Begin typing your search above and press return to search.
നിങ്ങളുടെ ബിസിനസില്‍ ലാഭക്ഷമത സംരക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്?
ചോദ്യം: പലവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഇടത്തരം മാനുഫാക്ചറിംഗ് കമ്പനിയാണ് എന്റേത്. എന്റെ ബിസിനസിന്റെ ലാഭക്ഷമത ഓരോ മാസവും ഗണ്യമായ വിധത്തില്‍ വ്യത്യാസപ്പെട്ടിരിക്കും. സെയ്ല്‍സ് ടേണോവര്‍ ഏകദേശം ഒരേപോലെയായിരുന്നിട്ടാണ് ഈ സ്ഥിതി. എന്റെ ലാഭക്ഷമത സംരംക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഞാന്‍ ചെയ്യേണ്ടത്?
ഉത്തരം: ഉല്‍പ്പന്നത്തിന്റെ വില സ്ഥിരമായിരിക്കുമ്പോഴും ലാഭക്ഷമതയില്‍ മാറ്റം വരാന്‍ കാരണങ്ങള്‍ പലതുണ്ട്. അതില്‍ സുപ്രധാന കാരണം, നിങ്ങളുടെ വിവിധ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന ചെലവ്, ഇന്‍പുട്ട് കോസ്റ്റില്‍ വരുന്ന വ്യതിയാനം മൂലം, വ്യത്യാസപ്പെടുന്നതാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളുടെ ചെലവ് സമയാസമയങ്ങളില്‍ മാറിക്കൊണ്ടിരിക്കും.
അത്തരത്തില്‍ ഉല്‍പ്പാദന ചെലവില്‍ വരുന്ന മാറ്റം കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ കോസ്റ്റിംഗില്‍ പ്രതിഫലിക്കണം. അതിനായി നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ഉല്‍പ്പാദന ചെലവും ആ ഉല്‍പ്പന്നം വിപണിയില്‍ അപ്പോഴത്തെ വിലയില്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മാര്‍ജിനും കൃത്യമായി അറിഞ്ഞിരിക്കണം.
ആശയപരമായി നോക്കുമ്പോള്‍ ഇത് ലളിതമായ കാര്യമാണ്. എന്നിരുന്നാലും ഭൂരിഭാഗം എസ് എം ഇകളും അവയുടെ പ്രോഡക്റ്റ് കോസ്റ്റിംഗ് കൃത്യമായ ഇടവേളകളില്‍ നടത്താറില്ല. ഓരോ മാസാവസാനവും, യഥാര്‍ത്ഥ ഇന്‍പുട്ട് കോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നത്തിന്റെ കോസ്റ്റിംഗ് നടത്തണം. ഈ കോസ്റ്റിംഗ് നിങ്ങളെ പല കാര്യങ്ങള്‍ക്ക് സഹായിക്കും.
$ നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ അടുത്ത മാസത്തെ വില നിര്‍ണയം ഇതിലൂടെ നടത്താനാകും. ഉല്‍പ്പന്നത്തിന്റെ വില കൂട്ടാന്‍ പറ്റുന്ന വിപണി സാഹചര്യമാണെങ്കില്‍, കൂടിയ വിലയ്ക്ക് ഉല്‍പ്പന്നം ഉപഭോക്താവിന് വില്‍ക്കുക.
$ ആദ്യത്തെ വഴി നടക്കില്ലെങ്കില്‍ അടുത്ത മാസത്തെ നിങ്ങളുടെ ഉല്‍പ്പന്നശ്രേണി, ഓരോ ഉല്‍പ്പന്നത്തിന്റെ മാര്‍ജിന്‍ നോക്കിക്കൊണ്ട് തീരുമാനിക്കുക.
$ ചെലവുകള്‍ അതതിന്റെ ബെഞ്ച്മാര്‍ക്കുകള്‍ വെച്ച് താരതമ്യം ചെയ്യുക. ലാഭം ഉറപ്പാക്കുന്ന വിധം കോസ്റ്റുകള്‍ നിജപ്പെടുത്തുക.
കൃത്യമായ ഇടവേളകളില്‍ പ്രോഡക്റ്റ് കോസ്റ്റിംഗ് നടത്തിയാല്‍, നിങ്ങള്‍ ഏറെ ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്ന ഉല്‍പ്പന്നമാകാം നെഗറ്റീവ് മാര്‍ജിന്‍ സമ്മാനിക്കുന്നതെന്ന വസ്തുത പോലും തിരിച്ചറിഞ്ഞേക്കാം! എല്ലാ മാസവും പ്രോഡക്റ്റ് കോസ്റ്റിംഗ് നടത്തുകയെന്നത് ക്ലേശകരമായ കാര്യമൊന്നുമല്ല. നിങ്ങളൊരു സ്റ്റാന്‍ഡേര്‍ഡ് സ്‌പ്രെഡ് ഷീറ്റ് ഉണ്ടാക്കിയാല്‍ മതി. അതില്‍ നിലവിലെ റേറ്റും ക്വാണ്ടിറ്റിയും തിരുത്തിയാല്‍ മതി.
ഈ വിധം കൃത്യമായും അച്ചടക്കത്തോടെയുമുള്ള വിശകലന രീതി നിങ്ങളുടെ മൊത്തത്തിലുള്ള കാര്യക്ഷമതയും ലാഭക്ഷമതയും വര്‍ധിപ്പിക്കും. ഇത് ലളിതമായ കാര്യമാണെങ്കിലും ഭൂരിഭാഗം പേരും പിന്തുടരാറില്ല. അതുകൊണ്ടാണ് താരതമ്യേന മികച്ച സെയ്ല്‍സ് വോള്യം ഉണ്ടായിട്ടുപോലും അവര്‍ക്ക് ലാഭക്ഷമത ആര്‍ജ്ജിക്കാന്‍ സാധിക്കാത്തത്.
Next Story
Videos