വിഐ ഉയിര്‍ത്തെഴുന്നേല്‍ക്കുമോ? നിലംപറ്റി ഓഹരിവില, തോറ്റമ്പിയത് നിക്ഷേപകര്‍, ഉപയോക്താക്കള്‍, സര്‍ക്കാര്‍

വോഡഫോണ്‍ ഐഡിയ വരിക്കാരുടെ എണ്ണം മൂന്നു മാസത്തിനിടയില്‍ അഞ്ചു ലക്ഷം കണ്ട് കുറഞ്ഞു, ഓഹരി വിലത്തകര്‍ച്ച 57 ശതമാനത്തില്‍, ഇനി സഹായമില്ലെന്ന് സര്‍ക്കാര്‍
വിഐ ഉയിര്‍ത്തെഴുന്നേല്‍ക്കുമോ? നിലംപറ്റി ഓഹരിവില, തോറ്റമ്പിയത് നിക്ഷേപകര്‍, ഉപയോക്താക്കള്‍, സര്‍ക്കാര്‍
Published on

ഓഹരി വിപണിയില്‍ അവശതയോടെ നിലം പറ്റി കിടക്കുന്ന വോഡഫോണ്‍ ഐഡിയക്ക് ഒരു ഉയിര്‍ത്തെഴുന്നേല്‍പ് എത്രത്തോളം സാധ്യമാണ്? സര്‍ക്കാര്‍ കൈയയച്ച് കനിഞ്ഞിട്ടും മെലിഞ്ഞൊട്ടി നില്‍ക്കുകയാണ് ഈ ടെലികോം കമ്പനി. ഇനി ഒരുവിധത്തിലും സഹായിക്കില്ലെന്ന് സര്‍ക്കാര്‍ ഈയിടെ തറപ്പിച്ചു പറഞ്ഞ പാടേ സ്‌റ്റോക്ക് വില താഴേക്ക് വീണത് 10 ശതമാനത്തോളം. ഇപ്പോള്‍ ഓഹരി വില വെറും 6.71 രൂപ. ഒരു വര്‍ഷം കൊണ്ട് വോഡഫോണ്‍ ഐഡിയ ഓഹരിയുടെ വിലത്തകര്‍ച്ച 57 ശതമാനമാണെന്ന് ഓര്‍ക്കണം. നിക്ഷേപകര്‍ ആധിയില്‍.

തീര്‍ത്തിട്ടും തീരുന്നില്ല, ബാധ്യത

വോഡഫോണില്‍ നിന്ന് കിട്ടേണ്ട കുടിശികയില്‍ ഗണ്യമായ പങ്കും സര്‍ക്കാര്‍ ഇതിനകം ഓഹരിയാക്കി രക്ഷപെടുത്താന്‍ നോക്കിയതാണ്. ഈ സ്വകാര്യ ടെലികോം കമ്പനിയില്‍ സര്‍ക്കാറിന്റെ ഓഹരി വിഹിതം 49 ശതമാനമാണ് എന്നോര്‍ക്കണം. കമ്പനിയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ അഥവാ എ.ജി.ആര്‍ ബാധ്യത ചില്ലറയൊന്നുമല്ല. ജൂണിലെ കണക്കു പ്രകാരം 75,000 കോടി രൂപയാണ്. 2026 മാര്‍ച്ചു മുതല്‍ വാര്‍ഷിക തിരിച്ചടവ് നടത്തേണ്ട വായ്പാത്തുക 18,000 കോടി രൂപ.

അതേസമയം, വോഡഫോണ്‍ ഐഡിയയുടെ നഷ്ടം എത്രയാണ്? ജൂണില്‍ അവസാനിച്ച മൂന്നു മാസത്തെ കണക്കു പ്രകാരം 6,608 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. വരുമാനം 5 ശതമാനം ഉയര്‍ന്ന് 11,023 കോടിയില്‍ എത്തിയപ്പോള്‍ തന്നെയാണ് ഈ നഷ്ടവളര്‍ച്ച. കടപ്പത്രം ഇറക്കി 5,000 കോടി രൂപ സമാഹരിച്ച് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട പണലഭ്യത നേടിയെടുക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

നിര്‍ണായകം, മൂന്നു കാര്യങ്ങള്‍

ഇതിനിടയില്‍ വോഡഫോണ്‍ ഐഡിയ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എത്ര മെച്ചപ്പെട്ടിട്ടുണ്ട്? 5ജി സേവനങ്ങള്‍ 17 സര്‍ക്കിളുകളില്‍ അടുത്ത മാസത്തോടെ ലഭ്യമാക്കുമെന്നാണ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധി ഒരുവശത്തും വികസനാവശ്യം മറുവശത്തും നില്‍ക്കുന്ന കമ്പനിയെ സംബന്ധിച്ച് നിര്‍ണായകമായ മൂന്നു കാര്യങ്ങളുണ്ട്. 1. പുതിയ മൂലധനം സമാഹരിക്കാനുള്ള ശേഷി. 2. ജിയോയും എയര്‍ടെല്ലും ഉയര്‍ത്തുന്ന ശക്തമായ മത്‌സരത്തിനിടയില്‍ ഉപയോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ കഴിയണം. 3. സര്‍ക്കാറില്‍ നിന്ന് എന്തെങ്കിലും ആശ്വാസമോ നയപരമായ പിന്തുണയോ നേടിയെടുക്കണം.

സ്വകാര്യ കമ്പനി, ഓഹരി പകുതിയും സര്‍ക്കാറിന്

വോഡഫോണ്‍ ഐഡിയ കമ്പനിയുടെ ഓഹരി ഘടന എങ്ങനെയാണെന്ന് നോക്കാം. സര്‍ക്കാര്‍ ഓഹരി 49 ശതമാനം. വോഡഫോണ്‍ ഗ്രൂപ്പ്-16 ശതമാനം. ആദിത്യ ബിര്‍ല ഗ്രൂപ്പ്-9.5 ശതമാനം. പൊതുജനങ്ങള്‍-25 ശതമാനത്തോളം. 2023 ഫെബ്രുവരിയില്‍ 16,133 കോടി രൂപയുടെ കുടിശികയാണ് സര്‍ക്കാര്‍ ഓഹരിയാക്കി മാറ്റിയത്. 36,950 കോടി രൂപയുടെ സ്‌പെക്ട്രം ലേല കുടിശികയാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഓഹരിയാക്കി സര്‍ക്കാര്‍ മാറ്റിയത്. ഇത്രയുമായിട്ടും കമ്പനി രക്ഷപെടുന്നില്ലെങ്കില്‍? ഓഹരി വില കയറുന്നതും നോക്കി അനന്തമായ കാത്തിരിപ്പു തുടരുന്ന നിക്ഷേപകര്‍ ശരിക്കും സഹതാപം അര്‍ഹിക്കുന്നുണ്ട്.

2017ല്‍ തുടങ്ങിയതാണ്, പരിശ്രമം

റിലയന്‍സ് ജിയോയും മറ്റും വിപണിയില്‍ ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളി മറികടക്കാന്‍ 2017ലാണ് വോഡഫോണ്‍ ഐഡിയയും ഐഡിയ സെല്ലുലാറും ലയനം പ്രഖ്യാപിച്ചത്. വിഭവങ്ങള്‍ സംയോജിപ്പിച്ച്, ഇരട്ടച്ചെലവുകള്‍ ഒഴിവാക്കി, സ്‌പെക്ട്രം കൂട്ടിച്ചേര്‍ത്ത് മുന്‍നിരക്കാരോട് മത്‌സരിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. 2018 ഓഗസ്റ്റ് 31ന് ലയനം പൂര്‍ത്തിയായി; വോഡഫോണ്‍ ഐഡിയ പിറന്നു. ഈ കമ്പനിയില്‍ വോഡഫോണ്‍ ഗ്രൂപ്പിന്റെ ഓഹരി വിഹിതം 45ഉം ആദിത്യ ബിര്‍ല ഗ്രൂപ്പിന് 26ഉം ശതമാനമായിരുന്നു. ബാക്കി പൊതുജനങ്ങളുടേത്.

2020 സെപ്തംബര്‍ ഏഴു വരെ രണ്ടു ബ്രാന്‍ഡും വെവ്വേറെയാണ് പ്രവര്‍ത്തിച്ചത്. അന്ന് രണ്ടും ലയിച്ച് വിഐ (Vi) ബ്രാന്‍ഡ് നിലവില്‍ വന്നു. എന്നാല്‍ അതിഭീമമായ ബാധ്യത എവിടെയും അലിഞ്ഞില്ല. അങ്ങനെയാണ് സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടായത്. 2023 ഫെബ്രുവരിയില്‍ ബാധ്യതയുടെ ഭാരം കുറക്കാന്‍ 16,133 കോടി രൂപയുടെ പലിശ കുടിശിക സര്‍ക്കാര്‍ ഓഹരിയാക്കി മാറ്റി. കടബാധ്യതയെ ഓഹരിയാക്കി മാറ്റിയതു വഴി 2025 മാര്‍ച്ചില്‍ സര്‍ക്കാര്‍ ഓഹരി 49 ശതമാനമായി ഉയര്‍ന്നു.

തോറ്റുതോറ്റ്, തൊപ്പിയിട്ട്...

ബാധ്യതകളുടെയും വിപണി മത്‌സരത്തിന്റെയും കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാന്‍ വോഡഫോണ്‍ ഐഡിയക്ക് കഴിയുന്നേയില്ല. ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള ത്രൈമാസത്തില്‍ വോഡഫോണ്‍ ഐഡിയ വരിക്കാരുടെ എണ്ണം ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. 117 കോടിയോളം മൊബൈല്‍ സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ മൂന്നു മാസം കൊണ്ട് വി.ഐക്ക് നഷ്ടപ്പെട്ടത് അഞ്ചു ലക്ഷം വരിക്കാരെയാണ്. വരിക്കാരെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ മാസമാണ് 50 ജിബി അധിക ഡാറ്റ, ഒ.ടി.ടി സബ്‌സ്ട്രിപ്ഷന്‍, പരിധിയില്ലാത്ത കോളിംഗ് സൗകര്യം എന്നിവയോടെ വിഐ പുതിയ പ്രീപെയ്ഡ് പ്ലാന്‍ കൊണ്ടുവന്നത്. പക്ഷേ, സേവനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു കമ്പനികള്‍ ഉള്ളപ്പോള്‍ മൊബൈല്‍ ഫോണില്‍ വിഐ സിം തന്നെ തിരുകണമെന്ന് ആര്‍ക്കുണ്ട് നിര്‍ബന്ധം?

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com