വായ്പാ വിപണിയില്‍ വനിതകളുടെ പങ്കാളിത്തം ഏറുന്നു
വായ്പാ രംഗത്ത് സജീവമായ വനിതകളുടെ കാര്യത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 15 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയുണ്ടായതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട്. 2017-ല്‍ വനിതാ വായ്പാ ഉപഭോക്താക്കള്‍ 25 ശതമാനമായിരുന്നത് 2022-ല്‍ 28 ശതമാനമായി വളര്‍ന്നിട്ടുണ്ട്. രാജ്യത്തെ 45.4 കോടി വരുന്ന വനിതകളില്‍ വെറും 6.3 കോടി പേര്‍ മാത്രമാണ് വായ്പാ രംഗത്തു സജീവമായുള്ളത്.
പ്രത്യേകമായ പദ്ധതികള്‍
എല്ലാ പ്രായത്തിലും, വിവിധ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളില്‍ ഉള്ളതുമായ വനിതകള്‍ക്കായുള്ള പ്രത്യേകമായ പദ്ധതികള്‍ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളള്‍ നിറവേറ്റാന്‍ അവരെ കൂടുതല്‍ ശാക്തീകരിക്കുന്നു. ഇതിനോടൊപ്പം ഈ രംഗത്തു വളര്‍ച്ച നേടാന്‍ വായ്പാ സ്ഥാപനങ്ങളെ ഇത് സഹായിക്കുമെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ഹര്‍ഷല ചന്ദോര്‍കര്‍ പറഞ്ഞു.
വനിതകള്‍ മുന്നില്‍
57 ശതമാനത്തോളം വനിതകള്‍ക്കും പ്രൈം എന്ന മികച്ച നിരക്കിലുള്ള വായ്പാ സ്‌കോര്‍ ആണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുരുഷന്‍മാരില്‍ ഇത് 51 ശതമാനമാണ്. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും വനിതാ വായ്പാ ഉപഭോക്താക്കളുടെ തോത് വര്‍ധിക്കുകയാണ്. 18 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയാണ് ഇവിടെയുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.