യുബിഎസ് ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുത്തു; 323 കോടി ഡോളറിന്റെ ഇടപാട്

കുഴപ്പത്തിലായ സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ സ്വിറ്റ്‌സര്‍ലന്‍ഡിലെ തന്നെ വലിയ ബാങ്കായ യുബിഎസ് ഏറ്റെടുത്തു. സ്വിസ് ഗവണ്മെന്റ് ഇടപെട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 323 കോടി ഡോളറിനാണ് ഇടപാട്. ആദ്യം 100 കോടി ഡോളറിനു വാങ്ങാനാണ് യുബിഎസ് ശ്രമിച്ചത്.

ഏറ്റെടുക്കലില്‍ വരാവുന്ന 540 കോടി ഡോളര്‍ നഷ്ടം ക്രെഡിറ്റ് സ്വീസിന്റെ വിപണി മൂല്യമായ 863 കോടി ഡോളറില്‍ നിന്നു കുറച്ച ശേഷമുള്ള വിലയാണ് ഓഹരിയായി നല്‍കുന്നത്. ക്രെഡിറ്റ് സ്വീസിന്റെ 22.48 ഓഹരികള്‍ക്ക് യുബിഎസിന്റെ ഒരോഹരി കിട്ടും. 900 കോടി സ്വിസ് ഫ്രാങ്ക് (972 കോടി ഡോളര്‍) നഷ്ടം സ്വിസ് ഗവണ്മെന്റ് വഹിക്കുന്നുണ്ട്.

ക്രെഡിറ്റ് സ്വീസില്‍ ഓഹരിക്കു സമാനമായി പരിഗണിക്കുന്ന 1700 കോടി ഡോളര്‍ അഡീഷണല്‍ ടിയര്‍ വണ്‍ (എടി -1) കടപ്പത്രങ്ങള്‍ എഴുതിത്തള്ളി. അവയില്‍ നിക്ഷേപിച്ചവര്‍ക്ക് ഒന്നും കിട്ടില്ല. കടപ്പത്ര നിക്ഷേപകര്‍ രോഷാകുലരാണ്. ഭാവിയില്‍ ബാങ്കുകള്‍ക്ക് എടി-1 കടപ്പത്രങ്ങള്‍ വില്‍ക്കുക പ്രയാസമാകും എന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

വിലയിടിഞ്ഞാൽ

ഇടപാട് തീരും മുമ്പ് ക്രെഡിറ്റ് സ്വീസിന്റെ കടപ്പത്രങ്ങള്‍ക്ക് പരിധിയിലധികം വിലയിടിഞ്ഞാല്‍ കച്ചവടം റദ്ദാകും എന്നും യുബിഎസ് വ്യവസ്ഥ വച്ചു. ക്രെഡിറ്റ് സ്വീസിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് വിഭാഗം പിരിച്ചുവിടും. ക്രെഡിറ്റ്‌സ്വീസിലെ 50,000-ല്‍ പരം ജീവനക്കാരില്‍ 10,000 പേര്‍ക്കു പണി പോകുമെന്നു സൂചനയുണ്ട്. മാസങ്ങള്‍ നീളുന്ന നടപടിക്രമങ്ങളില്‍ നിന്ന് ഒഴിവു നല്‍കിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ബഹുരാഷ്ട്ര ബാങ്കുകളെ ഒന്നിപ്പിക്കാന്‍ ഗവണ്മെന്റ് ഉത്സാഹിച്ചത്.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it