

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നത് കേവലമൊരു സാങ്കേതിക പരീക്ഷണമല്ല, മറിച്ച് ഈ ദശകത്തിൽ ബിസിനസ് ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രവർത്തനരീതിപരമായ (Operational) മാറ്റമാണെന്ന്, ഡീപ്‌കോറെക്സ് (DeepCorex) സ്ഥാപകനും സി.ഇ.ഒയുമായ ഡോ. അങ്കുർ നാരംഗ്. കേവലം ഉൽപ്പാദനക്ഷമത കൂട്ടാനുള്ള ഒരു ഉപാധി എന്നതിനപ്പുറം, എഐ ഇന്ന് സ്വതന്ത്രമായി ബിസിനസ്സ് നിയന്ത്രിക്കുന്ന 'ഓട്ടോണമസ് ഓപ്പറേറ്റർ' ആയി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന 'ധനം ബിസിനസ് സമ്മിറ്റ് & അവാർഡ് നൈറ്റ് 2026'-ന്റെ ഭാഗമായി സംഘടിപ്പിച്ച 'എഐ ഉപയോഗപ്പെടുത്തി നിങ്ങളുടെ സംരംഭം വളർത്തുക' എന്ന മാസ്റ്റർക്ലാസിൽ സംസാരിക്കുകയായിരുന്നു അങ്കുർ നാരംഗ്.
കഴിഞ്ഞ കുറച്ചുകാലമായി ഇ-മെയിലുകൾ തരംതിരിക്കാനോ തട്ടിപ്പുകൾ കണ്ടെത്താനോ ഉള്ള ചെറിയ ജോലികൾ മാത്രമാണ് എ.ഐ ചെയ്തിരുന്നത്. എന്നാൽ 2024 പകുതിയോടെ 'ഏജന്റിക് എ.ഐ' കടന്നുവന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇവ കേവലം ചോദ്യങ്ങൾക്ക് മറുപടി നൽകുക മാത്രമല്ല, ബിസിനസ് സാഹചര്യങ്ങൾ സ്വയം മനസ്സിലാക്കി, സങ്കീർണ്ണമായ പ്രശ്നങ്ങളിൽ തീരുമാനമെടുത്ത്, മനുഷ്യരെപ്പോലെ സ്വതന്ത്രമായി കൃത്യമായ ആക്ഷനുകൾ (Autonomous actions) നടപ്പിലാക്കുകയും ചെയ്യുന്നു.
ഒരു ചാറ്റ്ബോട്ട് വായ്പാ വിവരങ്ങൾ നൽകാൻ മാത്രം പ്രോഗ്രാം ചെയ്യപ്പെട്ടതാണെങ്കിൽ, ഒരു എ.ഐ ഏജന്റിന് ഉപഭോക്താവിന്റെ ക്രെഡിറ്റ് വിവരങ്ങളും വിപണി നിരക്കുകളും സ്വയം വിശകലനം ചെയ്ത് വ്യക്തിഗത ലോൺ ശുപാർശകൾ വേഗത്തിൽ നൽകാനാകും. ഇത് 5 മുതൽ 10 വരെ വ്യത്യസ്ത സോഫ്റ്റ്‌വെയറുകൾ ചെയ്യേണ്ട ജോലികൾ ഒറ്റ വർക്ക്ഫ്ലോയിലേക്ക് ചുരുക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ബിസിനസ് രംഗത്ത് വരുത്താവുന്ന വലിയ മാറ്റങ്ങൾ അങ്കുർ നാരംഗ് ചൂണ്ടിക്കാണിച്ചു. പ്രധാനപ്പെട്ട വിവരണങ്ങൾ താഴെ ചേർക്കുന്നു.
എച്ച്.ആർ: ഹ്യൂമൻ റിസോഴ്‌സ് ടീം രണ്ട് മാസം കൊണ്ട് ചെയ്യുന്ന 500 അപേക്ഷകളിൽ നിന്നുള്ള ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കൽ, ഒരു എ.ഐ ഏജന്റ് വെറും 3 മുതൽ 5 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
സെയിൽസ്: ലീഡുകൾ കണ്ടെത്തുന്നത് മുതൽ കസ്റ്റമർ ഫോളോ-അപ്പ് വരെ വിവിധ എ.ഐ ഏജന്റുകൾ ഒന്നിച്ച് സ്വയം നിയന്ത്രിക്കുന്നതിലൂടെ ഉപഭോക്തൃ ഏറ്റെടുക്കൽ ചെലവ് (CAC) കുറയുന്നു.
കോഡിംഗ് (Engineering): ആന്ത്രോപിക്കിന്റെ 'ക്ലോഡ് കോഡ്' (Claude Code) പോലെയുള്ള കോഡിംഗ് ഏജന്റുകൾക്ക് പഴയ കോഡുകളെ വേഗത്തിലും കുറഞ്ഞ ചെലവിലും ആധുനികീകരിക്കാൻ സാധിക്കും.
എ.ഐ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന ബിസിനസ്സ് ലീഡർമാർക്കായി ഒരു പ്രവർത്തന ചട്ടക്കൂട് അങ്കുർ നാരംഗ് നിർദ്ദേശിച്ചു: അതിന്റെ വിശദാംശം ചുവടെ ചേർക്കുന്നു.
ആദ്യം പരിഗണിക്കേണ്ടവ (ഉയർന്ന മൂല്യം, കുറഞ്ഞ സങ്കീർണ്ണത): കസ്റ്റമർ സപ്പോർട്ട് ഓട്ടോമേഷൻ, സെയിൽസ് ഔട്ട്‍റീച്ച്, ഫിനാൻഷ്യൽ തട്ടിപ്പുകൾ കണ്ടെത്തൽ.
രണ്ടാം ഘട്ടം (ഉയർന്ന മൂല്യം, ഉയർന്ന സങ്കീർണ്ണത): കോർ സിസ്റ്റം ആധുനികീകരണം. ഇതിന് കൃത്യമായി ചിട്ടപ്പെടുത്തിയ ഡാറ്റയും സാംസ്കാരികമായ മാറ്റവും ആവശ്യമാണ്.
വിജയരഹസ്യം ടെക്നോളജിയല്ല, വർക്ക് കൾച്ചറാണ്: ഏറ്റവും ചെലവേറിയ ഇൻഫ്രാസ്ട്രക്ചർ വാങ്ങുന്നവരല്ല എ.ഐ യുഗത്തിൽ വിജയിക്കുക; മറിച്ച് എ.ഐ ഏജന്റുകൾക്ക് അനുയോജ്യമായ രീതിയിൽ ബിസിനസ് പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നവരും മനുഷ്യരുടെ മേൽനോട്ടം (Human oversight) ഉറപ്പാക്കുന്നവരുമായിരിക്കും.
കേരളത്തിലെ ടൂറിസം, കൃഷി, ലോജിസ്റ്റിക്സ്, ധനകാര്യ മേഖലകളിലെ സംരംഭകർക്കും കുടുംബ ബിസിനസുകൾക്കും മുന്നിലുള്ള വലിയ അവസരമാണിത്. വൈകുംതോറും മത്സരക്ഷമതയിൽ പിന്നിലായിപ്പോകുമെന്നതിനാൽ വേഗത്തിലും അച്ചടക്കത്തോടെയും എ.ഐ സ്വീകരിക്കാൻ ബിസിനസുകൾ തയ്യാറാകണമെന്ന് അങ്കുർ നാരംഗ് ഓർമ്മിപ്പിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine