പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണ ബാങ്കിന് പുതിയ മന്ദിരം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണ ബാങ്കിന്റെ സെന്റിനറി ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിന്തല്‍മണ്ണയിലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും ജനങ്ങളെ സഹായിക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുന്ന സഹകരണ സ്ഥാപനമാണ് പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക കാലത്തെ വ്യാപാര വിപണന രീതികള്‍ക്കനുസരിച്ചുള്ള മൂല്യ വര്‍ധിത ഉത്പാദാനവും വിപണനവും വഴി സഹകരണ മേഖല കൂടുതല്‍ മെച്ചപ്പെട്ട സേവനം സമൂഹത്തിനു നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പെരിന്തല്‍മണ്ണയുടെ സെന്റിനറി ഉദ്ഘാടനവേദിയില്‍ കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു. പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം, എം.എല്‍.എ പി.അബ്ദുള്‍ ഹമീദ്, എം.എല്‍.എ പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ പി.ഷാജി, മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മുന്‍ എം.എല്‍.എ വി. ശശികുമാര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ അംഗം വി.രമേശന്‍, പെരിന്തല്‍മണ്ണ അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. ഷംസുദ്ധീന്‍, ബാങ്ക് മുന്‍ ചെയര്‍മാന്‍മാരായ പി.പി വാസുദേവന്‍, സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാര്‍, സഹകരണ സംഘം ഭാരവാഹികള്‍ തുടങ്ങിയവരോടൊപ്പം വന്‍ ജനാവലിയാണ് ചടങ്ങില്‍ പങ്കെടുത്തത്.
അത്യാധുനിക കെട്ടിടം
നിലവിലെ കെട്ടിടത്തിന് തൊട്ട് പുറകിലെ 26 സെന്റ് സ്ഥലത്താണ് അഞ്ച് നിലകളില്‍ 23,242 സ്‌ക്വയര്‍ഫീറ്റില്‍ കെട്ടിടം പണിതു പൂര്‍ത്തിയായിട്ടുള്ളത്. മെയിന്‍ ബ്രാഞ്ച്, ഹെഡ് ഓഫീസ്, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ലിഫ്റ്റ്, എ.ടി.എം അടക്കം എല്ലാവിധ ആധുനിക സംവിധാനങ്ങളും കെട്ടിടത്തില്‍ സജ്ജമാണ്. വിഖ്യാതമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘമാണ് 12.79 കോടി രൂപ ചെലവില്‍ കെട്ടിട നിര്‍മ്മാണം നിര്‍വ്വഹിച്ചത്. ആര്‍ക്കിടെക്ട് ഷൈലേഷ് ഭാസ്‌കര്‍ ( എ.യു.എസ് കണ്‍സോര്‍ഷ്യം ബാംഗ്ലൂര്‍) ആണ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്.
ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ സി ദിവാകരന്‍ സ്വാഗതപ്രസംഗം നിര്‍വഹിച്ചു. ബാങ്ക് സി.ഇ. ഒ സി രവീന്ദ്രനാഥന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് ജനറല്‍മാനേജര്‍ എസ് ആര്‍ രവിശങ്കര്‍ നന്ദിയും പറഞ്ഞു.