വീണ്ടും പകല്‍കൊള്ളയുമായി വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടിയലധികം വര്‍ധന

ഉത്സവ സീസണില്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് ടിക്കറ്റെടുക്കുന്ന യാത്രാക്കാരെ പിഴിയുന്ന പതിവ് തുടര്‍ന്ന് വിമാനക്കമ്പനികള്‍. ക്രിസ്മസ്, പുതുവത്സര കാലത്ത് നാട്ടിലേക്ക് വരണമെങ്കില്‍ ടിക്കറ്റിന് പൊന്നും വില കൊടുക്കേണ്ടി വരും. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വര്‍ധനയാണ് ടിക്കറ്റ് നിരക്കില്‍ വരുത്തിയിരിക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ അബുദബിയില്‍ നിന്ന് കൊച്ചിയിലേക്ക് ഒക്ടോബര്‍ 23ന് 19,244 രൂപയാണ് നിരക്കെങ്കില്‍ ഡിസംബര്‍ 15ന് 63,168 രൂപ നല്‍കണം. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കാണെങ്കില്‍ 16,075 രൂപയില്‍ നിന്ന് 54,791 രൂപയായാണ് ടിക്കറ്റ് ഉയര്‍ന്നിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ നിന്നുള്ള നിരക്കുകള്‍ വെളിപ്പെടുത്തുന്നു. ബുക്കിംഗ് സൈറ്റുകള്‍ക്കും ഏജന്റുമാര്‍ക്കുമനുസരിച്ച് നിരക്കില്‍ വീണ്ടും വ്യത്യാസം വരുന്നുണ്ട്. അത് മാത്രമല്ല തിരക്ക് കൂടുന്നതിനനുസരിച്ചും നിരക്ക് ഉയരും. ഇങ്ങനെ നോക്കുമ്പോള്‍ ഒരു കുടുംബത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തണമെങ്കില്‍ ലക്ഷങ്ങള്‍ ടിക്കറ്റിനായി ചെലവാക്കേണ്ട അവസ്ഥയാണ്.
പതിവ് പരാതികൾ
ഉത്സവകാലം ലക്ഷ്യമിട്ട് വിമാനയാത്രാക്കൂലി വര്‍ധിപ്പിക്കുന്നത് സ്ഥിരമാക്കിയിരിക്കുകയാണ് വിമാനക്കമ്പനികളെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഓണക്കാലത്ത് നാട്ടില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് തിരിച്ചുപോകാന്‍ അമിത ചാര്‍ജ് നല്‍കേണ്ടി വന്നതിനെതിരെ പലരും പരാതി ഉന്നയിച്ചിരുന്നു. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ വ്യോമയാന നിയമപ്രകാരം നിരക്ക് തീരുമാനിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം വിമാനയാത്രാ നിരക്ക് സീസണ്‍ നോക്കി കൂട്ടുന്നതിനെതിരെയുള്ള കേസ് കോടതി ഇന്ന് പരിഗണിക്കുകയാണ്.

Related Articles

Next Story

Videos

Share it