Begin typing your search above and press return to search.
അദാനി ഗ്രൂപ്പ് കളമശേരിയില്‍, 500 കോടിക്ക് ലോജിസ്റ്റിക് പാര്‍ക്ക്; വിഴിഞ്ഞം രണ്ടാംഘട്ടത്തില്‍ മുടക്കുന്നത് 10,000 കോടി
ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വെയര്‍ഹൗസുകള്‍ തുറക്കും
അദാനി ഗ്രൂപ്പ് കേരളത്തില്‍ 500 കോടി രൂപ മുതല്‍ മുടക്കില്‍ ആധുനിക ലോജിസ്റ്റിക് പാര്‍ക്ക് തുടങ്ങുന്നു. കൊച്ചി കളമശേരിയില്‍ 70 ഏക്കറിലാണ് പാര്‍ക്ക് സജ്ജമാക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് ധനം ഓണ്‍ലൈനിനോട് പറഞ്ഞു. ഇതിനായി വ്യാവസായിക ഭൂമി ഏറ്റെടുത്തു. അദാനി ഗ്രൂപ്പിന് വിട്ടുനല്‍കുന്ന വ്യാവസായിക ഭൂമിയില്‍ നിര്‍മിക്കുന്ന ലോജിസ്റ്റിക്‌സ് പാര്‍ക്ക് നൂറുകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫിള്പ്കാര്‍ട്ട് അടക്കം വിവിധ സ്വകാര്യ കമ്പനികള്‍ ഇവിടെ വെയര്‍ഹൗസ് തുറക്കാന്‍ പദ്ധതിയിടുന്നതായും മന്ത്രി വ്യക്തമാക്കി. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ അഞ്ചര ലക്ഷം സ്ക്വയർ ഫീറ്റ് വരുന്ന വെയർഹൗസ് വരുന്ന ഡിസംബറോടെ സജ്ജമാകുമെന്നാണ് സൂചന.
വിഴിഞ്ഞത്ത് അദാനിയുടെ 10,000 കോടിയുടെ നിക്ഷേപം
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപ നിക്ഷേപിക്കാനും അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു. സര്‍ക്കാരും അദാനി ഗ്രൂപ്പും ചേര്‍ന്ന് പൊതു സ്വകാര്യ പങ്കാളിത്ത മോഡലില്‍ (പി.പി.പി) 2015 മുതല്‍ 79,00 കോടി രൂപ നിക്ഷേപം നടത്തിയിരുന്നു. രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ പണവും നിക്ഷേപിക്കുന്നത് അദാനി ഗ്രൂപ്പാണ്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി 2,000 കോടി രൂപയും അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധ മേഖലകളില്‍ അദാനി ഗ്രൂപ്പിന് നിക്ഷേപ താത്പര്യം കാണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതു വരെ സ്വകാര്യ കമ്പനികള്‍ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും നിരവധി അനുബന്ധ തൊഴിലവസരങ്ങളും കേരളത്തില്‍ സൃഷ്ടിക്കപ്പെടാന്‍ ഇത് വഴി സാധിക്കും.
അടിസ്ഥാന സൗകര്യത്തിലെ മികവ്
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, രണ്ട് പ്രധാന തുറമുഖങ്ങള്‍, 17 ചെറു തുറമുഖങ്ങള്‍, മികച്ച റോഡ് സൗകര്യങ്ങള്‍, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയെല്ലാം ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് മികച്ച കണക്ടിവിറ്റി ഉറപ്പു നല്‍കുന്നുണ്ട്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിവിധ മേഖലകളില്‍ കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കാനും നിക്ഷേപ സൗഹൃദ അന്തരീക്ഷമൊരുക്കാനും സംസ്ഥാനം ശ്രമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ നിരവധി ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കും. ഇതുവഴി ഗണ്യമായ നിക്ഷേപവും തൊഴിലവസരങ്ങളും ഉണ്ടാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
Next Story
Videos