സ്‌കൂളുകളെ സ്മാര്‍ട്ടാക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് കെല്‍ട്രോണിന് 1,000 കോടിയുടെ വമ്പന്‍ ഓര്‍ഡര്‍
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് ആയിരം കോടി രൂപയുടെ വമ്പന്‍ കരാര്‍ സ്വന്തമാക്കി. മറ്റ് നിരവധി കമ്പനികളെ മറികടന്ന് മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയാണ് കെല്‍ട്രോണിന്റെ ഈ നേട്ടം. മൂന്ന് വിവിധ ടെന്‍ഡറുകള്‍ ആണ് കെല്‍ട്രോണ്‍ സ്വന്തമാക്കിയത്. ഇവയുടെ മൊത്തം മൂല്യം നികുതി ഉള്‍പ്പടെ 1,076 കോടി രൂപയാണ്.
തുടരെ കരാറുകള്‍
ഹൈടെക് ക്ലാസ് റൂമുകള്‍ ഒരുക്കുന്നതില്‍ 12 വര്‍ഷത്തോളം പ്രവര്‍ത്തന പരിചയം കെല്‍ട്രോണിനുണ്ട്. കേരളത്തിലെ സ്‌കൂളുകളില്‍ കെല്‍ട്രോണ്‍ നടപ്പിലാക്കിയിട്ടുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് ഓര്‍ഡര്‍ ലഭിക്കുന്നതിനുള്ള പ്രീക്വാളിഫിക്കേഷന് സഹായിച്ചത്. കൂടാതെ ഈ വര്‍ഷം ഒഡീഷയില്‍ നിന്നും സ്മാര്‍ട്ട്ക്ളാസുകള്‍ സ്ഥാപിക്കുന്നതിന് 168 കോടി രൂപയുടെ കരാര്‍ ലഭിച്ചതും സഹായകമായി. ഒറീസ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ (OCAC) നിന്ന് സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറായിരുന്നു അത്.