38 ആശുപത്രികള്‍, 10,000ത്തിലധികം കിടക്കകള്‍, 27 നഗരങ്ങളില്‍ സാന്നിധ്യം... രാജ്യത്തെ വമ്പന്‍മാരുടെ നിരയിലേക്ക് ഈ കേരള ശൃംഖലയും

പ്രമുഖ പ്രവാസി മലയാളി ഡോ.ആസാദ് മൂപ്പന്‍ നയിക്കുന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറും ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള കെയര്‍ ഹോസ്പിറ്റലും തമ്മിലുള്ള ലയനക്കരാര്‍ യാഥാര്‍ത്ഥ്യമായി. ആസ്റ്റര്‍ ക്വാളിറ്റി കെയര്‍ ലിമിറ്റഡ് എന്നായിരിക്കും പുതുതായി രൂപം കൊള്ളുന്ന സ്ഥാപനത്തിന്റെ പേര്.

ബ്ലാക്ക്സ്‌റ്റോണിന് 72.5 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ക്വാളിറ്റി കെയര്‍. ആസ്റ്റര്‍ ഡി.എം കൂടാതെ ക്വാളിറ്റി കെയറിനു കീഴിലുള്ള സ്ഥാപനങ്ങളായ ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റല്‍സ്, കേരളത്തിലെ കിംസ്‌ഹെല്‍ത്ത്, എവര്‍കെയര്‍ എന്നിവയാണ് കരാര്‍ പ്രകാരം ഒന്നാകുന്നത്. ഇതോടെ 27 നഗരങ്ങളിലായി 38 ആശുപത്രികളും 10,150 കിടക്കകളുമുള്ള രാജ്യത്തെ വന്‍കിട ഹോസ്പിറ്റില്‍ ശൃഖലകളില്‍ മൂന്നാമതായി മാറും പുതിയ സ്ഥാപനം.

ഓഹരി പങ്കാളിത്തം ഇങ്ങനെ

ലയനത്തിനു ശേഷം ആസ്റ്ററിന്റെ പ്രമോട്ടര്‍മാര്‍ക്ക് 24 ശതമാനവും ബ്ലാക്ക് സ്‌റ്റോണിന് 30.7 ശതമാനവും പങ്കാളിത്തമാണ് പുതിയ കമ്പനിയില്‍ ഉണ്ടാവുക. ബാക്കി 45.3 ശതമാനം പൊതു ഓഹരി ഉടമകള്‍ക്കായിരിക്കും. ആസ്റ്ററിന്റെ പ്രമോട്ടര്‍മാര്‍ക്കും ബ്ലാക്ക് സ്‌റ്റോണിനും പുതിയ സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ തുല്യമായ പ്രാതിനിധ്യമുണ്ടാകും. പുതിയ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി ആസാദ് മൂപ്പന്‍ തുടരും. ക്വാളിറ്റി കെയര്‍ ഗ്രൂപ്പ് എം. ഡി വരുണ്‍ ഖന്ന എം.ഡിയും സി.ഇ.ഒയുമാകും. ലയനത്തിന്റെ ഭാഗമായി പുതിയ കമ്പനിയുടെ ആസ്ഥാനം തെലങ്കാനയിലേക്ക് മാറ്റും.
ലയനത്തിനു മുമ്പ് ആസ്റ്റര്‍ പുതിയ കമ്പനിയുടെ 5 ശതമാനം ഓഹരികള്‍ (1.9 കോടി ഓഹരികള്‍) ബ്ലാക്ക് സ്‌റ്റോണില്‍ നിന്നും മറ്റൊരു ഓഹരിയുടമയായ ടി.പി.ജിയില്‍ നിന്നും വാങ്ങും. ഓഹരിയൊന്നിന് 448.8 കോടി രൂപ നിരക്കിലാണ് കൈമാറ്റം. ഈ കൈമാറ്റത്തില്‍ പണത്തിനു പകരം ആസ്റ്ററിന്റ 3.6 ശതമാനം ഓഹരികളാണ് (1.86 കോടി ഓഹരികള്‍) തിരിച്ചു നല്‍കുക.

2026ൽ പൂർത്തിയാകും

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ 2024 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ലാഭത്തേക്കാള്‍ (EBITDA- Earnings Before Interest, Taxes, Depreciation, and Amortization, ) 36.6 മടങ്ങാണ് കമ്പനിയുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. അതേപോലെ പുതിയ ലിസ്റ്റഡ് കമ്പനിയായി മാറുന്ന ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ മൂല്യം 2024 സാമ്പത്തിക വര്‍ഷത്തെ അഡജസ്റ്റഡ് ലാഭത്തിന്റെ 25.2 മടങ്ങായും കണക്കാക്കിയിട്ടുണ്ട്.

2026 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ ലയന ഇടപാടുകള്‍ പൂര്‍ത്തിയാകുമെന്നാണ് ആസ്റ്റര്‍ പ്രതീക്ഷിക്കുന്നത്. 2027 സാമ്പത്തിക വര്‍ഷത്തോടെ ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് 3,500 കിടക്കകള്‍ കൂടി ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നുണ്ട്.
Related Articles
Next Story
Videos
Share it