

കേരളത്തില്‍ നിന്നുള്ള പ്രമുഖ നിക്ഷേപകനും പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്ത് കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ഒരു മിഡ് ക്യാപ് ഓഹരിയില്‍ കൂടി പുതുതായി നിക്ഷേപം നടത്തി. സുന്ദരം ബ്രേക്ക് ലൈനിംഗ് ലിമിറ്റഡ് എന്ന കമ്പനിയുടെ 40,000 ഓഹരികളാണ് മൂന്നാം പാദത്തില്‍ സ്വന്തമാക്കിയത്. കമ്പനിയുടെ 1.02 ശതമാനം ഓഹരി വരുമിത്. നിലവിൽ 4.5 കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം. പൊറിഞ്ചു വെളിയത്തിന്റെ കമ്പനിയായ ഇക്വിറ്റി ഇന്റലിജന്‍സാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
എത്ര രൂപ നിലവാരത്തിലാണ് ഓഹരി സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ഇന്ന് ബി.എസ്.ഇയില്‍ 1,102.35 രൂപയാണ് ഓഹരിയുടെ വില. അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ടിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. പ്രമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 65.54 ശതമാനം ഓഹരികളുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഓഹരി 75.65 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ നോക്കിയാല്‍ 14 ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ ഓഹരി വില പ്രകാരം 439.98 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ഡിസംബര്‍ 31ന് രേഖപ്പെടുത്തിയ 1,443.55 രൂപയാണ് ഓഹരിയുടെ ഒരു വര്‍ഷക്കാലത്തെ ഉയര്‍ന്ന വില. 2024 ജനുവരിയിലെ 605.50 രൂപയില്‍ നിന്നാണ് ഓഹരിയുടെ ഉയര്‍ച്ച.
ഓട്ടോമോട്ടീവ്, നോണ്‍ ഓട്ടോമോട്ടീവ്, റെയില്‍വെയ്‌സ്, ഇന്‍ഡസ്ട്രീസ് എന്നിവയ്ക്കാവശ്യമുള്ള ഫ്രിക്ഷന്‍ മെറ്റീരിയല്‍സ് നിര്‍മിക്കുന്ന കമ്പനിയാണ് സുന്ദരം ബ്രേക്ക് ലൈനിംഗ്‌സ്. വാണിജ്യ വാഹനങ്ങള്‍, പാസഞ്ചര്‍ കാറുകള്‍, ട്രാക്ടറുകള്‍, ഇരുചക്ര വാഹനങ്ങള്‍, റെയില്‍വെയ്‌സ് എന്നിവയിലെല്ലാം കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
മൂന്നാം പാദത്തില്‍ ഓറം പ്രോപ്‌ടെക് എന്ന ഒറ്റ ഓഹരിയില്‍ മാത്രമാണ് പൊറിഞ്ചു വെളിയത്ത് നിക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്. സെപ്റ്റംബറിലെ 5.4 ശതമാനത്തില്‍ നിന്ന് 0.5 ശതമാനം ഉയര്‍ത്തി 5.9 ശതമാനമാക്കി. ഇക്വിറ്റി ഇന്റലിജന്‍സിന്റെ പേരിലാണ് കമ്പനിയുടെ 3.8 ശതമാനം ഓഹരികള്‍. ബാക്കി 2.1 ശതമാനം ഓഹരികള്‍ പൊറിഞ്ചു വെളിയത്തിന്റെ പേരിലും. 2021 ലാണ് ആദ്യമായി പൊറിഞ്ചു വെളിയത്ത് ഈ ഓഹരിയില്‍ നിക്ഷേപിച്ചത്. പിന്നീട് നിക്ഷേപം സ്ഥിരമായി തുടര്‍ന്നു പോകുന്നുണ്ട്. മൊത്തം 99.8 കോടി രൂപയുടെ ഓഹരികളാണ് പൊറിഞ്ചു വെളിയത്തിന്റെ കൈവശമുള്ളത്.
ഇന്ന് രണ്ടര ശതമാനത്തിനടുത്ത് ഉയര്‍ന്നാണ് ഓഹരി വ്യാപാരം നടത്തുന്നത്. നിലവില്‍ വില 233 രൂപയാണ് വില. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 46.73 ശതമാനവും ആറ് മാസക്കാലയളവില്‍ 55 ശതമാനവും നേട്ടം ഓഹരി നല്‍കിയിട്ടുണ്ട്.
നാല് ഓഹരികളില്‍ മൂന്നാം പാദത്തില്‍ നിക്ഷേപം കുറിച്ചിട്ടുമുണ്ട് പൊറിഞ്ചു വെളിയത്ത്. അന്‍സാല്‍ ബില്‍ഡ്‌വെല്‍, ഏയോണ്‍എക്‌സ് ഡിജിറ്റല്‍ എന്നീ രണ്ടു സ്മാൾ ക്യാപ് ഓഹരികളിൽ 0.4 ശതമാനം വീതം നിക്ഷേപം കുറച്ചു. അന്‍സാല്‍ ബില്‍ഡ്‌വെല്ലില്‍ സെപ്റ്റംബര്‍ പാദത്തില്‍ 3.1 ശതമാനം ഓഹരിയുണ്ടായിരുന്നു. ഇത് 2.7 ശതമാനമാക്കി കുറച്ചു. ഏയോണ്‍എക്‌സ് ഡിജിറ്റലില്‍ മൂന്ന് ശതമാനം ഓഹരിയുണ്ടായിരുന്നത് 2.6 ശതമാനമാക്കി.
സെന്റം ഇലക്ട്രോണിക്‌സ്, അപ്പോളോ സിന്ദൂരി ഹോട്ടല്‍സ് തുടങ്ങിയ ഓഹരികളിലും പങ്കാളിത്തം കുറച്ചിട്ടുണ്ട്. ആദ്യമായാണ് ഈ ഓഹരികളിലെ ഓഹരി പങ്കാളിത്തം ഒരു ശതമാനത്തില്‍ താഴേക്ക് പോകുന്നത്. സെപ്റ്റംബര്‍ പാദത്തിലാണ് അപ്പോളോ സിന്ദൂരി ഓഹരികളെ ആദ്യമായി പോര്‍ട്ട്‌ഫോളിയോയിലേക്ക് കൂട്ടിച്ചേര്‍ത്തത്.
കൊകുയോ കാംലിന്‍, ഓറിയന്റ് ബെല്‍, കായ, ഡ്യൂറോപ്ലേ, കേരള ആയുര്‍വേദ, താല്‍ എന്റര്‍പ്രൈസസ്, ആര്‍.പി.എസ്.ജി വെഞ്ച്വേഴ്‌സ്, മാക്‌സ് തുടങ്ങിയ ഓഹരികളിലും പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുണ്ട്. 12 ഓളം ഓഹരികളിലായി മൊത്തം 262 കോടി രൂപയാണ് പൊറിഞ്ചുവെളിയത്തിന്റെ നിക്ഷേപമെന്ന് ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ സൂചിപ്പിക്കുന്നു.
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഫയല്‍ ചെയ്തിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ വിവരങ്ങള്‍. ഓരോ പാദത്തിലും കമ്പനികള്‍ ഓഹരി പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കാറുണ്ട്. ഒരു ശതമാനത്തിനു മുകളില്‍ നിക്ഷേപമുള്ള ഓഹരിയുടമകളുടെ പേരുകള്‍ മാത്രമാണ് ഇതില്‍ വെളിപ്പെടുത്താറുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine