പുരപ്പുറമേറി സൂര്യഘർ: സോളാർ സബ്സിഡി പദ്ധതിക്ക് കേരളത്തിലും ആവേശം, രജിസ്റ്റര്‍ ചെയ്തത് 2.17 ലക്ഷം പേര്‍

രാജ്യത്തെ ഒരു കോടി വീടുകള്‍ക്ക് സോളാര്‍ വെളിച്ചമേകാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് പി.എം-സൂര്യഘര്‍ മുഫ്തി ബിജ്‌ലി യോജന. പദ്ധതിയില്‍ അംഗമാകുന്ന വീടുകള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി ലഭ്യമാക്കാനാണ് ഉദ്ദേശ്യം. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കേണ്ട സോളാര്‍ പാനല്‍ അടക്കമുള്ള സംവിധാനത്തിന് സബ്‌സിഡി നല്‍കുന്ന ഈ പദ്ധതിയില്‍ കേരളത്തില്‍ നിന്ന് 2.17 ലക്ഷം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 55,999 പേര്‍ അപേക്ഷ നല്‍കി. 16,782 നിലയങ്ങള്‍ സ്ഥാപിച്ചു.

പരമാവധി മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള സോളാര്‍ സിസ്റ്റത്തിനാണ് സബ്‌സിഡി നല്‍കുക. രണ്ട് കിലോവാട്ട് വരെ ശേഷിയുളളവയ്ക്ക് 60 ശതമാനം, രണ്ട് കിലോവാട്ടിന് മുകളില്‍ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ളവയ്ക്ക് 40 ശതമാനവുമാണ് സബ്‌സിഡി ലഭിക്കുക. ഇതു പ്രകാരം 30,000 മുതല്‍ 78,000 രൂപ വരെ സബ്‌സിഡി ലഭിക്കും. ഈ വര്‍ഷം ജനുവരി 22നാണ് പദ്ധതി പ്രഖ്യാപിച്ചത്.
കേരളം മൂന്നാമത്
സബ്‌സിഡി ലഭ്യമാക്കിയ സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് ഗുജറാത്തും രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയുമാണ്. ജൂലൈ 6 വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ 27.07 കോടി രൂപ സബ്‌സിഡിയായി നല്‍കി. ഗുജറാത്ത് 146.99 കോടിയും മഹാരാഷ്ട്ര 28.68 കോടി രൂപയും നല്‍കി. സംസ്ഥാനത്ത് കെ.എസ്.ഇ.ബിയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 730 കമ്പനികളെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. പുരപ്പുറ സോളാര്‍ പ്ലാന്റ് കെ.എസ്.ഇ.ബി പരിശോധിച്ച് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് സബ്‌സിഡി ലഭിക്കുക. കേന്ദ്ര പാരമ്പര്യേതര ഊര്‍ജമന്ത്രാലയം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് സബ്‌സിഡി നല്‍കുന്നത്.
ഈടു രഹിത വായ്പകളും
പദ്ധതിക്കായി ഈടു രഹിത വായ്പയും നിരവധി ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏഴ് ശതമാനമാണ് പലിശ. രണ്ടു ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വായ്പയായി നേടാന്‍ അവസരമുണ്ട്. പത്തുവര്‍ഷമാണ് ശരാശരി തിരിച്ചടവ് കാലാവധി.


Related Articles
Next Story
Videos
Share it