

ഞങ്ങള്‍ കണ്‍സള്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളിലെ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് അവിടത്തെ ജീവനക്കാരുടെ പ്രതികരണം ആരായാറുണ്ട്. ഒരു സ്ഥാപനത്തിലെ സെയ്ല്‍സ് ടീമിനോട് ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ ചോദിച്ചപ്പോള്‍ എല്ലാ ദിവസവും രാവിലെ നടക്കാറുള്ള മീറ്റിംഗുകളിലുള്ള ചര്‍ച്ചകളെക്കുറിച്ച് ചില കാര്യങ്ങള്‍ പങ്കുവെച്ചു. പലപ്പോഴും ടാര്‍ഗറ്റുകളും അതിനെപ്പറ്റിയുള്ള ചോദ്യങ്ങളും മാത്രമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കി. ഇത് ജീവനക്കാരുടെ ഉത്സാഹം കുറയ്ക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. എന്നാല്‍ സെയ്ല്‍സ് ടാര്‍ഗറ്റിനെക്കുറിച്ചും നേടിയെടുക്കേണ്ട റിസള്‍ട്ടുകളെക്കുറിച്ചും ഇത്തരത്തില്‍ ചര്‍ച്ച ചെയ്യാതെ ഒരു സ്ഥാപനത്തിനും മുന്നോട്ട് പോകാനാകില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
ഈ പ്രശ്‌നത്തിന് ഞങ്ങള്‍ ഒരു പരിഹാരം നിര്‍ദേശിച്ചു. ഇത്തരം മീറ്റിംഗുകളില്‍ ജോലി സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിനുശേഷം ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് രണ്ടോ- മൂന്നോ മിനിറ്റ് ഒരാള്‍ സംസാരിക്കണം. ഇത് ആ മേഖലയില്‍ നടക്കുന്ന പുതിയ ഏതെങ്കിലും മാറ്റങ്ങളെക്കുറിച്ചോ, അല്ലെങ്കില്‍ വ്യക്തിത്വവികസനത്തിന് സഹായിക്കുന്ന എന്തെങ്കിലുമോ ആകാം.
ടീമിലെ ഓരോരുത്തരും ഇത് മാറിമാറി ചെയ്യേണ്ടതാണ്. വേണമെങ്കില്‍ ചുരുങ്ങിയ സമയം കൊണ്ട് ഇതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്യാം. ഈ ഐഡിയ പ്രാവര്‍ത്തികമാക്കിയപ്പോള്‍ ജീവനക്കാര്‍ക്ക് ഈ മീറ്റിംഗിന് പങ്കെടുക്കാനുള്ള താല്‍പ്പര്യവും വര്‍ധിച്ചു.
പല സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും അറിവുകള്‍ ആര്‍ജിച്ച് സ്വയം വളരുന്നതിനുമുള്ള വഴികള്‍ വിരളമായിരിക്കും. എന്നാല്‍ ഇതിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് ഇഷ്ടം കൂടുതലാകും.
പലരും ജീവനക്കാരെ മെച്ചപ്പെടുത്തി, അറിവും കഴിവും വര്‍ധിപ്പിക്കാന്‍ ഉത്സാഹിക്കാത്തതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഇത്തരത്തില്‍ മെച്ചപ്പെട്ടു കഴിഞ്ഞാല്‍ ഇവര്‍ തന്റെ സ്ഥാപനം വിട്ട് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകാന്‍ സാധ്യതയുണ്ട് എന്നാണ് പലരും ചിന്തിക്കുന്നത്. ഈ ചിന്താഗതി തികച്ചും അബദ്ധമാണ്. ഒരു സ്ഥാപനത്തിന്റെ ശക്തിയും അതിന്റെ വളര്‍ച്ചാ സാധ്യതയും അവിടുത്തെ ടീമിന്റെ കഴിവിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നത് എല്ലാവര്‍ക്കുമറിയാം. അതിനാല്‍ പത്തോ ഇരുപതോ ശതമാനം ആളുകള്‍ കൊഴിഞ്ഞുപോയാലും മൊത്തത്തില്‍ ജീവനക്കാരെ വളര്‍ത്താനും മെച്ചപ്പെടുത്താനും അനുദിനം ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വളര്‍ച്ചയുണ്ടാകുമെന്ന് മനസിലാക്കണം.
പല സ്ഥാപനങ്ങളും വല്ലപ്പോഴും ജീവനക്കാര്‍ക്ക് വേണ്ടി ട്രെയിനിംഗുകളും മറ്റും സംഘടിപ്പിക്കാറുണ്ട്. ഇതിന് പുറമേ, നിരന്തരമായി പഠനത്തിനും വളര്‍ച്ചയ്ക്കുമുള്ള സാഹചര്യം ഒരുക്കാന്‍ ശ്രദ്ധിക്കണം. ഇത് സ്ഥാപനത്തിന്റെ ഒരു സംസ്‌കാരമായി മാറിയെങ്കില്‍ മാത്രമേ വലിയ സ്വപ്നങ്ങള്‍ കാണുന്നതിനും ആ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് മുന്നേറുന്നതിനും ത്രാണിയുള്ള ഒന്നായി നമ്മുടെ സ്ഥാപനത്തെ മാറ്റാന്‍ കഴിയൂ.
(ഹാന്‍ഹോള്‍ഡ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്ററാണ് ലേഖകന്‍. ഇ-മെയ്ല്‍: reachus@hanhold.com, വെബ്സൈറ്റ്: www.hanhold.com,ഫോണ്‍: 62386 01079)
(This article was originally published in Dhanam Business Magazine July 31st issue)
Read DhanamOnline in English
Subscribe to Dhanam Magazine