7 ബ്രാന്‍ഡുകള്‍, ₹5000 കോടി വിറ്റുവരവ്‌; ഈ കേരള കമ്പനി ഓഹരി വിപണിയിലേക്ക്‌

ഇന്ത്യയിലെ ഏറ്റവും വലിയ ഡീലര്‍ഷിപ്പ് ശൃംഖലകളിലൊന്ന്; 10,000ലേറെ ജീവനക്കാര്‍
Ather, Maruti Ertiga, Honda Elevate, Land Rover, Tata Ace
Image : Dhanam File
Published on

പേര് സൂചിപ്പിക്കും പോലെ വാഹനപ്രേമികള്‍ക്കിടയില്‍ ജനകീയമാണ് കൊച്ചി ആസ്ഥാനമായുള്ള, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്. മാരുതിയോ ഹോണ്ടയോ ഇനി പ്രീമിയം വിഭാഗമെടുത്താല്‍ ജെ.ആല്‍.ആറോ ആയിക്കോട്ടെ, വാഹനം വാങ്ങുന്നവരുടെ മനസ്സില്‍ ആദ്യമെത്തുന്ന ഷോറൂം ശൃംഖല പോപ്പുലര്‍ വെഹിക്കിള്‍സ് ആയിരിക്കുമെന്നതില്‍ സംശയമില്ല.

1984ല്‍ മാരുതി സുസുക്കിയുടെ ഡീലര്‍ഷിപ്പില്‍ നിന്ന് തുടങ്ങിയ തേരോട്ടം നാല് പതിറ്റാണ്ടിനിപ്പുറം നിരവധി വാഹന ബ്രാന്‍ഡുകളുടെ ഡീലര്‍ഷിപ്പുകളുമായി കൂടുതല്‍ മികവോടെ തുടരുകയാണ് പോപ്പുലര്‍. ഇപ്പോഴിതാ, പ്രാരംഭ ഓഹരി വില്‍പനയിലൂടെ (IPO) ഓഹരി വിപണിയിലേക്കും ചുവടുവയ്ക്കാന്‍ പോപ്പുലര്‍ വെഹിക്കിള്‍സ് തയ്യാറെടുത്ത് കഴിഞ്ഞു.

പോപ്പുലറിന്റെ വാഹന സാമ്രാജ്യം

പ്രതിവര്‍ഷം ശരാശരി 60,000 വാഹനങ്ങളാണ് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് വിറ്റഴിക്കുന്നത്. ഓരോ മാസവും 5,000 പുതിയ ഉപയോക്താക്കള്‍. പോപ്പുലറിന്റെ സ്വീകാര്യത ഇതില്‍ നിന്ന് വ്യക്തം. 1938ല്‍ സ്‌പെയര്‍പാര്‍ട്‌സ് വില്‍പന, എന്‍ജിന്‍ റീബില്‍ഡിംഗ് എന്നിവയിലൂടെയായിരുന്നു പോപ്പുലറിന്റെ തുടക്കം. 1984ല്‍ മാരുതി സുസുക്കിയുടെ ഡീലര്‍മാരായി. മാരുതി ആ വര്‍ഷം തിരഞ്ഞെടുത്ത ആദ്യ 17 ഡീലര്‍മാരില്‍ ഒന്നായിരുന്നു പോപ്പുലര്‍. ജോണ്‍ കെ. പോള്‍, ഫ്രാന്‍സിസ് കെ. പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഡീലര്‍ഷിപ്പ് സ്ഥാപിച്ചത്.

1997ല്‍ നവീന്‍ ഫിലിപ്പും സാരഥ്യത്തിലേക്കെത്തി. തുടര്‍ന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന ഡീലര്‍ഷിപ്പ് ലഭിച്ചു. 2002-03ല്‍ മാരുതിയുടെ ഡീലര്‍ഷിപ്പ് ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു. 2005ല്‍ ടാറ്റാ കൊമേഴ്‌സ്യല്‍ ഡീലര്‍ഷിപ്പിനും ചെന്നൈയില്‍ തുടക്കമിട്ടു.

2008ല്‍ പോപ്പുലര്‍ ഹോണ്ട ഡീലര്‍ഷിപ്പ് ശൃംഖലയ്ക്ക് തുടക്കമായി. 2011ല്‍ ജെ.എല്‍.ആറിന്റെ (ജാഗ്വാര്‍ ലാന്‍ഡ് റോവര്‍) ഡീലര്‍ഷിപ്പുമായി കര്‍ണാടകയുടെ മണ്ണിലെത്തി. ഇതോടൊപ്പം മറ്റ് ഡീലര്‍ഷിപ്പുകളെ ഏറ്റെടുത്തും പോപ്പുലര്‍ കരുത്തറിയിച്ചു. 2015ല്‍ കോഴിക്കോട്ടെ ശക്തി ഓട്ടോ, 2016ല്‍ കൊച്ചിയിലെ വിവാന്‍ ഹോണ്ട, തൃശൂരിലെ സീതാറാം മാരുതി, കൊല്ലത്തും എറണാകുളത്തും സാന്നിദ്ധ്യമുണ്ടായിരുന്ന മലബാര്‍ ഓട്ടോ എന്നിവയെ ഏറ്റെടുത്തു.

വളര്‍ച്ചയുടെ പടവുകള്‍

2015 ഡിസംബറിലാണ് പോപ്പുലര്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപമായി ഒരുകോടി ഡോളര്‍ (ഏകദേശം 83 കോടി രൂപ) ബന്യന്‍ട്രീയില്‍ നിന്ന് നേടുന്നത്. അതോടെ 30-34 ശതമാനം ഓഹരി പങ്കാളിത്തം ബന്യന്‍ട്രീക്കും ലഭിച്ചു. വളര്‍ച്ചയുടെ ട്രാക്കില്‍ തുടര്‍ന്ന് അതിവേഗം മുന്നേറുകയായിരുന്നു പോപ്പുലര്‍. ഹോണ്ടയുടെ ഡീലര്‍ഷിപ്പ് ഏറ്റെടുത്തത് ഈ ഇടപാടിന് പിന്നാലെയായിരുന്നു. ഹെര്‍ക്കുലീസ് മാരുതിയെയും പിന്നാലെ സ്വന്തമാക്കി.

തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഭാരത് ബെന്‍സ് ഡീലര്‍ഷിപ്പ് ഏറ്റെടുത്തു. 2021ല്‍ ഇലക്ട്രിക് വാഹന ബ്രാന്‍ഡുകളായ പിയാജിയോ, ഏഥര്‍ എന്നിവയുടെ ഷോറൂം ശൃംഖലയ്ക്കും തുടക്കമിട്ടു. ഇതിനിടെ യൂസ്ഡ് വാഹനങ്ങളുടെ വില്‍പനയ്ക്കായി പ്രീ-ഓണ്‍ഡ് വെഹിക്കിള്‍സ് ഷോറൂമുകളും ആരംഭിച്ചു. മാരുതിയുടെ അറീന, നെക്‌സ ഷോറൂമുകള്‍ പോപ്പുലറിന് കീഴിലുണ്ട്.

സാന്നിദ്ധ്യവും ശക്തിയും

കഴിഞ്ഞ ജൂലൈ 31ലെ കണക്കുകള്‍ പ്രകാരം 59 ഷോറൂമുകളും 126 സെയില്‍സ് ആന്‍ഡ് ബുക്കിംഗ് ഔട്ട്‌ലെറ്റുകളും 31 പ്രീ-ഓണ്‍ഡ് വാഹന ഷോറൂമുകളും പ്രവർത്തിക്കുന്നു.

134 അംഗീകൃത സര്‍വീസ് സെന്ററുകളും 40 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും 24 വെയര്‍ഹൗസുകളും പോപ്പുലറിനുണ്ട്. കേരളത്തില്‍ 14 ജില്ലകളിലും കര്‍ണാടകയില്‍ എട്ട് ജില്ലകളിലും തമിഴ്‌നാട്ടില്‍ 12 ജില്ലകളിലും മഹാരാഷ്ട്രയില്‍ 7 ജില്ലകളിലുമാണ് സാന്നിധ്യം.

കേരളത്തില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പനയില്‍ 26 ശതമാനം പങ്കുവഹിക്കുന്നത് പോപ്പുലര്‍ വെഹിക്കിള്‍സാണ്. ടാറ്റയുടെ വാണിജ്യ വാഹനങ്ങളില്‍ പങ്ക് 80 ശതമാനമാണ്. ഹോണ്ടയുടെ വില്‍പനയില്‍ 35 ശതമാനവും പങ്കുവഹിക്കുന്നു. ഈ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ മൊത്തം വില്‍പനയില്‍ ടോപ്5ല്‍ പോപ്പുലറുണ്ട്. സര്‍വീസും മറ്റ് അനുബന്ധ സേവനങ്ങളുമെടുത്താല്‍ പോപ്പുലറിന്റെ സ്ഥാനം ടോപ് 3ലാണ്. മൊത്തം 10,000ഓളം ജീവനക്കാരുണ്ട് പോപ്പുലറിന്. 15 ശതമാനം സ്ത്രീകള്‍. കേരളത്തിലാകെ ജീവനക്കാര്‍ 6,800ഓളമാണ്.

6,000 കോടിയിലേക്ക് 

2022-23 സാമ്പത്തിക വര്‍ഷം പോപ്പുലര്‍ വെഹിക്കിള്‍സ് 4,893 കോടി രൂപയുടെ വിറ്റുവരവാണ്  രേഖപ്പെടുത്തിയത്. ഉപസ്ഥാപനങ്ങളുടേത് ഉള്‍പ്പെടെയുള്ള സംയോജിത വരുമാനമാണിത്. വരുമാനം കണക്കാക്കിയാല്‍ ഇന്ത്യയിലെ മുന്‍നിര വാഹന ഡീലര്‍മാരാണ് പോപ്പുലര്‍ വെഹിക്കിള്‍സ്. 2020-21ലെ 3,000 കോടി രൂപയില്‍ നിന്നാണ് വരുമാനം കുതിച്ച് 4,900 കോടി രൂപ പിന്നിട്ടത്. നടപ്പുവര്‍ഷത്തെ പ്രതീക്ഷ 6,000 കോടി രൂപയ്ക്കുമേലാണ്. 64 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ ലാഭം.

പോപ്പുലറിന്റെ മൊത്തം വരുമാനത്തില്‍ 65 ശതമാനവും കേരളത്തില്‍ നിന്നാണ്. അതേസമയം കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മികച്ച വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തുന്നു. കര്‍ണാടകയിലേക്കും വൈകാതെ കമ്പനി മാരുതിയുടെ ഡീലര്‍ഷിപ്പ് ശൃംഖല വ്യാപിപ്പിക്കും.

ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന 250 കോടി രൂപയില്‍ മുന്തിയപങ്കും കടബാധ്യതകള്‍ കുറയ്ക്കാന്‍ പ്രയോജനപ്പെടുത്തും. അതുവഴി ബാലന്‍സ്ഷീറ്റ് മികവുറ്റതാക്കും. നിലവില്‍ ഏതാണ്ട് 500 കോടി രൂപയോളമാണ് കടം. വികസനപദ്ധതികള്‍ക്കായും പണം വിനിയോഗിക്കും.

സാരഥികളും ഓഹരികളും

ഐ.പി.ഒയ്ക്കുള്ള കരടുരേഖ (DRHP) സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (SEBI) കഴിഞ്ഞമാസം കമ്പനി സമര്‍പ്പിച്ചിരുന്നു. 700 കോടി രൂപ സമാഹരിക്കുകയാണ് ഉന്നം. ഇതില്‍ 250 കോടി രൂപ പുതിയ ഓഹരികളിലൂടെ (Fresh Issue) ആയിരിക്കും. ബാക്കി നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിച്ചും (OFS/ ഓഫര്‍-ഫോര്‍-സെയില്‍) സമാഹരിക്കും.

എറണാകുളം മാമംഗലത്ത് കുറ്റൂക്കാരന്‍ സെന്റര്‍ ആണ് പോപ്പുലര്‍ വെഹിക്കിള്‍സിന്റെ ആസ്ഥാനം. ജോണ്‍ കെ. പോള്‍, സഹോദരന്‍ ഫ്രാന്‍സിസ് കെ. പോള്‍, അനന്തരവന്‍ നവീന്‍ ഫിലിപ്പ് എന്നിവരാണ് പ്രമോട്ടര്‍മാര്‍ (ഡയറക്ടര്‍മാര്‍). ഇവര്‍ക്ക് സംയുക്തമായി 65.79 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

കമ്പനിയിലെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരായ ബന്യന്‍ട്രീക്ക് (Banyan Tree) 34.01 ശതമാനം ഓഹരികളുമുണ്ട്. ഓഹരി പങ്കാളിത്തത്തിലെ ഒരുപങ്ക് ഐ.പി.ഒയിലൂടെ ബന്യന്‍ട്രീ വിറ്റൊഴിയും. പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം ഐ.പി.ഒയ്ക്ക് ശേഷം 60 ശതമാനത്തിന് താഴെയാകും.

ഉപകമ്പനികളും സാമൂഹികക്ഷേമവും

കേവലം വാഹന വില്‍പനയിലും സര്‍വീസിലും ഒതുങ്ങുന്നതല്ല പോപ്പുലര്‍ വെഹിക്കിള്‍സിന്റെ പ്രവര്‍ത്തനങ്ങള്‍. മാനവവിഭവശേഷിയും തൊഴില്‍ വൈദഗ്ദ്ധ്യം ഉയര്‍ത്തുന്നതിലും മികച്ച പങ്കുവഹിക്കുന്ന ഉപസ്ഥാപനങ്ങളുണ്ട് പോപ്പുലറിന്.

1984ല്‍ സ്ഥാപിതമായ കുറ്റൂക്കാരന്‍ ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് (KHRD) പ്രതിവര്‍ഷം 3,000-4,000 പേര്‍ക്ക് പരിശീലനം നല്‍കുന്നു. പറവൂരിലെ കുറ്റൂക്കാരന്‍ പോളിടെക്‌നിക് കോളേജില്‍ നിലവില്‍ 5 കോഴ്‌സുകളുണ്ട്. കോഴ്‌സുകളുടെ എണ്ണമുയര്‍ത്തി സെന്റര്‍ ഓഫ് എക്‌സലന്‍സായി കോളേജിനെ വളര്‍ത്താന്‍ കമ്പനി ലക്ഷ്യമിടുന്നു. മാരുതി, ഹോണ്ട തുടങ്ങിയവ വൈദഗ്ദ്ധ്യസഹായവുമായി സഹകരിക്കുന്നുമുണ്ട്.

വനിതാശാക്തീകരണത്തിലും പോപ്പുലര്‍ വഹിക്കുന്നത് മികച്ച പങ്കാണ്. തൃശൂരില്‍ ആരംഭിച്ച വുമൺ എംപവര്‍മെന്റ് പദ്ധതിയിലൂടെ 500-600 വനിതകളെ സാമ്പത്തിക സഹായത്തോടെ സ്വയംസംരംഭകരാക്കി മാറ്റി. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് സഹായവും കമ്പനി നല്‍കുന്നു. കൂടാതെ ഡ്രൈവര്‍മാര്‍, മെക്കാനിക്കല്‍ വിഭാഗം തൊഴിലാളികള്‍ എന്നിവരുടെ മക്കള്‍ക്കും പഠനസഹായം നല്‍കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com