
ഓട്ടിസം കുട്ടികൾക്ക് മിനു ഏലിയാസ് കൂട്ടുകാരിയും അമ്മയും ടീച്ചറും ഒക്കെയാണെങ്കിൽ ആ കുട്ടികളുടെ മാതാപിതാക്കൾക്ക് ഒരേസമയം സുഹൃത്തും വഴികാട്ടിയും കേൾവിക്കാരിയുമൊക്കെയാണ്. കഴിഞ്ഞ ആറര വർഷമായി മിനു ഏലിയാസിൻ്റെ ലോകം ഓട്ടിസം കുട്ടികൾക്കൊപ്പമാണ്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മിനുവിന്റെ കഥകേള്‍ക്കാം
2018 ഒക്ടോബർ 19ന് സുഹൃത്ത് ജലീഷ് പീറ്ററിനൊപ്പമാണ് കോട്ടയം ജില്ലയിലെ കോതനല്ലൂരിലെ ലിസ കാമ്പസിൽ ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം (ലിസ) സ്ഥാപിക്കുന്നത്.
"സൗഹൃദത്തിൽ വഴിതെറ്റി ഓട്ടിസം മേഖലയിൽ വന്നതാണ് ഞാൻ. എന്തെങ്കിലുമൊക്കെ സമൂഹത്തിന് ചെയ്യണം. തെരഞ്ഞെടുക്കുന്ന മേഖലയിൽ കയ്യൊപ്പ് രേഖപ്പെടുത്തണം. നൂറ് ശതമാനം ആത്മാർത്ഥതയോടെ ആ മേഖലയിൽ പ്രവർത്തിക്കണം, ഇത് മാത്രമേ തുടക്കത്തിൽ എൻ്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. പക്ഷെ, പിന്നീട് ഞാൻ ഓട്ടിസം മേഖലയിൽ പൂർണ്ണമായും മനസ്സർപ്പിക്കുകയായിരുന്നു", മിനു പറഞ്ഞു.
ലോകത്തിലെ പ്രഥമ ഓട്ടിസം സ്കൂളാണിതെന്ന് മിനു പറയുന്നു. അതുപോലെ തന്നെ ഓട്ടിസം കുട്ടികൾക്ക് മാത്രമായുള്ള ലോകത്തിലെ ആദ്യത്തെ ബോർഡിംഗ് സ്കൂളുമാണിത്. ഇവിടെ എല്ലാ തെറാപ്പികളും സി ബി എസ് ഇ സിലബസിൽ വിദ്യാഭ്യാസവും സംരംക്ഷണവും നൽകുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഡേ സ്കൂളും ബോർഡിംഗ് സ്കൂളും ഒരു കാമ്പസിൽ പ്രവർത്തിക്കുന്നു. 2023 ഏപ്രിലിലാണ് ബോർഡിംഗ് സ്കൂൾ ആരംഭിക്കുന്നത്.
കഴിഞ്ഞ ആറര വർഷത്തിനിടയിൽ ഓട്ടിസം ബാധിതരായ 18 കുട്ടികളെ നോർമൽ ലൈഫിലേയ്ക്ക് മാറ്റാനായതാണ് മനസ്സിന് സന്തോഷം നൽകുന്ന കാര്യമെന്ന് മിനു പറയുന്നു. "ഇവിടെ രണ്ടര മുതൽ 15 വയസ് വരെയുള്ള ഓട്ടിസം കുട്ടികളുണ്ട്. അവർ ഓരോരുത്തരും ഓരോ പ്രത്യേകമായ അവസ്ഥകളിലൂടെ കടന്ന് പോകുന്നവരാണ്. ശാസ്ത്രീയവും പ്രായോഗികവുമായി ഒരു മാസത്തെ സമയമെടുത്ത് നടത്തുന്ന അസസ്മെൻ്റുകളിലൂടെ തുടങ്ങുന്ന ഞങ്ങളുടെ ശ്രമങ്ങൾ മാതാപിതാക്കളിൽ പുഞ്ചിരി വിടർത്തുന്നതാണ് ലിസയുടെ നിറവ്. തൻ്റെ കുട്ടിക്ക് ഓട്ടിസമാണെന്ന് അറിഞ്ഞാൽ അതിനെ അംഗീകരിക്കുകയാണ് മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത്. ഓട്ടിസം ഒരു രോഗമല്ലാത്തതിനാൽ കുട്ടികൾക്ക് ഒരിയ്ക്കലും മരുന്ന് നൽകരുത്. പകരം ഫലപ്രദമായി വേണ്ട തെറാപ്പികൾ യഥാവിധി നൽകുകയും മൊബൈൽ ഫോൺ, ടെലിവിഷൻ എന്നിവയുടെ ഉപയോഗങ്ങൾ പൂർണമായും നിയന്ത്രിക്കുകയും ചെയ്യണം. ഭക്ഷണത്തിലും ക്രമീകരണങ്ങൾ ആവശ്യമാണ്.", മിനു ഏലിയാസ് പറഞ്ഞു.
"ഓട്ടിസം കുട്ടികൾക്ക് പ്രത്യേകമായി ഒരു പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിൽ ലിസയുടെ സ്ഥാപകരിലൊരാളും സ്കൂൾ ചെയർമാനും കരിയർ ഗൈഡൻസ് വിദഗ്ധനുമായ ജലീഷ് പീറ്ററിൻ്റെ ശ്രമങ്ങൾ വളരെ വലുതാണ്. വിവിധ തെറാപ്പികളും സി ബി എസ് ഇ നിലബസിലുള്ള പഠനവും കെയറിംഗും ചേർത്തുള്ള ഒരു ത്രീ ടയർ സിസ്റ്റമാണ് ഈ പാഠ്യപദ്ധതി. പ്രായോഗികതയിലൂടെ രൂപപ്പെടുത്തിയെടുത്തതിനാൽ ലിസ മോഡലിന് ഓട്ടിസം കുട്ടികളിൽ ഏറെ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കുന്നു.
ഓട്ടിസം മേഖലയിൽ മിനു ഏലിയാസിൻ്റെ പ്രധാന സംഭാവനയാണ് ഓട്ടിസം കുട്ടികൾക്ക് മാത്രമായി ഡയറ്റീഷ്യന്മാരുടെയും ഡോക്ടർമാരുടെയും സഹായത്തോടെ ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കിയത്. മിനു ഒരു ഡയറ്റീഷ്യനല്ല. പക്ഷെ, ലിസയിലെ കുട്ടികളെ ഓരോരുത്തരെയും പഠിച്ച്, അവരെ അറിഞ്ഞ് മിനു സ്വയം പഠിച്ചും അറിഞ്ഞും ഡയറ്റീഷ്യന്മാരുടെയും ഡോക്ടർമാരുടെയും സഹായത്തോടെയും തയ്യാറാക്കിയതാണ് ഈ ഡയറ്റ് പ്ലാൻ.
ഓട്ടിസം കുട്ടികളുടെ ഉന്നമനത്തിനും മാതാപിതാക്കൾക്ക് സൗജന്യ ഗൈഡൻസ് നൽകുന്നതിനുമായി ലിസ ആവിഷ്കരിച്ച തണൽ പദ്ധതിയുടെ ചുമതലയും മിനുവിനാണ്. "എത്ര സമയം വേണമെങ്കിലും ക്ഷമയോടെ ഓട്ടിസം കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചിരിക്കുവാനും അവർക്ക് ഗൈഡൻസ് നൽകാനും എനിക്ക് ഇഷ്ടമാണ്. അവരെ കേൾക്കുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. തങ്ങളുടെ കുട്ടിക്ക് ഓട്ടിസമാണെന്നറിഞ്ഞ് വർദ്ധിച്ച ആധിയോടെയും ദുഃഖത്തോടെയുമെത്തുന്നവരെ ആദ്യം ഞാൻ കേൾക്കും, പിന്നീട് എനിക്ക് അറിയാവുന്ന വിധത്തിൽ അവരെ സഹായിക്കുവാൻ ശ്രമിക്കും", മിനു പറഞ്ഞു.
ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലെത്തിച്ച് അവരെ സ്വയംപര്യാപ്തരാക്കണമെന്നതാണ് മിനുവിൻ്റെ ലക്ഷ്യം. ഇതിനായി വിവിധ പദ്ധതികളുടെ പണിപ്പുരയിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine