ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം; നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

രാജ്യത്ത് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങളുള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കും (new changes in credit debit card rules) ജൂലൈ 1 മുതല്‍ മാറ്റം വരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ കഴിയില്ല. ഓണ്‍ലൈനിലും ഓഫ് ലൈനിലും ഇത് ബാധകമാണ്.

ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് 2021 ലാണ് റിസര്‍വ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ടോക്കണൈസേഷന്‍ ചട്ടങ്ങള്‍ കൊണ്ടുവന്നത്. ജനുവരിക്കുള്ളില്‍ വ്യവസ്ഥ പാലിക്കണമെന്ന ആര്‍ബിഐ ഉത്തരവ് പിന്നീട് ജൂലൈ 1 വരെ നീട്ടുകയായിരുന്നു.

ആപ്പുകള്‍ക്കും അക്കൗണ്ടോ കാര്‍ഡോ ബന്ധിപ്പിച്ചിട്ടുള്ള വിവിധ വെബ്സൈറ്റുകള്‍ക്ക് അവരുടെ സെര്‍വറുകളില്‍ നിന്നും ഉപഭോക്താക്കളുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കളയേണ്ടി വരും. മാത്രമല്ല ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് സേവിംഗിനും കഴിയില്ല.

കാര്‍ഡ് ടോക്കണൈസേഷന്‍

യഥാര്‍ത്ഥ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നതാണ് കാര്‍ഡ് ടോക്കണൈസേഷന്‍. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഇടപാട് നടത്താന്‍ അനുവദിക്കുന്നതാണ് പണമിടപാടുകളിലെ ടോക്കണൈസേഷന്‍ സംവിധാനം.

പുതിയ ചട്ടത്തില്‍ ഉപഭോക്താക്കളുടെ യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ക്ക് ബദലായി പ്രത്യേക കോഡ് വഴിയാകും ഇടപാട് നടക്കുക. ഈ കോഡ് ആണ് ടോക്കണ്‍ എന്ന് വിളിക്കപ്പെടുന്നത്. ഒരേ സമയം ഒരു ഓണ്‍ലൈന്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ കോഡ് സേവ് ആകുക. ടോക്കണൈസേഷന് അനുമതിയായാല്‍ സിവിവിയും ഒടിപിയും മാത്രം നല്‍കിയാല്‍ മതി ഇടപാട് പൂര്‍ത്തിയാക്കാന്‍.

Related Articles
Next Story
Videos
Share it