യൂസ്ഡ് കാറുകള്‍ക്ക് പ്രിയമേറുന്നു; കേരള മാര്‍ക്കറ്റില്‍ വന്‍നേട്ടം കൈവരിച്ച് കാര്‍സ്24

യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ കേരളത്തിലെ വളര്‍ച്ച ദേശീയ ശരാശരിക്കും മുകളിലാണെന്ന് കാര്‍സ്24 സി.എം.ഒ ഗജേന്ദ്ര ജാന്‍ഗിഡ്. പുതിയ കാറുകളുടെ വില്പനയെ അപേക്ഷിച്ച് 25-30 ശതമാനം വളര്‍ച്ചയാണ് യൂസ്ഡ് കാര്‍ വിപണിയില്‍ സംഭവിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ വളര്‍ച്ചാനിരക്ക് ഇനിയും കൂടുമെന്ന് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ ജാന്‍ഗിഡ് വ്യക്തമാക്കി.
ഉപയോക്താക്കളുടെ മനോഭാവത്തിലും വാങ്ങല്‍രീതിയിലും ഉണ്ടായ മാറ്റം യൂസ്ഡ് കാര്‍ മേഖലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. പലരും കൂടിയ വിലയ്ക്ക് പുതിയ കാര്‍ വാങ്ങുന്നതിന് പകരം യൂസ്ഡ് കാര്‍ വാങ്ങുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. കാര്‍ വിലയിലുണ്ടായ വര്‍ധനയും ഇതിന് കാരണമായിട്ടുണ്ട്. എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതും യൂസ്ഡ് കാറിലേക്ക് തിരിയാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു.
വായ്പകള്‍ക്ക് പ്രിയം
കേരളത്തില്‍ കാര്‍സ്24 വഴി കാര്‍ വാങ്ങുന്നവരില്‍ 71 ശതമാനം പേരും വായ്പ എടുക്കുന്നുണ്ട്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. രാജ്യത്ത് യൂസ്ഡ് കാറുകള്‍ക്കായി 100 ശതമാനം തുകയും വായ്പയായി നല്‍കുന്ന ഒരേയൊരു കമ്പനിയാണ് കാര്‍സ്24 എന്ന് ഗജേന്ദ്ര ജാന്‍ഗിഡ് അവകാശപ്പെട്ടു.
മറ്റ് കമ്പനികള്‍ തേഡ് പാര്‍ട്ടി വഴി വായ്പ സ്വന്തമാക്കുമ്പോള്‍ കാര്‍സ്24 നേരിട്ടാണ് വായ്പ നല്‍കുന്നത്. ഈ സൗകര്യം ഉപയോഗിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. കാര്‍സ്24 സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ 102 കോടി രൂപയുടെ വായ്പകളാണ് ഇതുവരെ വിതരണം ചെയ്തത്.
അനായാസ തിരിച്ചടവ്, വ്യക്തിഗതമായ വ്യവസ്ഥകള്‍, ശരാശരി 11,600 രൂപയുടെ ഇഎംഐ, 72 മാസം വരെയുള്ള വായ്പാ കാലാവധി, ശരാശരി 15 ശതമാനം പലിശ തുടങ്ങിയ ആകര്‍ഷകമായ വ്യവസ്ഥകളും ഇതിലുള്‍പ്പെടുന്നു.
180ലേറെ നഗരങ്ങളില്‍ കാര്‍സ്24 സാന്നിധ്യം വിപുലമാക്കിയിട്ടുണ്ട്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കാര്‍സ്24 ഹബ്ബുകളുള്ളത്. കോഴിക്കോടും തുടങ്ങാനുള്ള സാധ്യതകള്‍ തേടുന്നുണ്ടെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Next Story

Videos

Share it