ടേം ഇന്‍ഷുറന്‍സ്: വനിതകളും ഉറപ്പാക്കണം കവറേജ്

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പ്രീമിയത്തില്‍ 12 ശതമാനം വരെ കുറവ്

കുടുംബത്തിന്റെ സാമ്പത്തിക അത്താണിയായ വ്യക്തിയുടെ അഭാവത്തിലും കുടുംബാംഗങ്ങളുടെ മുന്നോട്ടുള്ള ജീവിതംആയാസരഹിതമാക്കാനുള്ളതാണ് ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍. ഇന്ന് കുടുംബത്തിന്റെ സാമ്പത്തിക ആരോഗ്യം നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് സ്ത്രീകള്‍ വഹിക്കുന്നുണ്ട്. തൊഴില്‍ ഇല്ലാത്ത വനിതകളാണെങ്കില്‍ പോലും വീട്ടുകാര്യങ്ങളിലെ അവരുടെ പങ്ക് വിലമതിക്കാനാകില്ല. അതുകൊണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാര്യത്തില്‍ സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വ്യത്യാസം പാടില്ലെന്നാണ് സാമ്പത്തിക ഉപദേശകര്‍ പറയുന്നത്.

എന്നാല്‍ ടേം പോളിസി എടുക്കുന്നവരില്‍ 15 ശതമാനത്തില്‍ താഴെ മാത്രമാണ് സ്ത്രീകളെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയെ കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതാണ് ഇതിന്റെ പ്രധാന കാരണമെന്ന് അലയന്‍സ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഷിനിന്‍ എം. സണ്ണി പറയുന്നു. അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യത കുറവായ ഒരു വിഭാഗമായാണ് സ്ത്രീകളെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് പുരുഷന്മാരെ പോലെ തന്നെ അപകട സാധ്യത കൂടുതലുള്ളവരാണ് സ്ത്രീകളും. പ്രത്യേകിച്ചും കോവിഡിനു ശേഷമുള്ള മരണനിരക്ക് അനുപാതത്തില്‍ അത് വ്യക്തമാണ്. വാഹനമോടിക്കുന്നതു മുതല്‍ വീട്ടുപണികള്‍ ഉള്‍പ്പെടെയുള്ള റിസ്‌കുള്ള ജോലികള്‍ ചെയ്യുന്നതില്‍ സ്ത്രീകളുടെ എണ്ണം വളരെ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്ത്രീകളും ടേം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ഷിനിന്‍ എം.സണ്ണി പറയുന്നു.
എത്ര വേണം കവറേജ്?
ടേം ഇന്‍ഷുറന്‍സ് എടുക്കുന്നയാളുടെ വാര്‍ഷിക വരുമാനത്തിന്റെ 10 ഇരട്ടി കവറേജ് ഉറപ്പാക്കുന്നതാണ് അഭികാമ്യം. ഉദാഹരണത്തിന് മാസം 25,000 രൂപ ശമ്പളമുള്ളയാളുടെ വാര്‍ഷിക വരുമാനമെന്ന് പറയുന്നത് മൂന്ന് ലക്ഷം രൂപയാണ്. അതിന്റെ 10 ഇരട്ടി, അതായത് 30 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരിക്കണം. പോളിസി ഉടമ മരണപ്പെട്ടാല്‍ അതിനു മുന്‍പ് വരെ കുടുംബത്തിന്റെ ചെലവുകള്‍ എങ്ങനെ നടന്നോ അതേ പോലെ തന്നെ മുന്നോട്ടുള്ള കാലവും കഴിയാന്‍ പര്യാപ്തമായ തുകയ്ക്കുള്ള കവറേജ് ഉറപ്പാക്കേണ്ടതുണ്ട്. കടം ഉള്‍പ്പെടെയുള്ള ബാധ്യതകളും ഇതിനൊപ്പം കണക്കുകൂട്ടാം. ടേം പ്ലാന്‍ തുക ഏതെങ്കിലും കടബാധ്യതകളുമായി അറ്റാച്ച് ചെയ്യാന്‍ അനുവാദമില്ല. അതിനാല്‍ നിങ്ങളുടെ മരണശേഷം കുടുംബത്തിനു തന്നെ ഈ ഉറപ്പായും കിട്ടും.
കുറഞ്ഞ പ്രീമിയത്തില്‍ പരിരക്ഷ
പുരുഷന്മാരെ അപേക്ഷിച്ച് കുറഞ്ഞ പ്രീമിയത്തില്‍ ടേം ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. ഇന്‍ഷുറന്‍സ് കമ്പനികളുടെ മോര്‍ട്ടാലിറ്റി ടേബിള്‍ പ്രകാരമാണ് പ്രീമിയം കണക്കാക്കുന്നത്. ഉദാഹരണത്തിന് 35-45 വയസിനിടയില്‍ പ്രായം വരുന്ന പുരുഷന്മാരെ അപേക്ഷിച്ച് ആ പ്രായത്തിലുള്ള സ്ത്രീകളില്‍ മരണനിരക്ക് കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേ പ്രായപരിധിയില്‍ വരുന്ന പുകവലിക്കാത്ത പുരുഷന്മാരേക്കാള്‍ കുറഞ്ഞ പ്രീമിയത്തില്‍ സ്ത്രീകള്‍ക്ക് ടേം ഇന്‍ഷുറന്‍സ് ലഭ്യമാകും. അതേ സമയം അതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പുരുഷന്മാരുടെ അതേ പ്രീമിയം നല്‍കേണ്ടി വരും. ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് ആ പ്രായത്തില്‍ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ പുരുഷന്മാരേക്കാള്‍ ഒമ്പതു മുതല്‍ 28 ശതമാനം വരെ സ്ത്രീകള്‍ക്ക് പ്രീമിയത്തില്‍ കുറവ് നല്‍കുന്നുണ്ട്‌.

പോളിസി എത്രകാലത്തേക്ക്?

100 വയസുരെ കവറേജ് ലഭിക്കുന്ന പോളിസികള്‍ ലഭ്യമാണ്. എന്നാലും നിങ്ങളുടെ പ്രായം, ബാധ്യത, വരുമാനം, കുടുബാംഗങ്ങളുടെ വരുമാനം, അവരുടെ പ്രായം എന്നിവ കൂടി കണക്കിലെടുത്തു വേണം പോളിസി കാലാവധി നിശ്ചിയിക്കാന്‍. കാലാവധി അവസാനിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ ബാധ്യതകളും തീര്‍ത്തതിനു ശേഷം ബാക്കി ജീവിതം ആസ്വദിക്കാനുള്ള തുക കൈയിലുണ്ടാകണം.

നേരത്തെ എടുക്കാം
പ്രായം കൂടുന്നതിനനുസരിച്ച് പ്രീമിയവും ഉയരുമെന്ന് ഓര്‍ക്കുക. വരുമാനം നേടിത്തുടങ്ങുന്ന ആദ്യ നാളുകളില്‍ ടേം പ്ലാന്‍ എടുക്കുന്നതാണ് നല്ലത്. അസുഖങ്ങള്‍ പിടിപെട്ടതിനു ശേഷം കവറേജ് നേടുക ബുദ്ധിമുട്ടായിരിക്കും. പോളിസി എടുക്കും മുന്‍പ് വിവിധ കമ്പനികളുടെ പ്രീമിയം താരതമ്യം ചെയ്യണം. പോളിസിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കുകയും വേണം. എന്തെങ്കിലും ഒഴിവാക്കലുകളെ കുറിച്ച് പോളിസി ഡോക്യുമെന്റില്‍ പരാമര്‍ശമുണ്ടെങ്കില്‍ അതു വിശദമായി മനസിലാക്കുക.
ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കൊപ്പം എടുക്കാവുന്ന റൈഡറുകളെ കുറിച്ചു കൂടി മനസിലാക്കുന്നത് നല്ലതാണ്.

റിട്ടേണ്‍ ഓഫ് പ്രീമിയം: പോളിസിയില്‍ പറയുന്ന കാലയളവിനു ശേഷവും പോളിസി ഉടമയ്ക്ക് അത്യാഹിതമൊന്നും സംഭവിച്ചില്ലെങ്കില്‍ അതു വരെ അടച്ച പ്രീമിയം തുക തിരികെ ലഭിക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണിത്. ഇതിന് സാധാരണ പ്രീമിയത്തേക്കാള്‍ അല്‍പം കൂടി അധിക തുക പ്രീമിയമായി അടയ്ക്കേണ്ടി വരും.

ഡബിള്‍ ആക്സിഡന്റ് റൈഡര്‍: ഏതെങ്കിലും അപകടത്തിലാണ് പോളിസി ഉടമ മരണപ്പെടുന്നതെങ്കില്‍ ഇന്‍ഷുര്‍ ചെയ്ത തുകയുടെ ഇരട്ടി തുക സം അഷ്വേര്‍ഡായി ലഭിക്കുന്നു.

ക്രിട്ടിക്കല്‍ ഇല്‍നെസ് കവര്‍: പോളിസി കാലാവധിക്കിടയില്‍ പോളിസിയുടമയ്ക്ക് എന്തെങ്കിലും ക്രിട്ടക്കല്‍ ഇല്‍നെസ് പിടിപെട്ടാല്‍ അതിന് പ്രീമിയത്തില്‍ കുറവ് നല്‍കുകയോ അല്ലെങ്കില്‍ പിന്നീട് പ്രീമിയം അടയ്ക്കാതിരിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നതാണിത്. 52 രോഗങ്ങളെയാണ് ക്രിട്ടിക്കല്‍ ഇല്‍നെസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പക്ഷേ ക്രിട്ടിക്കല്‍ ഇല്‍നെസ് ബാധിച്ച് നിശ്ചിത കാലം ജീവിച്ചിരിക്കണം. അതിനു മുന്‍പ് മരണപ്പെട്ടാല്‍ ഇത് ലഭിക്കുകയില്ല.

Related Articles
Next Story
Videos
Share it