പരസ്യത്തില്‍ പറയുന്ന പലിശ നിരക്ക് നിങ്ങള്‍ ഭവന വായ്പ എടുക്കുമ്പോള്‍ ലഭിക്കാത്തത് എന്തുകൊണ്ട്?

ഭവന വായ്പകളുടെ പലിശനിരക്ക് കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഏറ്റവും താഴ്ന്ന നിലയിലാണ്. പല ബാങ്കുകളും ഏഴ് ശതമാനത്തിന് താഴെ വരെ ഭവനവായ്പകള്‍ വാഗ്ദാനം ചെയ്യുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക് അടുത്തിടെ 6.75 ശതമാനം പലിശ നിരക്കില്‍ ഭവന വായ്പ അവതരിപ്പിച്ചിരുന്നു. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഭവനവായ്പാ വിപണിയില്‍ മുഖ്യ പങ്ക് വഹിക്കുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങളും മത്സരാത്മകമായ നിരക്കുകളില്‍ വായ്പ വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് എന്നിവ 6.9 ശതമാനം മുതല്‍ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നുവെന്നാണ് അവരുടെ വെബസൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) 6.8 ശതമാനം പലിശയ്ക്കാണ് ഭവന വായ്പ നല്‍കുന്നത്.

പക്ഷേ, പരസ്യങ്ങളില്‍ കാണുന്ന ഈ നിരക്കുകള്‍ വളരെ ആകര്‍ഷകമാണെങ്കിലും അവ എല്ലാവര്‍ക്കും ലഭിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉള്ള ശമ്പളക്കാരായ വനിതാ വായ്പക്കാര്‍ക്ക് മാത്രമാണ് മിക്ക ബാങ്കുകളും മികച്ച നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. അതുപോലെ, കുറഞ്ഞ നിരക്കുകള്‍ ലഭിക്കുന്നതിന് നിങ്ങള്‍ പാലിക്കേണ്ട മറ്റ് ചില മാനദണ്ഡങ്ങളും ഉണ്ട്. പരസ്യത്തില്‍ കാണിച്ചിരിക്കുന്ന നിരക്കുകള്‍ കണ്ട് അതിന് പിന്നാലെ പോകും മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

യോഗ്യതകള്‍ അറിയണം

വായ്പയ്ക്ക് അപേക്ഷിക്കും മുന്‍പ് ബാങ്കുകള്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കേണ്ടത് പ്രധാനമാണ്.

ഉദാഹരണത്തിന്, യോനോ ആപ്ലിക്കേഷനിലൂടെ അപേക്ഷ നല്‍കുന്ന ശമ്പളക്കാരായ സ്ത്രീകള്‍ക്ക് 30 ലക്ഷം രൂപ വരെ 6.90 ശതമാനം നിരക്കില്‍ വായ്പ വാഗ്ദാനം ചെയ്യുന്നുണ്ട് എസ്ബിഐ്. അതേസമയം, ശമ്പളക്കാരായ പുരുഷന്മാര്‍ക്ക് നിരക്ക് 6.95 ശതമാനം നിരക്കിലാണ് 30 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നത്.

YONO അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍, നിരക്കുകള്‍ 0.05 ശതമാനം കൂടുതലാണ്. ശമ്പളമില്ലാത്ത വായ്പക്കാരനാണെങ്കില്‍ നിരക്കുകള്‍ 0.15 ശതമാനം കൂടുതലായിരിക്കും. ബാങ്കുകളുടെ വെബ്സൈറ്റുകളില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്.

റിസര്‍വ് ബാങ്കിന്റെ പോളിസി നിരക്കിന് അനുസരിച്ച് പലിശ നിരക്ക് മാറുന്ന ഫ്േളാട്ടിംഗ് റേറ്റ് വായ്പകളാണ് ഇവയെല്ലാം തന്നെ. പ്രധാന ബാങ്കുകളൊന്നും തന്നെ ഫിക്‌സഡ് റേറ്റില്‍ വായ്പ നല്‍കുന്നില്ല.

വായ്പയെടുക്കുന്നവരുടെ പ്രായം, വരുമാനം, ക്രെഡിറ്റ് സ്‌കോര്‍, പ്രോപ്പര്‍ട്ടി മൂല്യം, സ്ഥലം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് കുറഞ്ഞ നിരക്കുകള്‍ ലഭ്യമാകുന്നത്. പക്ഷേ പരസ്യത്തില്‍ ഇതൊന്നും വെളിപ്പെടുത്തുകയില്ല. അതുകൊണ്ട് വായ്പയെടുക്കും മുന്‍പ് വിവിധ ബാങ്കുകളിലെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

ക്രെഡിറ്റ് സ്‌കോര്‍ പ്രശ്‌നമാകും

വായ്പക്കാരന്റെ ക്രെഡിറ്റ് പ്രൊഫൈല്‍ അനുസരിച്ചും പലിശ നിരക്ക് വ്യത്യാസപ്പെടാം. ക്രെഡിറ്റ് സ്‌കോര്‍ കുറവാണെങ്കില്‍ അതിനനുസരിച്ച് നിരക്കുകള്‍ ഉയരും.

ഉദാഹരണത്തിന്, ഒരു പുരുഷ വായ്പക്കാരന്‍ 30 ലക്ഷം രൂപ, വായ്പ ആവശ്യപ്പെടുകയാണെന്ന് വിചാരിക്കുക. അയാളുടെ ക്രെഡിറ്റ് സ്‌കോര്‍ 700 ന് മുകളിലാണെങ്കില്‍, അയാള്‍ക്ക് 6.85 ശതമാനം നിരക്കില്‍ വായ്പ ലഭിക്കും. അതേ സമയം 600-700 പോയ്ന്റിനിടയിലുള്ളവര്‍ക്ക് 6.90 ശതമാനവും, 600 ന് താഴെയുള്ളവര്‍ക്ക് 7.15 ശതമാനവുമായിരിക്കും നിരക്ക്. ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്ത വായ്പക്കാരില്‍ നിന്ന് ബാങ്കുകള്‍ സാധാരണയായി 25 ബേസിസ് പോയ്ന്റ്(0.0025 ശതമാനം)് വരെ പ്രീമിയം ഈടാക്കാറുണ്ട്.

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ചില ബാങ്കുകള്‍ വായ്പ നയം കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്, ക്രെഡിറ്റ് സ്‌കോറിന്റെ ആവശ്യകതയും റിസ്‌ക് പ്രീമിയവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഉദാഹരണത്തിന് ജൂലൈ വരെയുള്ള സമയത്ത് ബാങ്ക് ഓഫ് ബറോഡ 726 വരെ സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കുകള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇപ്പോള്‍, അത്രയും മികച്ച നിരക്കുകള്‍ ലഭിക്കണമെങ്കില്‍ 775 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്‌കോര്‍ ആവശ്യമാണ്. ഉത്സവ സീസണ്‍ കാരണം, ചില ബാങ്കുകള്‍ അവരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ കോവിഡിന് മുന്‍പുള്ള തലത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ തുടങ്ങിയിട്ടുണ്ട്.

മോറട്ടോറിയം കാലാവധി കഴിഞ്ഞേതോടെ ബാങ്കുകള്‍ക്ക് വായ്പക്കാരുടെ തിരിച്ചടവു ശേഷിയെ കുറിച്ച് കൂടുതല്‍ വ്യക്തത വന്നതാണ് കാരണം. മോറട്ടോറിയം കാലാവധിയില്‍ വായ്പ തിരിച്ചടച്ചില്ലെങ്കിലും വായ്പക്കാരെ കുറ്റവാളികളാക്കരുതെന്ന് ക്രെഡിറ്റ് ബ്യൂറോകളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇത് ബാങ്കുകളെ സംബന്ധിച്ച് അപേക്ഷകരെ വിലയിരുത്തല്‍ പ്രക്രിയ ബുദ്ധിമുട്ടേറിയതാക്കി മാറ്റിയിരുന്നു.

ഇപ്പോള്‍ ചില ബാങ്കുകള്‍, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകള്‍, അവരുടെ വെബ്സൈറ്റുകളിലെ ക്രെഡിറ്റ് സ്‌കോറുകളെ അടിസ്ഥാനമാക്കിയാണ് നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. ്


ബാങ്കോ എന്‍ബിഎഫ്സിയോ?

വായ്പാ നിരക്കുകള്‍ ഇപ്പോള്‍ ഒരു ബാഹ്യ ബെഞ്ച്മാര്‍ക്ക് നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ബാങ്കുകള്‍ കൂടുതല്‍ സുതാര്യമാണ്.

മിക്ക ബാങ്കുകളും റിപ്പോ നിരക്ക് ആണ് ബെഞ്ച്മാര്‍ക്ക് ആയി തിരഞ്ഞെടുത്തിരിക്കുന്നത്

അതേ സമയം, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളില്‍ (എന്‍ബിഎഫ്സി) നിന്നുള്ള വായ്പകള്‍ ഇന്റേണല്‍ ബെഞ്ച്മാര്‍ക്ക്, പ്രൈം ലെന്‍ഡിംഗ് റേറ്റ് (പിഎല്‍ആര്‍) എന്നിവയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് അവരുടേതായ രീതിയില്‍ നിരക്കുകളില്‍ മാറ്റം വരുത്താന്‍ സ്വാതന്ത്ര്യമുണ്ട്.

അതുകൊണ്ടുതന്നെ ബാങ്കുകളെ അപേക്ഷിച്ച് മൃദുവായ യോഗ്യതാ മാനദണ്ഡങ്ങളാണ് എന്‍ബിഎഫ്‌സികള്‍ പിന്തുടരുന്നത്. കസ്റ്റമര്‍ക്ക് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ എന്‍ബിഎഫ്‌സികള്‍ക്ക് സാധിക്കും.

ഒന്നിലധികം അന്വേഷണം വേണ്ട

മൂല്യനിര്‍ണ്ണയത്തിനുള്ള മാനദണ്ഡം വ്യത്യസ്തമായിരിക്കുന്നതിനാല്‍ രണ്ട് വായ്പക്കാരും നിങ്ങള്‍ക്ക് ഒരേ നിരക്കോ, വായ്പതുകയോ വാഗ്ദാനം ചെയ്യില്ല.

പക്ഷേ, മികച്ച ഡീല്‍ കണ്ടെത്താനായി്, ഒരിക്കലും ഒന്നിലധികം വായ്പകള്‍ക്ക് ഒരേ സമയം അപേക്ഷിക്കരുത്. നിങ്ങള്‍ക്ക് ഇതിനകം വളരെയധികം കടബാധ്യതകളുണ്ടെന്ന് ഇത് സൂചിപ്പിക്കാം. അതത് ക്രെഡിറ്റ് സ്‌കോറുകളെ പ്രതികൂലമായി ബാധിക്കും.

നിങ്ങള്‍ത്ത് നിരക്കുകള്‍ താരതമ്യം ചെയ്യണമെങ്കില്‍ ബാങ്ക് വെബ്‌സൈറ്റുകളോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ലോണ്‍ അഗ്രഗേറ്റര്‍മാരുടെ പ്ലാറ്റ്‌ഫോമുകളോ ഉപയോഗിക്കാം. അതിനുശേഷം മികച്ച നിരക്കുകള്‍ നല്‍കുന്ന ഒന്നോ രണ്ടാ വായ്പാ ദാതാക്കളെ കണ്ടെത്തി അപേക്ഷിക്കുക.

നിലവില്‍ പലിശനിരക്ക് വളരെ കുറവാണ്, പക്ഷേ പരസ്യങ്ങളില്‍ കൊടുത്തിരിക്കുന്ന നിരക്കുകള്‍ കണ്ട് അതില്‍ വീഴരുത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it