ഭവനവായ്പയ്ക്ക് 15 കൊല്ലത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്, ഇനിയും കുറയുമോ?

ഭവന വായ്പയുടെ പലിശനിരക്ക് 15-കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയെങ്കിലും നിരക്കുകള്‍ ഇനിയും കുറയുന്നതിനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് ബാങ്കിംഗ് മേഖലയിലെ നിരീക്ഷകരുടെ അഭിപ്രായം. റിസര്‍വ് ബാങ്കിന്റെ റിപോ നിരക്കില്‍ ഇളവുകള്‍ അനുവദിക്കാനുള്ള സാധ്യതയില്ലാത്തതും പലിശനിരക്കുകള്‍ പരമാവധി കുറഞ്ഞതും കണക്കിലെടുത്താണ് നിരക്കുകള്‍ ഇനിയും താഴോട്ടു വരുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മാര്‍ച്ച് തുടക്കത്തിലാണ് ഭവന വായ്പ നിരക്കുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

പുതുതലമുറ സ്വകാര്യ ബാങ്കുകളിലൊന്നായ കോട്ടക് മഹീന്ദ്രയാണ് നിരക്കുകള്‍ ഉദാരമാക്കിയ നീക്കത്തിന് തുടക്കമിട്ടത്. ഭവനവായ്പയുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് കുറച്ച് 6.65 ശതമാനമാക്കിയ വിവരം കോട്ടക് ബാങ്ക് മാര്‍ച്ച് 1-ാം തീയതി പ്രഖ്യാപിച്ചു. അതേ ദിവസം രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ SBI നിരക്കുകള്‍ 70 ബേസിസ് പോയിന്റ് കുറച്ചതോടെ ഏറ്റവും കുറഞ്ഞ നിരക്കുകള്‍ 6.70 ശതമാനം ആയി. നിരക്കുകള്‍ കുറച്ചതിനു വായപ് പ്രോസസിംഗ് ഫീസും SBI പൂര്‍ണ്ണമായും ഒഴിവാക്കി. SBI YONO ആപ്പ് വഴി അപേക്ഷിക്കുന്നവര്‍ക്ക് 5 ബേസിസ് പോയിന്റ് കൂടുതല്‍ ഇളവും പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും 5 ബേസിസ് പോയിന്റ് കൂടതല്‍ ഇളവ് ബാധകമാണ്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ HDFC ബാങ്ക് നിരക്ക് 6.75 ശതമാനമാക്കി. ഏറ്റവും കുറഞ്ഞ ഭവനവായ്പ നിരക്കാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ ഉള്ളതെന്നു SBI-യുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ (റീട്ടൈല്‍) സലോണി നാരായണന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രത്തില്‍ അഭിപ്രായപ്പെട്ടു. മാര്‍ച്ച് 31 വരെയാണ് ഇപ്പോഴത്തെ നിരക്കുകള്‍ പ്രാബല്യത്തില്‍ ഉള്ളത്. മിക്കവാറും സ്ഥിര വരുമാനക്കാര്‍ക്കും, മികച്ച ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുമാണ് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാവുക.
ഭവന വായ്പയുടെ വളര്‍ച്ചയില്‍ വന്ന ഇടിവാണ് നിരക്ക് കുറയ്ക്കുവാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുന്ന ഘടകം. ജനുവരി 2020-ല്‍ ഭവന വായ്പ 17.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ 2021-ജനുവരിയില്‍ വളര്‍ച്ച 7.7 ശതമാനം മാത്രമായിരുന്നു. ഏറ്റവും സുരക്ഷിതമായ ഒന്നാണ് ഭവന വായ്പ. അഞ്ച് ലക്ഷം കോടി രൂപയിലധികം ഭവവ വായ്പയായി നല്‍കിയിട്ടുള്ള SBI-യുടെ ഈ രംഗത്തെ നിഷ്‌കൃയ സ്തി വെറും 0.67 ശതമാനം മാത്രമാണ്. കോര്‍പറേറ്റ് വായ്പകളിലും, വ്യക്തിഗത വായ്പകളിലും നേരിടുന്ന തിരിച്ചടവ് മുടങ്ങള്‍ ഭവനവായ്പ മേഖലയില്‍ ഇല്ലെന്നു തന്നെ പറയാം. മിക്കവാറും ഭവന വായ്പകളുടെ ഈട് അതേ കെട്ടിടം തന്നെയാവുന്ന സാഹചര്യത്തില്‍ തിരിച്ചടവില്‍ മുടക്കം വരുന്ന പക്ഷം ബാങ്കുകള്‍ക്ക് വായ്പ തിരിച്ചു പിടിയ്ക്കല്‍ താരതമ്യേന എളുപ്പമാണ്. ഭവന വായ്പയുടെ രംഗത്ത് കൂടുതല്‍ കേന്ദ്രീകരിയ്ക്കുവാന്‍ ബാങ്കുകളെ പ്രേരപ്പിക്കുന്ന പ്രധാനഘടകം ഇവയാണ്.
ഭവന വായ്പാ നിരക്കിലെ ഇളവുകള്‍ വീണ്ടും കുറയുന്നതിനുള്ള സാധ്യതകള്‍ വിരളമാണെങ്കിലും ഇളവുകള്‍ മാര്‍ച്ച് 31-നു ശേഷവും തുടരുന്നതിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല.
കോവിഡിനെ തുടര്‍ന്ന് വലിയ തിരിച്ചടി നേരിട്ട റിയല്‍ എസ്‌റ്റേറ്റ് മേഖല ഇപ്പോഴും പൂര്‍ണ്ണമായും കരകയറിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള കുറഞ്ഞ നിരക്കുകള്‍ മാര്‍ച്ച് 31-നു ശേഷം നീട്ടിക്കൊടുത്താല്‍ അത്ഭുതപ്പെടാനില്ല. ഏകദേശം 14 ലക്ഷം കോടി രൂപയാണ് ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും ഒരു കൊല്ലം ഇന്ത്യയുടെ ഭവന വായ്പ വിപണിയില്‍ ചെലവഴിക്കുന്ന തുക. ബൃഹത്തായ ഭവന വായ്പ വിപണിയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ച ബാങ്കുകളെ സംബന്ധിച്ചിടത്തോളം അത്യാവശമായ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it