വില്‍പ്പനയില്‍ വിജയിക്കാന്‍ ഇതാ ചില സൂത്രവിദ്യകള്‍

ഉപയോക്താവിന്റെ മനസറിഞ്ഞ് വിജയകരമായി തന്റെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വില്‍ക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Business relations
Business relationsCanva
Published on

നമ്മള്‍  ദിവസേന പരിചയപ്പെടുന്ന വ്യക്തികളില്‍ 20 ശതമാനം പേരെ മാത്രമേ നമുക്ക് നല്ലതുപോലെ ഇഷ്ടപ്പെടാറുള്ളൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്. ബാക്കിയുള്ള 40 ശതമാനം ആളുകളോട് അനിഷ്ടം തോന്നാറില്ല. എന്നാല്‍ 20 മുതല്‍ 40 ശതമാനം വരെയുള്ള ആളുകളോട് നമുക്ക് അനിഷ്ടം തോന്നാം.

സെയില്‍സിന് പോകുമ്പോള്‍

ഒരു സെയില്‍സ് പ്രോസസിന്റെ ആദ്യഘട്ടം നമ്മള്‍ വില്‍ക്കുന്ന ഉല്‍പ്പന്നമോ സേവനമോ വാങ്ങാന്‍ താല്‍പ്പര്യമുള്ള ഒരു വ്യക്തിയുമായി പരിചയപ്പെട്ട് സംസാരിച്ചു തുടങ്ങുക എന്നതാണ്. ഈ ഘട്ടത്തില്‍ അയാള്‍ക്ക്, അല്ലെങ്കില്‍ അവര്‍ക്ക് നമ്മളോട് അനിഷ്ടം തോന്നാതിരിക്കുക എന്നത് വളരെ പ്രധാനമാണ്.

നമ്മുടെ വസ്ത്രധാരണവും മുഖഭാവവും ചേഷ്ടകളുമെല്ലാം മറ്റൊരാളില്‍ ഇഷ്ടമോ അനിഷ്ടമോ ഉണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതാണ്. അതിനാല്‍ വൃത്തിയായ വസ്ത്രധാരണവും പ്രസന്നമായ മുഖഭാവവുമായി വേണം നമ്മള്‍ ഒരാളെ സന്ദര്‍ശിക്കാന്‍. കൃത്യസമയത്ത് മീറ്റിംഗിന് എത്തിച്ചേരുക എന്നത് നമ്മെക്കുറിച്ച് നല്ല മതിപ്പ് അയാളില്‍ ഉണ്ടാകും

നല്ലത് മാത്രം ആലോചിക്കുക

പലപ്പോഴും പല സമ്മര്‍ദ്ദങ്ങളുടെയും പ്രശ്‌നങ്ങളുടെയും ഇടയില്‍ നിന്നാണ് നമുക്കൊരു കസ്റ്റമറെ കാണേണ്ടി വരിക. നമ്മുടെ ആന്തരിക സംഘര്‍ഷങ്ങളും വൈകാരിക നിലയുമെല്ലാം നമ്മുടെ മുഖത്ത് പ്രകടമായി കാണുന്നുണ്ടാവും. ഇതിനെ മറികടക്കാന്‍ സെയില്‍സ് ട്രെയിനിംഗിന്റെ ഭാഗമായി ഞങ്ങള്‍ പറഞ്ഞുകൊടുക്കാറുള്ള ഒരു വഴിയുണ്ട്.

ഇങ്ങനെ ഒരു മീറ്റിംഗിന് തൊട്ടുമുമ്പായി സ്വയം വിലയിരുത്തിയതിനു ശേഷം ഊര്‍ജസ്വലതയോടെയും കൗതുകത്തോടെയും പുതിയ ഒരാളെ കാണാന്‍ തയാറെടുക്കണം. നമുക്ക് മുമ്പ് ഉണ്ടായ വിജയങ്ങളെ കുറിച്ചോ നല്ല അനുഭവങ്ങളെക്കുറിച്ചോ സ്വയം ആലോചിച്ച് പ്രസന്നനാകാന്‍ ശ്രമിക്കുന്നത് നല്ലതാണ്. മനസാന്നിധ്യവും പൂര്‍ണമായ ശ്രദ്ധയും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ഉപയോക്താവുമായി അടുക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

* മറ്റൊരാള്‍ക്ക് നമ്മോട് ഇഷ്ടം തോന്നുന്ന രീതിയിലുള്ള മുഖഭാവവും ശരീരഭാഷയും പെരുമാറ്റ രീതികളും സ്വായത്തമാക്കണം.

* കസ്റ്റമര്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ മനസിലാക്കിയാല്‍ നമുക്ക് അതിനെക്കുറിച്ച് അറിയാമെങ്കില്‍ ആ വിഷയത്തെക്കുറിച്ച് സംസാരിക്കാവുന്നതാണ്. അറിയില്ലെങ്കില്‍, കൗതുകത്തോടെ അത് മനസിലാക്കാന്‍ ശ്രമിക്കാം.

*  വിവാദ വിഷയങ്ങളിലേക്കും തര്‍ക്കങ്ങളിലേക്കും കടക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം.

* പൊതു സുഹൃത്തുക്കളോ പരിചയക്കാരോ നമുക്ക് ഉപഭോക്താക്കളായോ സുഹൃത്തുക്കളായോ ഉണ്ടെങ്കില്‍ അവരുടെ റഫറന്‍സ് നല്‍കുന്നത് ഫലപ്രദമാണ്.

* കസ്റ്റമറുടെ മറ്റെന്തെങ്കിലും ആവശ്യങ്ങളോ സംശയങ്ങളോ അദ്ദേഹം നമ്മളോട് പറയാന്‍ സാധ്യതയുണ്ട്. നമ്മെെക്കാണ്ട് എളുപ്പത്തില്‍ ചെയ്യാവുന്നതാണെങ്കില്‍ അത് സാധിച്ചു കൊടുക്കുന്നത് ഗുണം ചെയ്യും.

അടിച്ചേല്‍പ്പിക്കരുത്

മീറ്റിംഗിന്റെ തുടക്കത്തില്‍ സ്വയം പരിചയപ്പെടുത്തിയ ശേഷം കസ്റ്റമറിന്റെ ആവശ്യങ്ങള്‍ എന്തായിരിക്കാം എന്നത് മനസിലാക്കാന്‍ സഹായിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. നമ്മുടെ ഓരോ കസ്റ്റമേഴ്‌സിന്റെയും പ്രശ്‌നങ്ങള്‍ക്കോ, ആവശ്യങ്ങള്‍ക്കോ ഉള്ള പരിഹാരം കണ്ടെത്തി നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

പലപ്പോഴും നമ്മള്‍ വില്‍ക്കുന്ന ഉല്‍പ്പന്നമോ സേവനമോ അയാളെ അടിച്ചേല്‍പ്പിക്കാന്‍ ആണ് പലരും ശ്രമിക്കാറുള്ളത്. ഇത് വാങ്ങുന്നയാളില്‍ അസ്വസ്ഥത ഉണ്ടാക്കും. പലപ്പോഴും വില്‍പ്പന നടക്കുമെങ്കിലും പിന്നീട് ഇതിനെപ്പറ്റി ഉപഭോക്താവിന് നല്ല അഭിപ്രായമല്ല ഉണ്ടാവുക. ഇത് സ്ഥാപനത്തിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കുക.

തിരുത്തലിന് തയ്യാറാകണം

ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ ബ്രാന്‍ഡില്‍ നിന്നും എന്തെങ്കിലും ദുരനുഭവമോ പ്രശ്‌നങ്ങളോ അദ്ദേഹത്തിനോ ബന്ധപ്പെട്ടവര്‍ക്കോ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതല്ലാതെ നമ്മള്‍ പറഞ്ഞ എന്തെങ്കിലും കാര്യത്തിനോടും അനിഷ്ടം തോന്നിയതിനാല്‍ പ്രതികരണങ്ങള്‍ ഉണ്ടാവാം. ഇങ്ങനെ ഉണ്ടായാല്‍ ആവശ്യമെങ്കില്‍ ക്ഷമാപണം നടത്തി തിരുത്തലിന് തയാറാണ് എന്ന സന്ദേശം കൊടുക്കേണ്ടതാണ്.

ആദ്യ മീറ്റിംഗില്‍ തന്നെ കസ്റ്റമറുമായി ഒരു ബന്ധം സ്ഥാപിക്കുക എന്നത് വളരെ പ്രധാനമാണ്. പലപ്പോഴും പിന്നീടുള്ള ആശയവിനിമയങ്ങള്‍ക്ക് വേണ്ട ശ്രദ്ധയും കൃത്യമായ മറുപടികളും കിട്ടണമെങ്കില്‍ നമുക്ക് അത്തരമൊരു ബന്ധം ആവശ്യമാണ്. നമ്മുടെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കസ്റ്റമറുടെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തുടര്‍ന്നുള്ള ലേഖനത്തില്‍ പ്രതിപാദിക്കാം.

* ധനം മാഗസിന്‍ മാര്‍ച്ച് 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

(ഹാന്‍ഹോള്‍ഡ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ലേഖകന്‍. ഇ-മെയ്ല്‍: reachus@hanhold.com. ഫോണ്‍: 62386 01079)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com