സ്ഥിര നിക്ഷേപത്തിന് ഒരുങ്ങും മുമ്പ് ശ്രദ്ധിച്ചിരിക്കേണ്ട 6 കാര്യങ്ങള്‍

സ്ഥിരനിക്ഷേപത്തിന് മിക്ക ബാങ്കുകളും ഇപ്പോള്‍ മികച്ച പലിശ നിരക്കാണ് നല്‍കുന്നത്. റിസ്‌ക് കുറഞ്ഞ നിക്ഷേപമെന്ന നിലയില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കും(FD) റെക്കറിംഗ് ഡെപ്പോസിറ്റിനും(RD) മികച്ച സ്വീകാര്യതയാണ് സാധാരണക്കാര്‍ക്കിടയിലുള്ളത്. ഭാവിയിലേക്ക് ഒരു തുക സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കണമെന്ന് ആഗ്രഹിച്ച് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്.

ബാങ്കുകള്‍ മാത്രമല്ല, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സ്ഥിരനിക്ഷേപങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ ഇടം വലം നോക്കാതെ നിക്ഷേപിക്കരുത്. ഈ ആറ് കാര്യങ്ങള്‍ സ്ഥിരനിക്ഷേപത്തിനൊരുങ്ങും മുമ്പ് പരിശോധിക്കണം.


1. നിക്ഷേപ കാലാവധി

പലിശയുമായി നേരിട്ട് ബന്ധമുള്ള കാര്യമാണ് സ്ഥിരനിക്ഷേപത്തിന്റെ കാലാവധി. ഒരു വര്‍ഷത്തേക്കുള്ള നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പലിശ 10 വര്‍ഷത്തെ നിക്ഷേപത്തിന് ലഭിക്കും. ചിലപ്പോള്‍ എട്ട് വര്‍ഷം വരെ കാലാവധിയുള്ളവര്‍ക്കാകും ഏറ്റവും നേട്ടം. അപ്പോള്‍ ശരാശരി പലിശ കണക്കാക്കി വേണം സ്ഥിര നിക്ഷേപങ്ങള്‍ കണക്കാക്കാന്‍. നിങ്ങളുടെ ലക്ഷ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. വിവിധ കാലയളവുകളിലേക്ക് ഷോര്‍ട്ട് ടേം (5-10 വര്‍ഷം) , മിഡ് ടേം (13 വര്‍ഷം), ലോംഗ് ടേം(35 വര്‍ഷം)നിക്ഷേപങ്ങള്‍ നടത്താം.

2. റേറ്റിംഗ്

വെറുതെ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. സ്ഥാപനത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കണം. ക്രിസില്‍, കെയര്‍ തുടങ്ങിയ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന ചരിത്രം വിലയിരുത്തി റേറ്റിംഗ് നല്‍കാറുണ്ട്. ക്രിസില്‍ എഫ്എഎ പ്ലസ്, കെയര്‍ എ എ റേറ്റിംഗുകളാണ് ഏറ്റവും മികച്ചത്. നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇതിലൂടെ കഴിയും.

3. പലിശ നിരക്ക്

നിലവില്‍ എട്ടുമുതല്‍ എട്ടര ശതമാനം വരെയാണ് സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്ന പരമാവധി പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെ അധിക പലിശ ലഭിക്കുകയും ചെയ്യും. കൂട്ടുപലിശയും സാധാരണ പലിശയും സ്ഥിര നിക്ഷേപത്തിന് ബാധകമാകാറുണ്ട്.

നിശ്ചിതകാലാവധിക്ക് ശേഷം പലിശയും നിക്ഷേപിച്ച തുകയും ഒരുമിച്ച് തിരികെയെടുക്കുമ്പോഴാണ് കൂട്ടുപലിശ ലഭിക്കുക. സാധാരണ പലിശയാകുമ്പോള്‍ മാസം തോറുമോ ആറുമാസത്തിലോ വര്‍ഷത്തിലോ നിശ്ചിത പലിശ ലഭ്യമാകും. നിക്ഷേപിച്ച തുക മാത്രം കാലാവധിക്ക് ശേഷം ലഭിക്കും.

4. വായ്പാ സൗകര്യം

പെട്ടെന്ന് ഒരു ആവശ്യം വരുമ്പോഴാണ് ആളുകള്‍ വായ്പ തേടുന്നത്. നിങ്ങളുടെ പേരില്‍ സ്ഥിര നിക്ഷേപം ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കും. നിക്ഷേപിച്ച തുകയുടെ 75 ശതമാനം വരെ ഇത്തരത്തില്‍ വായ്പയായി ലഭിക്കും.

സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന കൂടിയ പലിശ നിരക്കിനേക്കാള്‍ രണ്ടു ശതമാനം കൂടുതല്‍ പലിശയാകും ഇതിന് ഈടാക്കുക. സ്ഥിര നിക്ഷേപം എത്ര കാലത്തേക്കാണോ അതേ കാലയളവിനുള്ളില്‍ വായ്പ അടച്ചു തീര്‍ക്കുകയും വേണം.


5. ബാങ്ക്/ധനകാര്യ സ്ഥാപനത്തിന്റെ പ്രത്യേക ഓഫറുകള്‍

ക്രെഡിറ്റ് റിപ്പോര്‍ട്ടിന് പുറമേ നിങ്ങള്‍ സ്ഥിര നിക്ഷേപം നടത്തുന്ന സ്ഥാപനം നല്‍കുന്ന ഓഫറുകള്‍ താരതമ്യം ചെയ്യാം. ഓരോ സ്ഥാപനത്തിന്റെയും പ്രത്യേകതകളും മൂല്യവര്‍ധിത സേവനങ്ങളും അറിഞ്ഞിരിക്കുക.

6. ബാങ്കിന്റെ റിസ്കും ഇൻഷുറൻസ് പരിരക്ഷയും

സ്ഥിരനിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള ബാങ്ക് ഏതെങ്കിലും തരത്തില്‍ പ്രതിസന്ധിയിലായാല്‍ നിക്ഷേപകര്‍ക്ക് തങ്ങളുടെ പണം തിരികെ ലഭിക്കുന്നതിലെ റിസ്‌ക് കുറയ്ക്കാനാണ് ഇന്‍ഷുറന്‍സ്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചെറുകിട സഹകരണ ബാങ്കുകള്‍ പോലുള്ളവയ്ക്ക് പ്രതിസന്ധി (ഡിഫോള്‍ട്ട്) വന്നേക്കാനിടയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ക്ക് തങ്ങള്‍ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ ഏല്‍പ്പിച്ചിരിക്കുന്ന തുകയും റിസ്‌കില്‍ ആകുന്നു. കോടതിക്ക് പോലും ഈ സാഹചര്യത്തില്‍ പണം തിരികെ നേടാന്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാൽ പുതിയ നിയമം അനുസരിച്ച്, നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ് എടുത്തു നിക്ഷേപത്തെ ഒരു പരിധി വരെ സുരക്ഷിതമാക്കാൻ. ഒരു അക്കൗണ്ടിന് 5 ലക്ഷം രൂപ വരെ ഇത്തരത്തില്‍ തിരികെ ലഭിക്കും. എന്നാല്‍ ഇതിന് മുകളിലുള്ള ഏത് തുകയും ഡിഫോള്‍ട്ട് റിസ്‌കിന് വിധേയമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it