ഏറ്റവും കൂടുതല്‍ പണം കിട്ടുന്നതാണോ മികച്ച നിക്ഷേപം? സംതൃപ്തിയും പണവും തമ്മിലുള്ള ബന്ധമെന്ത്?

മാനേജ്‌മെന്റില്‍ ROI എന്നൊരു ആശയമുണ്ട്. റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്. അതായത് നമ്മള്‍ മുടക്കുന്ന പണത്തിന് അനുസരിച്ചുള്ള നേട്ടം അല്ലെങ്കില്‍ ആദായം ലഭിക്കുക എന്നതാണ് ഇതിന്റെ അന്തസത്ത. ഏറ്റവും കൂടുതല്‍ പണം തിരികെ നമുക്ക് പ്രതിഫലമായി ലഭിക്കുന്നതാണോ ഏറ്റവും മികച്ച നിക്ഷേപം? എപ്പോഴെങ്കിലും അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

കുറച്ചുനാള്‍ മുമ്പ് എന്നെ ഏറെ ചിന്തിപ്പിച്ച ഒരു സംഭവമുണ്ടായി. ഒരു പ്രവാസി മലയാളി എന്റെ യു.എ.ഇയിലെ താമസസ്ഥലത്ത് പെരുമഴയില്‍ ഫുഡ് ഡെലിവറി ചെയ്യാന്‍ വന്നു. മഴ തോര്‍ന്നിട്ട് തിരികെ ഇറങ്ങിയാല്‍ പോരെയെന്ന എന്റെ ചോദ്യം കേട്ട് അദ്ദേഹം അകത്തേക്ക് കടന്നുവന്നു. ഞങ്ങള്‍ സംസാരം തുടര്‍ന്നു. മഴയില്‍ വണ്ടിയോടിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി, കടുത്ത വെയിലിനേക്കാള്‍ മഴയാണിഷ്ടമെന്നായിരുന്നു. ഏറെക്കാലമായി യുഎഇയില്‍ തൊഴിലെടുക്കുന്ന വ്യക്തിയാണദ്ദേഹം.

നല്ല വിദ്യാഭ്യാസമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ കണ്ടെത്താമായിരുന്നു എന്ന സങ്കടം അദ്ദേഹം പങ്കുവെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചു. രണ്ട് കുട്ടികളുണ്ട്. അവര്‍ക്കൊരു നല്ല ജീവിതം കിട്ടണം അതുമാത്രമാണ് അദ്ദേഹത്തിന്റെ സ്വപ്നം. താന്‍ കഷ്ടപ്പെട്ടാലും മക്കള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്നുണ്ടെന്ന് അങ്ങേയറ്റം സന്തോഷത്തോടെയാണ് അദ്ദേഹം പറഞ്ഞത്.

ഹെല്‍മെറ്റും മറ്റു സുരക്ഷാ ഉപകരണങ്ങളും ധരിച്ച് കഠിനമായ കാലാവസ്ഥയില്‍ ജോലി ചെയ്യുന്നത് അത്ര എളുപ്പമല്ല. പക്ഷേ തന്റെ കുടുംബത്തോടുള്ള സ്‌നേഹവും കരുതലും അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നു. തന്റെ ത്യാഗം മക്കളുടെ നല്ല ഭാവിക്കുവേണ്ടിയുള്ള ഒരു നിക്ഷേപം ആയിട്ടാണ് അദ്ദേഹം കരുതുന്നത്.
ഇവിടെയാണ് അര്‍ത്ഥപൂര്‍ണമായ നിക്ഷേപം എന്ന ആശയത്തിന്റെ പ്രസക്തി. എന്താണ് ഈ അര്‍ത്ഥപൂര്‍ണമായ നിക്ഷേപം? പണം മാത്രമാണോ നമ്മുടെ ജീവിതത്തിലെ ഏറ്റവും മികച്ച 'ROI' കള്‍ കൊണ്ടുവരുന്നത്?

ഞാന്‍ കണ്ട ഡെലിവറി ബോയിയെ പോലെ തങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലത്തെ പണത്തിന്റെ ത്രാസ് കൊണ്ട് മാത്രം അളക്കാത്ത ആളുകളും നമ്മളുടെ ഇടയില്‍ ഉണ്ട്. അയാളെ സംബന്ധിച്ചിടത്തോളം കുടുംബത്തിന് വേണ്ടതെല്ലാം നല്‍കുക. അവര്‍ക്ക് നല്ല ജീവിതം ഉറപ്പാക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിഫലം. അത് സ്‌നേഹത്തിനും ത്യാഗത്തിലും മാത്രം അളക്കാന്‍ സാധിക്കുന്ന വ്യത്യസ്തമായ ഒരു റിട്ടേണ്‍ ആണ്. ഒരു സ്‌പെഷ്യല്‍ 'ROI'.

വ്യക്തിപരമായി നേടുന്നതിലല്ല

നമ്മളുടെ ജീവിതത്തിലെ ഏറ്റവും അര്‍ത്ഥപൂര്‍ണമായ നിക്ഷേപങ്ങള്‍ നമ്മള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി നടത്തുന്നവയാണ്. അത് നമുക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നവയല്ല. ഈ ഡെലിവറി ബോയുടെ കഥ ശരിക്കും ഒരു ഓര്‍മപ്പെടുത്തലാണ്. നമ്മള്‍ ചെയ്യുന്ന ജോലിയുടെ മൂല്യം എന്നത് നമ്മള്‍ വ്യക്തിപരമായി എന്ത് നേടുന്നു എന്നതിലല്ല, മറിച്ച് നമ്മള്‍ സ്‌നേഹിക്കുന്നവരെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിലാണ്. അതാണ് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥപൂര്‍ണമായ പ്രതിഫലം.
Dr. Ajayya Kumar
Dr. Ajayya Kumar - Management thinker, writer, TEDx speaker, COO of Abu Dhabi-based Emircom  
Related Articles
Next Story
Videos
Share it