വെള്ളാറിലെ വിസ്മയം; 5 വർഷം പിന്നിടുമ്പോൾ ₹50 കോടിയുടെ വിറ്റുവരവുമായി കേരള ക്രാഫ്റ്റ്‌സ് വില്ലേജ്

വിവിധ പരിപാടികള്‍ക്കുള്‍പ്പെടെ ആകെ വന്നുപോയവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
വെള്ളാറിലെ വിസ്മയം; 5 വർഷം പിന്നിടുമ്പോൾ ₹50 കോടിയുടെ വിറ്റുവരവുമായി കേരള ക്രാഫ്റ്റ്‌സ് വില്ലേജ്
Published on

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയുമുള്‍പ്പെടെ കൈകളില്‍ കേരളത്തിലെ കലാകാരന്‍മാരുടെ കരവിരുതിന്റെ മുദ്ര പതിപ്പിച്ച് വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് അഞ്ചു വര്‍ഷം പിന്നിടുന്നു. കരകൗശല ഉല്‍പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന സ്ഥാപനങ്ങളെടുത്താല്‍, വിറ്റവയുടെ എണ്ണത്തില്‍ രാജ്യത്തു തന്നെ മുന്‍പിലെത്താന്‍ കഴിഞ്ഞത് 5 വര്‍ഷംകൊണ്ടു കയ്യെത്തിപ്പിടിച്ച നേട്ടമാണ്. 50 കോടി രൂപയുടെ വിറ്റുവരവാണ് ഇതിനകം നേടിയത്. ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയവരുള്‍പ്പെടെ അന്‍പതിലധികം കലാകാരന്‍മാര്‍ക്കു ജീവിതത്തിലെ പുതിയ വെളിച്ചമായും മാറി.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് 2021 ജനുവരി 16നു മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയില്‍ സംഘടിപ്പിച്ച ജി20 രാജ്യാന്തര ഉച്ചകോടിയുടെ പ്രധാന വേദികളിലൊന്നായിരുന്ന ക്രാഫ്റ്റ്‌സ് വില്ലേജ് 2024ല്‍ ദക്ഷിണേന്ത്യയിലെ ലീഡിങ് ടൂറിസം കേന്ദ്രത്തിനുള്ള SATA പുരസ്‌കാരവും നേടി. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുന്ന ഇവിടെ 5 ലക്ഷത്തിലധികം പേരാണ് 5 വര്‍ഷത്തിനിടെ ടിക്കറ്റ് എടുത്ത് എത്തിയത്. വിവിധ പരിപാടികള്‍ക്കുള്‍പ്പെടെ ആകെ വന്നുപോയവരുടെ എണ്ണമെടുത്താല്‍ 10 ലക്ഷം കവിയും. കോവളത്ത് എത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായി മാറിയതാണു നേട്ടമായത്. വിദേശ വിനോദസഞ്ചാരികള്‍ ഒരുലക്ഷത്തോളമെത്തി.

33 ക്രാഫ്റ്റ്‌സ് സ്റ്റുഡിയോയും കേന്ദ്ര കൈത്തറി വകുപ്പിനു കീഴിലുള്ള കൈത്തറി യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. കരകൗശല വസ്തുക്കളുടെ നിര്‍മാണം വീക്ഷിക്കാനും ഇഷ്ടമുള്ളവ വാങ്ങാനും സ്റ്റുഡിയോയില്‍ അവസരമുണ്ട്. ഒട്ടേറെ കലാകാരന്‍മാരുടെ അധ്വാനം മികച്ച വില നല്‍കി കടല്‍ കടന്നു.

മ്യൂസിക് ഫെസ്റ്റിവല്‍, ഡാന്‍സ് ഫെസ്റ്റിവല്‍, തിയറ്റര്‍ ഫെസ്റ്റിവല്‍, കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാംപുകള്‍ എന്നിങ്ങനെ നാടിനെ കലയുമായി അടുപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഒട്ടേറെ ഇക്കാലയളവിലുണ്ടായി. കോട്ടയത്തെ അക്ഷരം മ്യൂസിയം, രാജാരവിവര്‍മ മ്യൂസിയം, ചാലിയം വാക്ക് വേ തുടങ്ങി ഏറ്റവും മികച്ച ടൂറിസം ടെസ്റ്റിനേഷനുകള്‍ ഒരുക്കുന്നതിലും കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് നിര്‍ണായക പങ്കു വഹിച്ചു. ഉബുറോയ് എന്ന നാടകം, ഒരു പൂമാല കഥ എന്ന സര്‍ക്കസ് തിയറ്റര്‍, ഒറ്റ, സ്‌പോട് ലൈറ്റ് എന്ന നൃത്തരൂപങ്ങള്‍, അഗ്‌നി 3 സംഗീത പരിപാടി തുടങ്ങിയവയുടെ നിര്‍മാണവും നിര്‍വഹിച്ചു.

അഞ്ചാം വര്‍ഷത്തില്‍ കേരളത്തെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ കലാപരിപാടികളുടെ പണിപ്പുരയിലാണു കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു ശ്രീപ്രസാദ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com