

ഏവരും ആദരിക്കുന്ന ഉയര്‍ന്ന ജോലി. മികച്ച വേതനം. ആര്‍ക്കും അസൂയ തോന്നുന്ന ജീവിത നിലവാരം. ഇങ്ങനെ തിളങ്ങിനില്‍ക്കുമ്പോള്‍ ഒരു കൂട്ടപ്പിരിച്ചുവിടലില്‍ ജോലി നഷ്ടപ്പെടുന്നു.
സോഷ്യല്‍ മീഡിയയില്‍ മില്യണ്‍ കണക്കിന് ഫോളോവേഴ്സുള്ള ഇന്‍ഫ്ളുവന്‍സര്‍. ഒരു അല്‍ഗൊരിതം മാറ്റത്തിലൂടെ എല്ലാം തവിടുപൊടിയായി.
ഉയര്‍ന്ന മൂല്യമുള്ള കമ്പനിയുടെ സാരഥി.ഓഹരി വിപണിയുടെ ഒരു തിരുത്തലില്‍ കമ്പനി വാല്വേഷന്‍ നേരെ താഴേക്ക്.
കണ്ണടച്ച് തുറക്കും മുമ്പേ ലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ ചിലത് മാത്രമാണിത്.
'നിങ്ങളുടെ കയ്യില്‍ എന്താണുള്ളത്?'
ഇതാണ് യഥാര്‍ത്ഥ ചോദ്യം.
അല്ലെങ്കില്‍ നിങ്ങളുടെ കയ്യില്‍ ഒന്നുമില്ലാതായാല്‍ പിന്നെ നിങ്ങള്‍ ആരാണ്?
നമ്മുടെ പൗരാണിക ദാര്‍ശനികര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ''സമ്പത്ത് എന്നാല്‍ ഒട്ടേറെ കാര്യങ്ങള്‍ കൈവശമുണ്ടെന്നതല്ല, മറിച്ച് വളരെ കുറച്ച് ആവശ്യങ്ങള്‍ ഉണ്ടായിരിക്കുന്നു എന്നതാണ്.'' നമുക്ക് ഇതിലെ സമ്പത്ത് എന്നത് മാറ്റി ശക്തി എന്നാക്കാം. നിങ്ങള്‍ കാലാതീതമായ ആ സത്യത്തെ അപ്പോള്‍ തിരിച്ചറിയും.
നിങ്ങളില്‍ നിന്ന് ആര്‍ക്കും ഒരു സാഹചര്യത്തിലും എടുത്തുമാറ്റാന്‍ പറ്റാത്തവയില്‍ നിക്ഷേപം നടത്തിയാല്‍ പിന്നെ നിങ്ങളെ പിടിച്ചുകെട്ടാനാവില്ല.
നിങ്ങളില്‍ നിക്ഷേപം നടത്താവുന്ന നാല് കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം
കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടക്കുമ്പോള്‍ സ്വഭാവം കെട്ടിപ്പടുക്കപ്പെടുന്നില്ല. എല്ലാ കാര്യങ്ങളും തെറ്റുമ്പോള്‍ സ്വഭാവം കെട്ടിച്ചമയ്ക്കപ്പെടുന്നു. എങ്ങനെയെന്നല്ലേ? വിമര്‍ശനങ്ങളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു, പരാജയത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു? അനീതി നേരിടേണ്ടി വരുമ്പോള്‍ എങ്ങനെ പ്രതികരിക്കുന്നു? അല്ലെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമ്പോള്‍ എന്ത് ചെയ്യുന്നു? ഇതില്‍ നിന്നെല്ലാം വഴുതിമാറി മുഖം രക്ഷിക്കാന്‍ നോക്കുമോ, അല്ലെങ്കില്‍ മറ്റാരും ശ്രദ്ധിക്കുന്നില്ലെങ്കില്‍ പോലും സത്യനിഷ്ഠയോടെ കാര്യങ്ങള്‍ സ്വയം ചെയ്ത് മുന്നോട്ട് പോകുമോ?
നിങ്ങളുടെ പ്രശസ്തിയുടെ ശില്‍പ്പി നിങ്ങളുടെ സ്വഭാവമാണ്. മനുഷ്യര്‍ നിങ്ങളുടെ നേട്ടങ്ങള്‍ ഒരു പക്ഷേ മറന്നേക്കാം. പക്ഷേ നിങ്ങള്‍ അവരോട് എങ്ങനെ പെരുമാറി, എന്ത് അനുഭവമാണ് അവര്‍ക്ക് നല്‍കിയത് എന്നത് അവര്‍ മറക്കില്ല.
ജോലിയിലെ ഒരു സ്ഥാനക്കയറ്റം റദ്ദാക്കപ്പെട്ടേക്കാം. ഏറെ വൈറലായ ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം. പക്ഷേ മറ്റൊരാള്‍ക്കും ഒരു വ്യക്തിയുടെ ദിനചര്യകളെ, ചിട്ടകളെ ഇല്ലായ്മ ചെയ്യാന്‍ പറ്റില്ല. അതിരാവിലെ ഉണരുന്ന ശീലം, നിരന്തരം പുതിയ കാര്യങ്ങള്‍ പഠിക്കുന്ന ശീലം, ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ചിട്ടയായുള്ള വ്യായാമം... ഇതൊക്കെ ഒരു വ്യക്തിയില്‍ നിന്ന് ആര്‍ക്ക് എടുത്ത് മാറ്റാന്‍ പറ്റും?
ചിട്ടകളാണ്, അല്ലെങ്കില്‍ നമ്മുടെ ശീലങ്ങളാണ് നമ്മുടെ കുതിപ്പിന്റെ ദിശ തീരുമാനിക്കുന്നത്. നിങ്ങളുടെ വിജയങ്ങള്‍ കാലാതീതമായി നില്‍ക്കണോ? ചെറിയ കാര്യങ്ങളുടെ തമ്പുരാനാകൂ.
രണ്ട് പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ഒരാള്‍ അത് തന്റെ ജീവിതത്തിന്റെ അന്ത്യമെന്ന പോലെയാണ് എടുത്തത്. രണ്ടാമന്‍ അതൊരു പുതിയ തുടക്കമായാണ് എടുത്തത്. ഗ്രോത്ത് മൈന്‍ഡ്സെറ്റ് എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും ഒരു അവസരം തേടിക്കണ്ടെത്തും. എന്ത് സംഭവിക്കുന്നു എന്നതിലല്ല. എന്ത് സംഭവിച്ചാലും നിങ്ങള്‍ അതിനെ എങ്ങനെ എടുക്കുന്നു എന്നതിലാണ് കാര്യം.
നിങ്ങളുടെ ജീവിതത്തിന്റെ തിരക്കഥാകൃത്താണ് നിങ്ങളുടെ മാനസിക നില. അത് നിങ്ങള്‍ തിരുത്തിയെഴുതൂ. നിങ്ങളുടെ ഭാവി തിരുത്തിയെഴുതാനാകൂം.
നിങ്ങളിലെ പ്രതിഭനിങ്ങളെ ഒരിടത്ത് എത്തിക്കും. നിങ്ങളുടെ വൈദഗ്ധ്യം നിങ്ങള്‍ക്കവിടെയൊരു ഇരിപ്പിടമുണ്ടാക്കിത്തരും. പക്ഷേ നിങ്ങളുടെ മനസ്ഥിതി (ആറ്റിറ്റ്യൂഡ്) ആകും ആരൊക്കെ നിങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും, അല്ലെങ്കില്‍ വിട്ടുപോകും എന്ന് തീരുമാനിക്കുക.
ശുഭാപ്തി വിശ്വാസം, കാര്യങ്ങള്‍ അറിയാനുള്ള ജിജ്ഞാസ,എത്ര തിരിച്ചടി വന്നാലും പിടിച്ചുനിന്ന്‌വീണ്ടും മുന്നോട്ട് പോകാനുള്ള നിശ്ചയദാര്‍ഢ്യം ഇവയൊക്കെ ചുറ്റിലും പടരുന്ന 'പകര്‍ച്ചവ്യാധി'കളാണ്. ഇതൊന്നും ആരില്‍ നിന്നും കട്ടെടുത്ത് കൊണ്ടുപോകാനാവില്ല.
എന്തുകൊണ്ടാണ് ഇതൊക്കെ ഇപ്പോള്‍ മുമ്പെന്നത്തേക്കാള്‍ പ്രധാനമാവുന്നത്?
എഐയുടെയും ഓട്ടോമേഷന്റെയും സാമ്പത്തിക അസ്ഥിരതകളുടെയും യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇന്നത്തെ വൈദഗ്ധ്യം നാളെ ഒരു പ്രസക്തിയുമില്ലാത്ത ഒന്നാകാം. പക്ഷേ നിങ്ങളുടെ സ്വഭാവം, നിങ്ങളുടെ ശീലങ്ങള്‍, നിങ്ങളുടെ മാനസിക നില, നിങ്ങളുടെ മനോഭാവം എന്നിവയെല്ലാം സ്ഥിരമായ മത്സരാധിഷ്ഠിത സ്വഭാവം നിങ്ങള്‍ക്ക് സമ്മാനിക്കും.
സോഷ്യല്‍ മീഡിയയിലൊക്കെ തരംഗമുണ്ടാക്കുന്നവര്‍ക്ക് ഒരു ദിവസം അതൊക്കെ നഷ്ടമായേക്കാം. പക്ഷേ ആത്യന്തികമായി നിങ്ങള്‍ എന്താണോ, നിങ്ങള്‍ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത്, അത് എക്കാലവും വേറിട്ട് നില്‍ക്കുക തന്നെ ചെയ്യും. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ആന്തരികമായ 'പോര്‍ട്ട്ഫോളിയോ' റിവ്യു ചെയ്യുക. എന്നിട്ട് നിങ്ങളോട് തന്നെ ചോദിക്കൂ, എന്റെ ഇപ്പോഴത്തെ റോളിനേക്കാള്‍ മികച്ചതായി ഞാന്‍ എന്തെല്ലാം ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നുണ്ട്? എന്റെ മാനസികാവസ്ഥ എന്റെ ദൈനംദിന തീരുമാനങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു?എന്റെ സ്വഭാവഗുണമുള്ള ഒരാളെ ഞാന്‍ വിശ്വസിക്കുമോ?
ബാഹ്യ വിജയങ്ങളെ തള്ളിക്കളയുക എന്നതല്ല ലക്ഷ്യം. അവ തകരാന്‍ കഴിയാത്ത ഒരു അടിത്തറയില്‍ കെട്ടിപ്പടുക്കുക എന്നതാണ്. കാരണം, നിങ്ങള്‍ നിങ്ങളില്‍ തന്നെ നിക്ഷേപിക്കുമ്പോള്‍- യഥാര്‍ത്ഥത്തില്‍ നിങ്ങളില്‍ തന്നെ- പുനര്‍നിര്‍മിക്കുന്നതിനും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനുമുള്ള നിങ്ങളുടെ ശക്തി ആര്‍ക്കും ഒരിക്കലും എടുത്തുകളയാന്‍ കഴിയില്ല.
* ലേഖകന്‍ ദുബൈയില്‍ സംരംഭകനാണ്.
(ധനം മാഗസിന്‍ ജൂലൈ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine