വി.ജെ. കുര്യന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായി വി.ജെ. കുര്യനെ നിയമിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. 2023 നവംബര്‍ 2 മുതല്‍ 2026 മാര്‍ച്ച് 22 വരെയാണ് നിയമനം. 2018 മുതല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറാണ് വി.ജെ. കുര്യന്‍.
നിലവിലെ ചെയര്‍മാന്‍ സലിം ഗംഗാധരന്‍ നവംബര്‍ ഒന്നിന് വിരമിക്കുന്ന ഒഴിവിലാണ് വി.ജെ. കുര്യന്റെ നിയമനം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി പി.ആര്‍.ശേഷാദ്രി അടുത്തിടെ ചുമതലയേറ്റിരുന്നു.
സിയാലിന്റെ ചിറക്
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്നതുമായ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാല്‍) സ്ഥാപക മാനേജിംഗ് ഡയറക്ടറായിരുന്നു കുര്യന്‍. ലോകത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്നത് ഉള്‍പ്പെടെ സിയാലിനെ ഒട്ടനവധി നേട്ടങ്ങളുടെ റണ്‍വേയിലേക്ക് ഉയര്‍ത്തിയത് അദ്ദേഹമാണ്. രാജ്യത്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ മുന്‍നിരയിലാണ് സിയാല്‍. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്നപദവിയിലേക്ക് സിയാലിനെ എത്തിച്ചതും വി.ജെ കുര്യന്റെ നേതൃത്വമാണ്. 20 വര്‍ഷം സിയാലിന്റെ മാനേജിംഗ് ഡയറക്ടര്‍ പദവി വഹിച്ച കുര്യന്‍ 2021ലാണ് സ്ഥാനമൊഴിഞ്ഞത്.
1983 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥാനായിരുന്ന വി.ജെ കുര്യന്‍ മൂവാറ്റുപുഴ സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് എറണാകുളം, ആലപ്പുഴ ജില്ലാ കളക്ടര്‍ പദവികളും വഹിച്ചു. നിരവധി കമ്പനികളുടെ നായകസ്ഥാനവും വഹിച്ച അദ്ദേഹം പിന്നീട് അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായി. ഔഷധി എം.ഡി ആയിരിക്കെ പ്ലാന്റുകളില്‍ ആധുനികവത്കരണം നടപ്പിലാക്കി. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ആര്‍.ബി.ഡി.സി.കെ) മാനേജിംഗ് ഡയറക്ടറായിരിക്കെ 65 റെയില്‍ ഓവര്‍ബ്രിഡ്ജുകളുടെയും 23 മേല്‍പ്പാലങ്ങളുടെയും പദ്ധതി ഏറ്റെടുത്തു. കൊച്ചിയിലെ സീ-പോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് നിര്‍മിച്ചു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ ഇലക്ട്രോണിക് ലേല പരിപാടി, സ്‌പൈസസ് പാര്‍ക്ക് എന്നിവ ആരംഭിച്ചു.