
മലയാളികളുടെ നേതൃത്വത്തിലുള്ള ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ കിരാനാപ്രോയില്‍ നിക്ഷേപവുമായി പ്രമുഖ ടെന്നീസ് താരം പി.വി സിന്ധുവും ഷോപ്പേഴ്‌സ് സ്റ്റോപ്പ് ലിമിറ്റഡിന്റെ ചെയര്‍മാനും ചില്ലറവ്യാപാര മേഖലയിലെ പ്രമുഖനുമായ ബി എസ് നാഗേഷും. കിരാനപ്രോയുടെ സീഡ് റൗണ്ടിലാണ് നാഗേഷും സിന്ധുവും നിക്ഷേപം നടത്തിയത്. നിക്ഷേപ തുക വെളിപ്പെടുത്തിയിട്ടില്ല.
കമ്പനിയുടെ ഉപദേശകറോളിലേക്ക് നാഗേഷിനെയും അംബാസഡറായി പി.വി സിന്ധുവിനെയും നിയോഗിച്ചു. ഐപിഎല്‍ 2025-ല്‍ കിരാനപ്രോക്ക് വേണ്ടിയുള്ള പ്രചാരണങ്ങളില്‍ സിന്ധു പങ്കെടുക്കും. കിരാനപ്രോയുടെ മുഖം എന്നതിനപ്പുറത്തേക്ക് കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും പിവി സിന്ധു പങ്കാളിയാകും.
ഇന്ത്യയിലെ ആധുനിക ചില്ലറ വ്യാപാര മേഖലയിലെ കരുത്തനായ നാഗേഷ് ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ഹൈപ്പര്‍ സിറ്റി, ക്രോസ്വേര്‍ഡ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ്. രാജ്യത്തെ കിരാന സ്റ്റോറുകളെ ശക്തിപ്പെടുത്താനുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ നാഴികക്കല്ലായി മാറുകയാണ് കിരാനപ്രോയിലേക്കുള്ള അദ്ദേഹത്തിന്റെ ഉപദേശകന്‍ എന്ന നിലയിലുള്ള കടന്നു വരവെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ഒഎന്‍ഡിസി ഏകോപിതവും എ.ഐ-പവേര്‍ഡ് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമാണ് തൃശൂര്‍ സ്വദേശിയായ ദീപക് രവീന്ദ്രനും ദീപാങ്കര്‍ സര്‍ക്കാരും നേതൃത്വം നല്‍കുന്ന കിരാനപ്രോ. അത്യാധുനിക സാങ്കേതികവിദ്യയും എഐ-അധിഷ്ഠിത ഡിജിറ്റല്‍ സൗകര്യങ്ങളും ഉപയോഗിച്ച് പലചരക്ക് സ്റ്റോറുകളെ ശാക്തീകരിച്ചുകൊണ്ട് ഇന്ത്യയുടെ റീട്ടെയില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ബംഗളൂരു, ഡല്‍ഹി എന്‍സിആര്‍, കേരളം എന്നിവിടങ്ങള്‍ കൂടാതെ അടുത്തിടെ ഹൈദരാബാദിലും കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. കിരാനപ്രോ ഇപ്പോള്‍ 30,000-ത്തിലധികം സ്റ്റോറുകളില്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. അടുത്തിടെ ജോപ്പര്‍ എന്ന ആപ്പ് ഏറ്റെടുത്തിരുന്നു. ഉപയോക്താക്കള്‍ക്കും കമ്പനിയെ പിന്തുണയ്ക്കുന്നവര്‍ക്കും ഭാവിയില്‍ നിക്ഷേപ സൗകര്യമൊരുക്കാനായി ഒരു കമ്മ്യൂണിറ്റി റൗണ്ടും കിരാനപ്രോ ആരംഭിക്കുന്നുണ്ട്. 2025 അവസാനത്തോടെ 10 ലക്ഷം കിരാന സ്റ്റോറുകളെ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine