വളരാന്‍ ഫണ്ട് ഇങ്ങനെ സമാഹരിക്കാം

Q. വളര്‍ച്ച ആഗ്രഹിക്കുന്ന എസ് എം ഇകള്‍ക്ക് ഫണ്ട് സമാഹരിക്കാനുള്ള വഴികളെന്തൊക്കെയാണ്?

ചെറുകിട-ഇടത്തരം സംരംഭകരെ ചെറുതാക്കി നിര്‍ത്തുന്ന ഘടകങ്ങളെ തകര്‍ത്ത് വളരാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റിന്റെ വഴി സ്വീകരിക്കുന്നതാകും നല്ലത്. താല്‍പ്പര്യമുള്ള നിക്ഷേപകരില്‍ നിന്ന് ഇതിലൂടെ ഫണ്ട് സമാഹരിക്കാനാകും.
വായ്പ കുറയ്ക്കാനും പലിശ ചെലവ് നിയന്ത്രണത്തിലാക്കാനും ഇതിലൂടെ സാധിക്കും. എന്നാല്‍ ഇത്തരം വഴി സ്വീകരിക്കുന്നവര്‍ സ്വന്തം സംരംഭത്തിലെ അവരുടെ ഓഹരി പങ്കാളിത്തം കുറയ്ക്കേണ്ടി വരും. ഇതാണ് ഇതിന്റെ ഏക പ്രശ്നവും. എന്നിരുന്നാലും സംരംഭത്തിലെ പുതിയ പങ്കാളിക്ക് കൂടുതലായി ബിസിനസ് കൊണ്ടുവരാനും വിവിധ മേഖലകളില്‍ അവരുടേതായ സംഭാവന നല്‍കാനും സാധിച്ചെന്നിരിക്കും.
Q. ഒന്നുമില്ലായ്മയില്‍ നിന്ന് ബിസിനസ് കെട്ടിപ്പടുത്ത വ്യക്തിയാണ് ഞാന്‍. ഇപ്പോള്‍ സാമാന്യം നല്ലൊരു നിലയിലെത്തിയിട്ടുണ്ട്. പുറത്തുനിന്നുള്ള പ്രൊഫഷണലുകളെ കൊണ്ടുവന്ന് സംരംഭത്തെ പ്രൊഫഷണലൈസ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ അഭിപ്രായമെന്താണ്?
പ്രൊഫഷണലുകളെ കൊണ്ടുവന്ന് സംരംഭത്തെ പ്രൊഫഷണലൈസ് ചെയ്യുന്നതൊക്കെ നല്ലതാണ്. യഥാര്‍ത്ഥത്തില്‍ അതിപ്പോള്‍ ഏറ്റവും ആവശ്യമായ കാര്യവുമാണ്. എങ്കില്‍ മാത്രമേ സംരംഭത്തിന്റെ ഉടമയ്ക്ക് ബിസിനസ് വളര്‍ച്ചയ്ക്കുവേണ്ട കാര്യങ്ങളില്‍ ശ്രദ്ധയൂന്നാന്‍ സാധിക്കൂ. എന്നിരുന്നാലും നിങ്ങളുടെ ബിസിനസിലെ പ്രധാന സംഭവവികാസങ്ങളെ കുറിച്ച് അറിവും ധാരണയും ബിസിനസിന്മേല്‍ ഒരുപിടിയും നിങ്ങള്‍ക്ക് എന്നും വേണം. കാരണം, പ്രൊഫഷണലുകള്‍ ദീര്‍ഘകാലം നിങ്ങളുടെ ബിസിനസിനൊപ്പം ഉണ്ടാകണമെന്നില്ല. ഇതിലും നല്ല അവസരം വരുമ്പോള്‍ അവര്‍ അത് സ്വീകരിക്കും. അതുകൊണ്ട് പ്രൊഫഷണലുകളെ ജോലികള്‍ ഏല്‍പ്പിക്കുമ്പോള്‍ ഏറെ ഉത്തരവാദിത്ത ബോധം നിങ്ങളും പുലര്‍ത്തേണ്ടിയിരിക്കുന്നു.




Related Articles
Next Story
Videos
Share it