ഭവന വായ്പ തിരിച്ചടവില്‍ ലക്ഷങ്ങള്‍ ലാഭിക്കാം, നിങ്ങള്‍ ഇത് ചെയ്താല്‍

ഏഴ് ശതമാനത്തിലും താഴ്ന്ന നിരക്കില്‍ ഭവന വായ്പ ലഭിക്കുന്ന കാലമാണിത്. പക്ഷേ അതെല്ലാം പുതുതായി വായ്പ എടുക്കുന്നവര്‍ക്കുള്ള സൗഭാഗ്യമാണ്. നിലവില്‍ ഭവന വായപ എടുത്തവര്‍ ബാങ്കുകളെ സമീപിച്ച് അപേക്ഷ നല്‍കി, സ്വിച്ച് ഓവര്‍ ഫീസ് ഉണ്ടെങ്കില്‍ അതും നല്‍കിയാല്‍ മാത്രമേ കുറഞ്ഞ പലിശ നിരക്കിലേക്ക് അവരുടെ വായ്പകള്‍ മാറൂ.

ഭവന വായ്പയുടെ പലിശ നിരക്ക് സാധ്യമായത്ര താഴ്ത്തി പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മത്സരിക്കുകയാണ് ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും. ഈ മത്സരം മൂലം 6.65 ശതമാനം പലിശയ്ക്ക് വരെ ഭവന വായ്പ ഇപ്പോള്‍ ലഭ്യമാണ്. നിലവില്‍ ഭവന വായപ ഉള്ളവര്‍ക്ക് ഇതിന്റെ മെച്ചം ലഭിക്കാന്‍ ഒരു വഴിയുണ്ട്. ഏറ്റവും കുറഞ്ഞ പലിശയുള്ള ബാങ്കിലേക്കോ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയിലേക്കോ നിങ്ങളുടെ ഭവന വായ്പ മാറ്റുക.

നിങ്ങള്‍ക്ക് മികച്ച ക്രെഡിറ്റ് സ്‌കോറുണ്ടെങ്കില്‍ മികച്ച വരുമാനവും ജോലിയും ഉണ്ടെങ്കില്‍ മറ്റ് ബാങ്കുകളോ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളോ നിങ്ങളുടെ ഭവന വായ്പ നിലവിലെ ബാങ്കില്‍ നിന്ന് ഏറ്റെടുക്കാനും തയ്യാറായിരിക്കും.

കോട്ടക് മഹീന്ദ്ര ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എല്‍ ഐ സി ഹൗസിംഗ് എന്നിവരെല്ലാം തന്നെ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഭവന വായ്പയുടെ പലിശ കുറച്ചിട്ടുണ്ട്.

പൊതുമേഖലാ ബാങ്കുകളായ എസ് ബി ഐ, കാനറാ ബാങ്ക് എന്നിവയുടെ ഭവന വായ്പാ പലിശ നിരക്ക് ഇപ്പോള്‍ 6.70 - 6.95 ശതമാനമാണ്. പ്രമുഖ സ്വകാര്യ ബാങ്കുകളുടെ പലിശ നിരക്ക് 6.70- 6.75 ശതമാനനിരക്കിലുമാണ്.

നിങ്ങളുടെ നിലവിലെ ഭവന വായ്പ ഒരു ബാങ്ക്/ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ പ്രോസസിംഗ് ഫീസ് നല്‍കേണ്ടി വരും. ബാങ്കുകള്‍ / ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ നിഷ്‌കര്‍ഷിക്കുന്ന നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടി വരും. എന്നിരുന്നാലും കുറഞ്ഞ പലിശ നിരക്കിലേക്ക് നിങ്ങളുടെ നിലവിലെ ഭവന വായ്പ മാറ്റിയാല്‍ ലക്ഷങ്ങള്‍ ഒരുപക്ഷേ ലാഭിക്കാന്‍ സാധിച്ചെന്നിരിക്കും.

അതായത് കുറഞ്ഞ പലിശ നിരക്കിലേക്ക് നിങ്ങളുടെ ഭവന വായ്പ മാറുമ്പോള്‍ പ്രതിമാസ വായ്പാ തവണ തുക കുറയും. ഇനി അതേ തുക തന്നെ നിങ്ങള്‍ തിരിച്ചടവ് തുടരുകയാണെങ്കില്‍ കാലാവധി കുറയ്ക്കാനാകും.

ഭവന വായ്പയില്‍ തിരിച്ചടയ്ക്കാന്‍ വലിയൊരു തുക ശേഷിക്കുന്നുണ്ടെങ്കില്‍ ഇത്തരത്തില്‍ വായ്പകള്‍ കുറഞ്ഞ പലിശ നിരക്കുള്ളതിലേക്ക് മാറ്റുന്നതുകൊണ്ടുള്ള മെച്ചവും വളരെയേറെ ആയിരിക്കും.

ഉദാഹരണത്തിന്, 30 ലക്ഷം രൂപ ഭവന വായ്പയുള്ള ഒരു വ്യക്തിയുടെ ഇപ്പോഴത്തെ പ്രതിമാസ വായ്പാ തിരിച്ചടവ് 25,093 രൂപയാണെങ്കില്‍, അതേ വായ്പ 6.65 ശതമാനം നിരക്കുള്ള ബാങ്കിലേക്കോ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയിലേക്കോ മാറ്റിയാല്‍ ഇഎംഐ 22,633 രൂപ മതിയാകും. അതായത് പ്രതിമാസം 2,460 രൂപ ലാഭിക്കാം. 20 വര്‍ഷകാലാവധിയുള്ള വായ്പയാണെങ്കില്‍ ലാഭിക്കാനാകുന്നത് 5.90 ലക്ഷം രൂപയാണ്!
എന്തൊക്കെ ശ്രദ്ധിക്കണം
ഭവന വായ്പ, കുറഞ്ഞ നിരക്കിലുള്ള മറ്റൊരു ബാങ്കിലേക്കോ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയിലേക്കോ മാറ്റുമ്പോള്‍, അവിടെ ലഭിക്കുന്ന പലിശ നിരക്ക് എത്രകാലത്തേക്കാണ് എന്ന് കൃത്യമായി അറിയണം. പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിശ്ചിത കാലാവധിയിലേക്ക് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്‌തേക്കാം. ആ കാലാവധി കഴിയുമ്പോള്‍ പലിശ നിരക്ക് ഉയര്‍ത്താനും സാധ്യതയുണ്ട്. അതായത് ടീസര്‍ ലോണ്‍ എന്ന ആകര്‍ഷണത്തില്‍ വീഴരുത്.

ഇത്തരത്തില്‍ വായ്പ മാറ്റുന്നതുകൊണ്ടുള്ള സാമ്പത്തിക മെച്ചം വിദഗ്ധരോട് ചോദിച്ച് മനസ്സിലാക്കുക. പുതിയ ബാങ്കിലേക്ക് മാറുമ്പോള്‍ അവരുടെ പ്രോസസിംഗ് ഫീസിലും ഇളവ് നേടാനുള്ള വഴികള്‍ തേടുക.

മികച്ച ക്രെഡിറ്റ് സ്‌കോറുള്ള, മുടങ്ങാതെ ഭവന വായ്പ അടക്കുന്നവര്‍ക്കൊക്കെയാകും മികച്ച പലിശ നിരക്കും പുതിയ വായ്പാ ദാതാവ് വാഗ്ദാനം ചെയ്യുക.


Related Articles
Next Story
Videos
Share it