മണിമലയില്‍ കൊക്കോ കമ്പനി വരുന്നു, കേരളത്തില്‍ ആദ്യം, കര്‍ഷകര്‍ക്ക് താങ്ങാവുമോ?

ആഗോളതലത്തിൽ കൊക്കോയ്ക്ക് വലിയ ഡിമാൻഡ്
cocoa
Image Courtesy: Canva
Published on

മികച്ച നിലവാരമുള്ള കൊക്കോ ബീൻസിന്റെ സംഭരണവും ഉൽപാദനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ ആദ്യമായി കൊക്കോ മാത്രം അടിസ്ഥാനമാക്കിയുള്ള കമ്പനി രൂപീകരിക്കുന്നു. ഗുണനിലവാരമുളള കൊക്കോ ഉല്‍പ്പാദിപ്പിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നത് കൂടാതെ കയറ്റുമതി എളുപ്പമാക്കാനും പുതിയ കമ്പനി സഹായിക്കും.

കോട്ടയത്ത് മണിമലയിലാണ് ബ്രൗൺ ഗോൾഡ് കൊക്കോ പ്രൊഡ്യൂസർ കമ്പനി (BGCPC) എന്ന പേരില്‍ സംരംഭം തുടങ്ങുന്നത്. കെ.ജെ വർഗീസാണ് സംരംഭത്തിന്റെ ചെയർമാൻ. കായംകുളത്തെ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണ സംരംഭത്തിനുണ്ടാകും. നബാർഡിന്റെ ധനസഹായവും ലഭിക്കും. സഹകരണ സംഘമായി തുടങ്ങിയ സംരംഭമാണ് കമ്പനിയായി മാറിയത്. 50 വർഷത്തിലേറെയായി കൊക്കോ കൃഷിക്ക് പേരുകേട്ടതാണ് മണിമല പ്രദേശം.

വലിയ ഡിമാൻഡ്

ആഗോളതലത്തിൽ കൊക്കോയ്ക്ക് വലിയ ഡിമാൻഡാണ് ഇപ്പോഴുളളത്. കൊക്കോ കൃഷി ചെയ്യുന്നതിനായി സംസ്ഥാനത്തിനകത്തും പുറത്തും പാട്ടത്തിന് ഭൂമി എടുക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് മേഘാലയയിലെ ചില പ്രദേശങ്ങളാണ് പരിഗണിക്കുന്നത്. കർഷകർക്ക് കമ്പനിയിൽ ഓഹരികൾ നല്‍കും. ആദ്യ വർഷം 150 കർഷകരെ ചേർക്കാനും അഞ്ച് വർഷത്തിനുള്ളിൽ ഇത് 750 ആയി വികസിപ്പിക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. കർഷകർക്ക് സർക്കാർ സബ്‌സിഡിയും ലഭിക്കും.

കയറ്റുമതി അവസരങ്ങൾ പ്രയോജനപ്പെടുത്താനാകുമെന്നും കർഷകരെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനാകുമെന്നും കർഷകരുടെ വരുമാനം മെച്ചപ്പെടുത്താനാകുമെന്നുമാണ് കമ്പനി വിലയിരുത്തുന്നത്.

ഇറക്കുമതിയില്‍ കുറവ്

അതേസമയം, ആഫ്രിക്കയില്‍ നിന്ന് കോക്കോ ഇറക്കുമതിയില്‍ വലിയ കുറവ് വന്നതോടെ തെക്കേ ഇന്ത്യയില്‍ കൃഷി വ്യാപിപ്പിക്കാനുളള ശ്രമങ്ങളിലാണ് കാഡ്ബറി ചോക്ലേറ്റിന്റെ നിര്‍മ്മാതാക്കളായ മൊണ്ടെലസ് ഇന്റർനാഷണൽ. കൂടാതെ നെസ്‌ലെയും നിരവധി ആഭ്യന്തര ചോക്ലേറ്റ് കമ്പനികളും കൊക്കോ വാങ്ങുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

കൊക്കോയ്ക്ക് മാത്രമായി ഒരു കമ്പനി വരുന്നതും ആഭ്യന്തര ചോക്ലേറ്റ് കമ്പനികളില്‍ ആവശ്യം വര്‍ധിക്കുന്നതുമായ പുതിയ സാഹചര്യങ്ങള്‍ കേരളത്തില്‍ നാട്ടിന്‍ പുറങ്ങളില്‍ ഒരിടയ്ക്ക് സജീവമായിരുന്ന കൊക്കോ കൃഷി കൂടുതല്‍ വ്യാപകമാക്കുന്നതിനും മികച്ച വരുമാന മാര്‍ഗമെന്ന നിലയില്‍ പരിഗണിക്കുന്നതിനും കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com