Begin typing your search above and press return to search.
കോട്ടക് മഹീന്ദ്ര ബാങ്ക് എം.ഡി ഉദയ് കോട്ടക് രാജിവച്ചു
ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഉദയ് കോട്ടക് രാജിവച്ചു. 2023 ഡിസംബര്‍ 31 വരെ കാലാവധി ഉണ്ടായിരിക്കേയാണ്, ഇന്ന് അദ്ദേഹം രാജിപ്രഖ്യാപിച്ചത്.
തന്റെ പിന്‍ഗാമിയെ കണ്ടെത്തലും പുതിയ എം.ഡി ആന്‍ഡ് സി.ഇ.ഒയുടെ ചുമതലയേല്‍ക്കലും സുഗമമായി നടപ്പാക്കുന്നതിന് വേണ്ടിയാണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒയുടെ വിവരങ്ങള്‍ കോട്ടക് മഹീന്ദ്ര ബാങ്ക് റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചശേഷമാകും ആരെന്ന് വ്യക്തമാക്കുക.
കോട്ടക് മഹീന്ദ്ര ബാങ്കിന്റെ നോണ്‍-എക്‌സിക്യുട്ടീവ് ഡയറക്ടറായി 63കാരനായ ഉദയ് കോട്ടക് അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരുമെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ബാങ്ക് വ്യക്തമാക്കി.
നിലവില്‍ ബാങ്കിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ ദീപക് ഗുപ്ത 2023 ഡിസംബര്‍ 31വരെ എം.ഡി ആന്‍ഡ് സി.ഇ.ഒയുടെ ചുമതലകള്‍ നിര്‍വഹിക്കും. ഇത് റിസര്‍വ് ബാങ്കിന്റെ അനുമതിക്ക് അനുസൃതമായിരിക്കുമെന്നും ബാങ്ക് അറിയിച്ചു. ബാങ്കിന്റെ ചെയര്‍മാന്‍ പ്രകാശ് ആപ്‌തെ, ദീപക് ഗുപ്ത എന്നിവരുടെയും കാലാവധി ഡിസംബര്‍ 31നാണ് അവസാനിക്കുന്നത്. ഇവരുടെയും പകരക്കാരനെ ബാങ്കിന് കണ്ടെത്തേണ്ടതുണ്ട്.
കോട്ടക് ബാങ്കിന്റെ സ്ഥാപന്‍; ശതകോടീശ്വരന്‍
1985ല്‍ ഉദയ് കോട്ടക് സ്ഥാപിച്ച ബാങ്കിതര ധനകാര്യ സ്ഥാപനമാണ്, 2003ല്‍ വാണിജ്യ ബാങ്കായി മാറിയത്. തുടക്കം മുതല്‍ ബാങ്കിനെ നയിക്കുന്നത് അദ്ദേഹമാണ്. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികപ്രകാരം 1,340 കോടി ഡോളറിന്റെ (1.10 ലക്ഷം കോടി രൂപ) ആസ്തി ഉദയ് കോട്ടക്കിനുണ്ട്.
അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കുമായി കോട്ടക് മഹീന്ദ്ര ബാങ്കില്‍ 25.95 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ നോണ്‍-എക്‌സിക്യുട്ടീവ് ചെയര്‍മാനായും മുഖ്യ ഓഹരി പങ്കാളിയായും തുടരുമെന്ന് ഉദയ് കോട്ടക് വ്യക്തമാക്കിയിട്ടുണ്ട്.
വെറും മൂന്ന് ജീവനക്കാരുമായി മുംബയിലെ ഫോര്‍ട്ടില്‍ 1985ല്‍ അദ്ദേഹം തുടക്കമിട്ട കോട്ടക് കാപ്പിറ്റല്‍ മാനേജ്‌മെന്റ് ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനമാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കായ വളര്‍ന്നത്. നിലവില്‍ ഇന്ത്യക്ക് പുറമേ 5 രാജ്യങ്ങളിലും ബാങ്കിന് സാന്നിദ്ധ്യമുണ്ട്. ജീവനക്കാര്‍ ഒരുലക്ഷത്തിലധികവും.
നിക്ഷേപകനായി ആനന്ദ് മഹീന്ദ്രയും
തുടക്കകാലത്ത് ഉദയിന്റെ സുഹൃത്തായ, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയില്‍ നിന്ന് കൂടി നിക്ഷേപം ലഭിച്ചതിനാലാണ് ബാങ്കിന്റെ പേര് കോട്ടക് മഹീന്ദ്ര ബാങ്ക് എന്നുള്ളത്; വാണിജ്യ ബാങ്കായി മാറുംമുമ്പ് പേര് കോട്ടക് മഹീന്ദ്ര ഫിനാന്‍സ് എന്നായിരുന്നു.
ഇന്ത്യയിലെ മുന്‍നിര ബാങ്ക്, ഒരുലക്ഷത്തിലേറെ തൊഴിലവസരം തുടങ്ങിയ നേട്ടങ്ങള്‍ക്ക് പുറമേ ഓഹരി ഉടമകള്‍ക്കും മികച്ച നേട്ടം ബാങ്ക് സമ്മാനിച്ചിട്ടുണ്ടെന്ന് ഉദയ് കോട്ടക് പറഞ്ഞു. 1985ല്‍ ബാങ്കില്‍ 10,000 രൂപ നിക്ഷേപിക്കുകയും ഇതുവരെ പിന്‍വലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ മൂല്യം 300 കോടി രൂപയാകുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഓഹരി വിപണിയില്‍ ഇന്നലെ ബാങ്കിന്റെ ഓഹരി വിലയുള്ളത് 0.66 ശതമാനം നേട്ടത്തോടെ 1,771.30 രൂപയിലാണ്. ഓഹരിയൊന്നിന് 45 രൂപ നിരക്കില്‍ 1991ലായിരുന്നു കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഐ.പി.ഒ.
ബാങ്കിന് പുറമേ കോട്ടക് സെക്യൂരിറ്റീസ്, കോട്ടക് ജനറല്‍ ഇന്‍ഷ്വറന്‍സ്, കോട്ടക് മഹീന്ദ്ര കാപ്പിറ്റല്‍ കമ്പനി, കോട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡ്, കോട്ടക് ഇന്റര്‍നാഷണല്‍ ബിസിനസ്, കോട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി, കോട്ടക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷ്വറന്‍സ് എന്നീ കമ്പനികളും ഗ്രൂപ്പിന് കീഴിലുണ്ട്.
റിസര്‍വ് ബാങ്കിന്റെ ചട്ടം
ബാങ്കുകളുടെ പ്രമോട്ടര്‍മാര്‍ 12 വർഷത്തിനുമേൽ സി.ഇ.ഒ പദവി വഹിക്കരുതെന്ന് റിസര്‍വ് ബാങ്കിന്റെ ചട്ടമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഉദയ് കോട്ടക് പദവി ഒഴിയുന്നത്.
അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താന്‍ സ്വിസ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഈഗോണ്‍ സെന്‍സറിനെ ബാങ്ക് നിയോഗിച്ചിരുന്നു. ബാങ്കിന്റെ മുഴുവന്‍ സമയ ഡയറക്ടര്‍മാരായ ശാന്തി ഏകാംബരം, കെ.വി.എസ് മണിയന്‍ എന്നിവരാണ് ഗ്രൂപ്പില്‍ നിന്നുതന്നെ അടുത്ത എം.ഡി ആന്‍ഡ് സി.ഇ.ഒയാകാന്‍ രംഗത്തുള്ളത്. ആഗോളതലത്തില്‍ നിന്ന് തന്നെ മികച്ചവരെ കണ്ടെത്താനായാണ് കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തെ നിയോഗിച്ചത്.
Next Story
Videos