എന്തുകൊണ്ട് ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി ക്രിപ്‌റ്റോയ്ക്ക് പകരമാവുന്നില്ല

പാര്‍ലമെൻ്റിൻ്റെ ശീതമാകാല സമ്മേളനം ആരംഭിച്ചതോടെ ക്രിപ്‌റ്റോ കറന്‍സികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയാണ്. ക്യാബിനറ്റിൻ്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കേന്ദ്രം ക്രിപ്‌റ്റോ ബില്‍ അവതരിപ്പിക്കും. ക്രിപ്‌റ്റോകള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്കൊപ്പം എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ് ആര്‍ബിഐ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സി(സിബിസിഡി).

സര്‍ക്കാര്‍ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമ്പോള്‍ സ്വകാര്യ ഡിജിറ്റല്‍ കറന്‍സികളുടെ ചാഞ്ചാട്ടത്തില്‍ നിന്ന് ആളുകള്‍ക്ക് സംരക്ഷണം ലഭിക്കുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ടിബി ശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് പകരമാവാന്‍ സര്‍ക്കാരിൻ്റെ ഡിജിറ്റല്‍ കറന്‍സിക്ക് സാധിച്ചേക്കില്ല.
ക്രിപ്‌റ്റോ ഒരു നിക്ഷേപം
ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങുന്നവര്‍ അതൊരു നിക്ഷേപം ആയാണ് കരുതുന്നത്. ഭാവിയില്‍ വില ഉയരും എന്ന പ്രതീക്ഷയാണ് ഓരോ നിക്ഷേപകനും ഉള്ളത്. എന്നാല്‍ ആര്‍ബിഐ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സി രൂപയുടെ ഡിജിറ്റല്‍ പതിപ്പായിരിക്കും. ഇന്ന് നമ്മള്‍ യുപിഐ പേയ്‌മെന്റ് നടത്തുന്നതുപോലെ ഉപയോഗിക്കാം. ക്രിപ്‌റ്റോ കറന്‍സികളെ പോലെ ഒരു നിക്ഷേപമായി മാറില്ല.
ക്രിപ്‌റ്റോ കറന്‍സികളുടെ സ്വീകാര്യത ആഗോള തലത്തിലാണ്. രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ അവയെ ബാധിക്കില്ല. ആഗോള തലത്തിലുള്ള ഡിമാന്‍ഡ് അനുസരിച്ച് അവയുടെ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകും. കഴിഞ്ഞ 6 മാസം കൊണ്ട് 50 ശതമാനത്തിലധികം വര്‍ധനവാണ് ബിറ്റ്‌കോയിൻ്റെ മൂല്യത്തില്‍ ഉണ്ടായത്. എന്നാല്‍ ഇന്ത്യ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയുടെ മൂല്യം രൂപയെ ആശ്രയിച്ചിരിക്കും.
ആര്‍ബിഐ പുറത്തിറക്കുന്നത് കൊണ്ടുതന്നെ ഡിജിറ്റല്‍ കറന്‍സിയുടെ പൂര്‍ണ നിയന്ത്രണം സര്‍ക്കാരിനുണ്ടാകും. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സികളുടെ കാര്യത്തില്‍ അങ്ങനെയല്ല. ബ്ലോക്ക് ചെയിന്‍ അധിഷ്ടിത സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ കറന്‍സികളെ ഏതെങ്കിലും ഒരു സര്‍ക്കാരിന് പൂര്‍ണമായും നിയന്ത്രിക്കാനാവില്ല. ക്രിപ്‌റ്റോ കറന്‍സികള്‍ സൂക്ഷിക്കാന്‍ ഡിജിറ്റല്‍ , ഫിസിക്കല്‍ വാലറ്റുകള്‍ ലഭ്യമാണ്. ട്രേഡിംഗിന് ഇന്ത്യയ്ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചുകളെയും ആശ്രയിക്കാം.
ഡിജിറ്റൽ കറൻസിയുടെ സാധ്യത
ആര്‍ബിഐ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ കറന്‍സി, ഇപ്പോഴുള്ള ഇന്ത്യന്‍ രൂപയ്ക്ക് സമാനമായി പ്രവര്‍ത്തിക്കും എന്നിരിക്കെ ഓണ്‍ലൈന്‍ പേയ്‌മെന്റ് എന്നതിലുപരി എന്ത് പ്രയോജനമാണ് ഇവ കൊണ്ടുവരുക എന്നതും പ്രധാന ചോദ്യമാണ്. ഹോള്‍സെയില്‍ ഇടപാടുകള്‍ക്കാണോ റീട്ടെയില്‍ ആയാണോ അവതരിപ്പിക്കേണ്ടത്, ആഭ്യന്തര- അന്താരാഷ്ട്ര കൈമാറ്റങ്ങള്‍, നിലവിലുള്ള പേയ്‌മെന്റ് സംവിധാനത്തിലേക്കുള്ള കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഡിജിറ്റല്‍ കറന്‍സിയെ ചുറ്റിപ്പറ്റി ഉണ്ടെങ്കിലും ഏറ്റവും പ്രധാനം സുരക്ഷിതത്വം ആണ്.
ഇന്ന് നമ്മള്‍ ഓണ്‍ലൈനിലൂടെ പേയ്‌മെന്റ് നടത്തിയാലും ബാങ്കുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് കറന്‍സി തന്നെയാണ്. ഡിജിറ്റല്‍ കറന്‍സികളില്‍ ഈ കൈമാറ്റം ഉണ്ടാകില്ല. ക്രിപ്‌റ്റോ വാലറ്റുകള്‍ ഹാക്ക് ചെയ്യപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ആര്‍ബിഐ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ കറന്‍സി വാലറ്റിൻ്റെ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങളും അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.
ചില ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ 10 കോടി ഇന്ത്യക്കാര്‍ ക്രിപ്‌റ്റോ ട്രേഡിംഗില്‍ സജീവമാണെന്ന രീതിയില്‍ പരസ്യം ചെയ്തിരുന്നു. കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നും രാജ്യത്തെ 70 ശതമാനം ക്രിപ്‌റ്റോ നിക്ഷേപങ്ങളും 3000 രൂപയ്ക്ക് താഴെയുള്ളതാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചിരുന്നു.
ലോകത്തെ ഏറ്റവും പ്രധാന ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിനെ സംബന്ധിച്ച കണക്കുകള്‍ കേന്ദ്രത്തിൻ്റെ പക്കലില്ലെന്ന് ധനകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചിരുന്നു. മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ ആര്‍ബിഐ ഗവര്‍ണറിൻ്റെ പരാമര്‍ശത്തിലെ ആധികാരികത ചോദ്യം ചെയ്യുന്നതാണ്. കണക്കുകള്‍ കൃത്യമല്ലെങ്കില്‍ കൂടി വലിയൊരു ശതമാനം ഇന്ത്യക്കാരും ക്രിപ്‌റ്റോ നിക്ഷേപങ്ങളുടെ സാധ്യതകള്‍ തേടുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ ക്രിപ്‌റ്റോയുടെ സാധ്യതകള്‍ ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കും വിധമുള്ള നിയന്ത്രണങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുനിയേണ്ടത്.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it