ഭവന വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റാം, കുറഞ്ഞ പലിശ ആസ്വദിക്കാം!

ഒരിക്കല്‍ ഭവന വായ്പയെടുത്താല്‍ കാലാവധി തീരും വരെ അത് തുടരേണ്ടി വരുമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ അങ്ങനെയല്ല ഇടയ്ക്ക് വച്ച് ബാങ്ക് മാറാനുള്ള സൗകര്യം എല്ലാ ബാങ്കുകളിലും ലഭ്യമാണ്. അതാണ് ഹോം ലോണ്‍ റീഫൈനാന്‍സിംഗ് അല്ലെങ്കില്‍ ലോണ്‍ പോര്‍ട്ടബിലിറ്റി.

വളരെ ഉയര്‍ന്ന പലിശ നിരക്കിലാണ് നിലവില്‍ നിങ്ങള്‍ ഭവന വായ്പയെടുത്തിരിക്കുന്നതെന്ന് വിചാരിക്കു. അപ്പോഴാണ് അറിയുന്നത് മറ്റൊരു ബാങ്കില്‍ പലിശ കുറവാണെന്ന്. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഇനി അടയ്ക്കാന്‍ മിച്ചമുള്ള വായ്പ, കുറഞ്ഞ പലിശ നിരക്ക് നല്‍കുന്ന മറ്റൊരു ബാങ്കിലേക്ക് മാറ്റാനാകും.
മറ്റൊരു ബാങ്കിലേക്ക് മാറുമ്പോള്‍ പല ബാങ്കുകളും ചില അധിക ആനുകൂല്യങ്ങള്‍ നല്‍കാറുണ്ടെന്ന് ബാങ്കിംഗ് വിദഗ്ധനായ വി.കെ.ആദര്‍ശ് പറയുന്നു. ''ബാങ്കിന്റെ സേവനങ്ങള്‍ മോശമായതുകൊണ്ട്, അല്ലെങ്കില്‍ പലിശ നിരക്ക് കൂടുതലായതുകൊണ്ട് ഒക്കെയാണല്ലോ നിങ്ങള്‍ ബാങ്ക് മാറുന്നത്. അപ്പോള്‍ പുതിയ ബാങ്ക് ഈ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കും.മാത്രമല്ല ചില അവസരങ്ങളില്‍ അധിക വായ്പയും നല്‍കും. കാരണം വായ്പയ്ക്ക് ആദ്യം അപേക്ഷിച്ച സമയത്തേതില്‍ നിന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടാകും. അങ്ങനെ കൂടുതല്‍ തുകയ്ക്കുള്ള വായ്പയ്ക്ക് നിങ്ങള്‍ക്ക് അര്‍ഹത നേടും.''
എങ്ങനെ മാറ്റാം?
ഇതിനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഇപ്പോഴത്തെ ബാങ്കില്‍ ചെന്ന് വായ്പ അനുവദിച്ചുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയാണ്. നിലവിലെ വായ്പാ അക്കൗണ്ടിന്റെ കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷത്തെ സ്‌റ്റേറ്റ്‌മെന്റും വാങ്ങണം. എത്ര തുക കുടിശികയുണ്ടെന്നും അറിയണം. അതിനു ശേഷം നിങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്ന ബാങ്കിനെ സമീപിച്ച് നിങ്ങളുടെ ആവശ്യം അറിയിക്കുക. പുതിയ ബാങ്കിലെ മാനേജര്‍ നിങ്ങളുടെ ഈ വിവരങ്ങള്‍ പരിശോധിച്ച ശേഷം അവരുടെ പലിശ നിരക്കും നിബന്ധനകളുമൊക്കെ പറയും. അതെല്ലാം നിങ്ങള്‍ കൃത്യമായി മനസിലാക്കണം.
വേണമെങ്കില്‍ ഇ-മെയ്‌ലായി നിബന്ധനകള്‍ അയച്ചു തരാന്‍ ആവശ്യപ്പെടാവുന്നതാണ്. ബാങ്കിന്റെ വ്യവസ്ഥകള്‍ എല്ലാം നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ പുതിയ ബാങ്ക് നിങ്ങളുടെ പഴയ ബാങ്കുമായി ബന്ധപ്പെട്ട് നിലവിലുള്ള വായ്പ അടച്ചു തീര്‍ക്കും. എന്നിട്ട് പുതിയ ബാങ്കില്‍ പുതിയ വായ്പ തുറക്കും.
മാറ്റം ഏതൊക്കെ സന്ദര്‍ഭങ്ങളില്‍
പലിശ നിരക്കാണ് പലരും വായ്പ മാറാന്‍ പ്രധാനമായും നോക്കുന്ന കാരണം. ഇതുകൂടാതെ നിലവിലുള്ള ഭവന വായ്പയുടെ നിബന്ധനകളില്‍ നിങ്ങള്‍ക്ക് തൃപ്തിയില്ലെങ്കിലും വായ്പ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. അതായത് പേമെന്റ് ചാര്‍ജ്, പ്രോസസിംഗ് ഫീ, മുന്‍കൂര്‍ അടവിനുള്ള ചാര്‍ജുകള്‍, ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം എന്നിവയുടെ കാര്യത്തില്‍ ഇപ്പോഴത്തെ ബാങ്ക് കടുംപിടുത്തം പിടിച്ചാല്‍ മറ്റു ബാങ്കുകളുമായി സംസാരിച്ച് ഇളവുകള്‍ നേടിയെടുക്കാവുന്നതാണ്.
നിങ്ങള്‍ക്ക് ഭവന വായ്പ കൂടാതെ ഉയര്‍ന്ന പലിശയുള്ള വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പ, കാര്‍വായ്പ എന്നിവയൊക്കെയുണ്ടെങ്കില്‍ ഭവന വായ്പാ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് വഴി കുറഞ്ഞ പലിശ നിരക്കുള്ള ഒറ്റ വായ്പയാക്കി മാറ്റാനുള്ള സൗകര്യവും ലഭിക്കും.
ഇതു കൂടാതെ പഴയ ബെഞ്ച് മാര്‍ക്ക് നിരക്ക് അനുസരിച്ച് വായ്പകളെടുത്തിട്ടുള്ളവര്‍ക്കും ബാങ്ക് മാറാവുന്നതാണ്. 2019 ഒക്ടോബറിലാണ് ആര്‍.ബി.ഐ റിപ്പോ നിരക്കിലേക്ക് വായ്പകള്‍ മാറ്റിയത്. നിലവില്‍ ഏറ്റവും കുറഞ്ഞ വായ്പകള്‍ ലഭിക്കുന്നത് റിപ്പോ നിരക്കിലാണ്.
ആദ്യ കാലയളവില്‍ മാറാന്‍ ശ്രമിക്കുക

എപ്പോഴും വായ്പയുടെ ആദ്യ നാളുകളില്‍ തന്നെ ബാങ്ക് മാറ്റുന്നതാണ് നല്ലത്. കാരണം ആ സമയങ്ങളില്‍ നിങ്ങളുടെ അടവ് കൂടുതലായും പലിശയിലേക്കായിരിക്കും പോകുന്നത്. കുറഞ്ഞ പലിശ നിരക്കിലേക്ക് മാറുമ്പോള്‍ അതിന്റെ നേട്ടം ലഭിക്കും. അവസാന ഘട്ടത്തില്‍ വായ്പ റീഫൈനാന്‍സിംഗ് ചെയ്യുന്നതില്‍ കാര്യമില്ല. കാരണം പലിശ അതിനകം തന്നെ അടഞ്ഞു പോയിട്ടുണ്ടാകും.
ബാങ്ക് മാറുന്നതിനു മുന്‍പ് തന്നെ എഗ്രിമെന്റുകളെല്ലാം വായിച്ചു മനസിലാക്കുകയും സംശയമുള്ള കാര്യങ്ങള്‍ ബാങ്കുമായി ബന്ധപ്പെട്ട് ദൂരികരിക്കേണ്ടതുമാണ്. അല്ലെങ്കില്‍ ബാങ്ക് മാറ്റം കൊണ്ടുള്ള യഥാര്‍ത്ഥ ഗുണം ലഭിക്കാതെ പോകും.

Resya R
Resya R  

Related Articles

Next Story

Videos

Share it