്യക്തമാകും,'' പ്രിന്‍സ് ജോര്‍ജ് പറയുന്നു.

റിയല്‍ എസ്‌റ്റേറ്റ്, ഇന്‍ഫ്രസ്ട്രക്ചര്‍, ചില ബാങ്കിംഗ് ഓഹരികള്‍, ഇലക്ട്രിക് വെഹിക്ക്ള്‍ രംഗം, ആള്‍ട്ടര്‍നേറ്റ് എനര്‍ജി തുടങ്ങിയ മേഖലകളില്‍ നിക്ഷേപ അവസരങ്ങളുണ്ടെന്ന് പ്രിന്‍സ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.

മറ്റേതൊരു നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ മികച്ച നേട്ടം ഓഹരി വിപണി നല്‍കുമെന്ന തന്നെയാണ് അക്യുമെന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് മേധാവി അക്ഷയ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നത്. '' വിപണിയില്‍ തിരുത്തലുകള്‍ സ്വാഭാവികമാണ്. 10-15 ശതമാനം തിരുത്തല്‍ ഇപ്പോള്‍ നടന്നിട്ടുണ്ട്. എന്നിരുന്നാലും ചില നല്ല കമ്പനികളുടെ ഓഹരികളില്‍ 30 ശതമാനത്തിലേറെയൊക്കെ തിരുത്തല്‍ സംഭവിച്ചിട്ടുണ്ട്. ഇവയില്‍ മികച്ച നിക്ഷേപസാധ്യതയുണ്ട്. വിപണിയില്‍ ഇനിയും തിരുത്തലുകള്‍ സംഭവിച്ചേക്കാം. നേട്ടം കുറഞ്ഞാലും ബാങ്ക് സ്ഥിരനിക്ഷേപത്തിന്റേതിനേക്കാള്‍ ഇരട്ടി നേട്ടം ഓഹരി വിപണിയില്‍ നിന്നുണ്ടാകും,'' അക്ഷയ് അഗര്‍വാള്‍ പറയുന്നു.

അച്ചടക്കത്തോടെ, കമ്പനികളെ പഠിച്ച് നിക്ഷേപം തുടരുക. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിപണി മികച്ച നേട്ടം തന്നെ നിക്ഷേപകര്‍ക്ക് നല്‍കും. പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴിയായി ഓഹരി വിപണിയെ കാണാന്‍ പറ്റില്ല. ഈ സാമ്പത്തികവര്‍ഷത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ അപേക്ഷിച്ച് വിപണിയില്‍ നിന്നുള്ള നേട്ടം കുറവുമായിരിക്കും. ഇതൊക്കെയാണ് വിപണി നിരീക്ഷകര്‍ നിക്ഷേപകര്‍ക്ക് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ ചിലത്.
T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it