എസ്.ബി.ഐയെ നയിക്കാന്‍ ഇനി വിനയ് എം. തോന്‍സെയും

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) മാനേജിംഗ് ഡയറക്ടറായി വിനയ് എം. തോന്‍സെയെ നിയമിച്ചു. 2025 നവംബര്‍ 30 വരെയാണ് കാലാവധി. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ നിന്നാണ് സ്ഥാനക്കയറ്റം. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബ്യൂറോയാണ് (FSIB) വിനയ് തോന്‍സെയെ നിര്‍ദേശിച്ചത്. നിയമനത്തിനായി 13 പേരെ എഫ്.എസ്.ഐ.ബി പരിഗണിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഡയറക്ടര്‍മാരെ നിര്‍ദേശിക്കാനുള്ള ചുമതല എഫ്.എസ്.ഐ.ബിയ്ക്കാണ്.

എസ്.ബി.ഐ മാനേജിംഗ് ഡയറക്ടറായിരുന്ന സ്വാമിനാഥന്‍ ജാനകിരാമന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് വിനയ് എത്തുന്നത്. നാല് മാനേജിംഗ് ഡയറക്ടര്‍മാരും ഒരു ചെയര്‍മാനുമാണ് എസ്.ബി.ഐയ്ക്കുള്ളത്. ഇന്നത്തെ ഓഹരി വില അനുസരിച്ച് അഞ്ച് ലക്ഷം കോടി രൂപയാണ് എസ്.ബി.ഐയുടെ വിപണി മൂല്യം.

ബാങ്കിനൊപ്പം 30 വര്‍ഷം

ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറെന്ന നിലയില്‍ ബാങ്കിന്റെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ക്ലെയ്ന്റുകളെ കൈകാര്യം ചെയ്യുന്ന കോര്‍പ്പറേറ്റ് അക്കൗണ്ട് ഗ്രൂപ്പിന്റെ (CAG) മേല്‍നോട്ടം നിര്‍വഹിച്ചു വരികയായിരുന്നു വിനയ്. 30 വര്‍ഷമായി എസ്.ബി.ഐയ്‌ക്കൊപ്പമുള്ള വിനയ് 1988ല്‍ പ്രൊബേഷണറി ഓഫീസറായാണ് കരിയര്‍ ആരംഭിക്കുന്നത്. ട്രഷറി, റീറ്റെയില്‍, ഇന്റര്‍നാഷണല്‍ ബാങ്ക് തുടങ്ങി പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വിനയ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Related Articles
Next Story
Videos
Share it